Connect with us

litrature

ഹിജ്റയുടെ ദാർശനികതയും പലായനത്തിന്റെ രീതിശാസ്ത്രവും

അല്ലാഹുവിലുള്ള സുദൃഢമായ വിശ്വാസവും പ്രവാചകധാരയെ പിന്തുടരൽ സന്മാർഗമാണെന്ന തിരിച്ചറിവുമായിരുന്നു, വെറുപ്പിന്റെയും ശത്രുവൈരാഗ്യത്തിന്റയും തീചൂളയിൽ അവർക്ക് കരുത്തായത്.

Published

|

Last Updated

തിരുനബി ചരിത്രത്തിലെ നിർണായക സംഭവമാണ് ഹിജ്റ. മക്കയിൽ നിന്നും ശത്രുപീഡനത്താൽ മദീനയിലേക്കും ഹബ്ശയിലേക്കുമുള്ള പലായനമാണിത്. നബി (സ) യും തന്റെ അനുചരരും ആക്രമിക്കപ്പെടുകയും നാടുകടത്തപ്പെടാൻ നിർബന്ധിതരാവുകയും ചെയ്തു. ജീവനും ആദർശത്തിനും സുരക്ഷിതമായ ഒരിടം കണ്ടെത്താൻ വേണ്ടി പീഡിതഭൂമിയിൽ നിന്നുമുള്ള ഈ കുടിയേറ്റം ആകസ്മികമായതോ മുൻധാരണകളില്ലാതെയോ ആയിരുന്നില്ല. പ്രത്യുത അതീവ നിരീക്ഷണവും ആസൂത്രണവും നടത്തിയിട്ടാണ് നബി (സ) തങ്ങൾ ഹിജ്റക്ക് ഒരുങ്ങിയത്. ഹിജ്റയെ സംബന്ധിച്ച നിരവധി ചരിത്ര ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ടെങ്കിലും പൗരാണികവും ആധുനികവുമായ പഠന സംഹിതകളെ സംയോജിപ്പിച്ച്, ഉൾക്കനമുള്ള ഉള്ളടക്കത്തോടെയും വീക്ഷണത്തോടെയും ആവിഷ്കരിക്കുന്ന രചനയാണ് സി പി ശഫീഖ് ബുഖാരിയുടെ “തിരുനബിയുടെ പലായനം’.

സത്യസന്ധതയും ആത്മാർഥതയും അതിലുപരി തികഞ്ഞ നേതൃപാടവവും പ്രവാചകാനുയായികളുടെ ജീവിത വിശേഷണങ്ങളാണ്. ഇസ്്ലാമിന്റെ പൂർവകാല ആദർശവാഹകരായതിനാൽ സ്വഹാബത്തിന് നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവന്നു. അനവധി ആക്ഷേപങ്ങളും പരിഹാസങ്ങളും അവർ കേട്ടു. ഇസ്‌ലാം ആശ്ലേഷണം നിമിത്തം വേദനാജനകമായ പ്രഹരങ്ങളും പീഡനങ്ങളും അവർ സഹിച്ചു. ഏകനായ അല്ലാഹുവിലും റസൂലിലുമുള്ള അചഞ്ചലമായ വിശ്വാസത്തിന് മുന്നിൽ ശത്രുപക്ഷത്ത് നിന്നുമുള്ള നിഷ്‌ഠൂരമായ പീഡനങ്ങൾ വിഫലമായി. എന്ത് ത്യാഗം സഹിക്കാനും അവർ തയ്യാറായിരുന്നു. പ്രബോധനത്തിന്റെ വൈപുല്യം മക്കയിലെ മുഷ്‌രിക്കുകൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിനും മതത്തിൽ നിന്നുള്ള നിർബന്ധിത പിന്മാറ്റത്തിനും വഴിയൊരുക്കി. ശത്രുക്കൾ ഇസ്്ലാമിനെ നിഷ്കാസനം ചെയ്യാൻ സകല നശീകരണാത്മക പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. അങ്ങനെ ഹിജ്റ പോകാൻ നബി (സ)യും സ്വഹാബത്തും നിർബന്ധിതരായി.

എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ പറയുന്നതിനുപകരം നിശ്ചിതമായ അഭയ കേന്ദ്രങ്ങളിലേക്ക് പോകാനായിരുന്നു തിരുനബി(സ) സ്വഹാബത്തിനോട് നിർദേശിച്ചത്. ഒരു പ്രത്യേക സമൂഹം നിസ്സഹായരാകുമ്പോൾ അവരുടെ ശക്തിയും വിശ്വാസവും സ്വാഭാവികമായും കുറയുകയും, അവരുടെ പവിത്രമായ ബന്ധങ്ങളിലും സാമൂഹിക ഘടനയിലും വിള്ളലുകൾ രൂപപ്പെടുകയും ചെയ്യും. അത്തരം സന്ദർഭങ്ങൾ സങ്കീർണമായ അന്തരീക്ഷത്തെ സൃഷ്ടിക്കുകയും തകർച്ചയിൽ കലാശിക്കുകയും ചെയ്യും. എന്നാൽ, ഇവിടെ അടിച്ചമർത്തപ്പെട്ട ഒരു ജനത ഏകദൈവ വിശ്വാസത്തിൽ നിന്നാർജിച്ച കരുത്തും കാന്തിയും ഉപയോഗിച്ച് ഉയിർത്തെഴുന്നേൽക്കുകയാണ് ചെയ്തത്. മതത്തോട് അടുക്കുന്തോറും മതവിരോധികൾ മതസന്ദേശവാഹകരായി പരിണമിക്കുന്നു. ആസൂത്രിതമായ കൊടുംവഞ്ചനയുടെ നൂലാമാലകളിൽ നിന്നും അതിഭീകരമായ ആക്രോശങ്ങളിൽ നിന്നും സമ്പൂർണ സംരക്ഷണം ലഭിക്കുന്നു. അല്ലാഹുവിലുള്ള സുദൃഢമായ വിശ്വാസവും പ്രവാചകധാരയെ പിന്തുടരൽ സന്മാർഗമാണെന്ന തിരിച്ചറിവുമായിരുന്നു, വെറുപ്പിന്റെയും ശത്രുവൈരാഗ്യത്തിന്റയും തീചൂളയിൽ അവർക്ക് കരുത്തായത്. ഗ്രന്ഥകാരന്റെ കൂലങ്കഷമായ ചിന്തയും സസൂക്ഷ്മമായ നിരീക്ഷണവും എഴുത്തിൽ ഇടംപിടിച്ചിട്ടുണ്ടെന്നുള്ളത് ഈ പുസ്തകത്തെ വേറിട്ടുനിർത്തുന്നതാണ്. ഹിജ്റയെ കേന്ദ്രീകരിച്ചു കൊണ്ട് ഇസ്്ലാമിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ബഹുസ്വര സ്വഭാവത്തെയും അതിന്റെ മൂല്യങ്ങളെയും പുസ്തകത്തിലുടനീളം പ്രതിഫലിപ്പിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിട്ടുണ്ട്. നിർദയമായ സംഹാരത്തിന്റെ ചൂടും ചോരയും പകരുന്ന കാഴ്ചകൾക്കപ്പുറം ഇസ്്ലാമിക വ്യാപനത്തിന്റെ ദാർശനികതയും ഹിജ്റയിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. അതുപോലെ ഹിജ്റയിലെ തന്ത്രപരമായ ആസൂത്രണങ്ങൾ ആശ്ചര്യദായകമാണ്. ശത്രുക്കൾ നിരീക്ഷിച്ചുകൊണ്ടിരിക്കെ രഹസ്യമായായിരുന്നു തിരുനബി (സ)യുടെ ഹിജ്റ. ശത്രുക്കൾ വീടുവളഞ്ഞിരിക്കെ പുറത്തുകടന്ന തിരുനബി(സ) നേരെ പോയത് മദീനയിലേക്കായിരുന്നില്ല, മറിച്ച് സൗർ ഗുഹയിലേക്കായിരുന്നു. ഭൂമിശാസ്ത്രപരമായി മദീന നിലകൊള്ളുന്നത് മക്കയുടെ വടക്കുഭാഗത്താണെങ്കിൽ സൗർ ഗുഹയുടെ സ്ഥാനം തെക്കുഭാഗത്താണ്. മക്കയിൽ നിന്നും അഭയം തേടി നാടു വിടുന്നവർ മദീനയെ ലക്ഷ്യമാക്കാനാണ് കൂടുതൽ സാധ്യതയുള്ളത്. പക്ഷേ, ശത്രുപക്ഷത്തിന് ഒട്ടും പിടികൊടുക്കാതെയാണ് മദീനയുടെ എതിർദിശയിലേക്ക് തിരുനബി(സ)യും സിദ്ധീഖ് (റ) വും നടന്നുനീങ്ങിയത്. ഹിജ്റയിലെ ഓരോ ചലന നിശ്ചലനങ്ങളും തന്ത്രപൂർണമായിരുന്നു.

ഹിജ്റയുടെ വർത്തമാന പ്രസക്തിയെക്കുറിച്ചും ഗ്രന്ഥകാരൻ വിവരിക്കുന്നുണ്ട്. വിശേഷിച്ചും ആഗോള ഇസ്്ലാം വിരുദ്ധത ആയുധമാക്കി ഇസ്്ലാമോഫോബിയൻ സങ്കൽപ്പങ്ങൾ പടച്ചുവിടുന്ന ഈ ആധുനിക സാഹചര്യത്തിൽ ഹിജ്റ കേന്ദ്രീകരിച്ചുള്ള പഠനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. പലായനത്തിന്റെ മതവിധികൾ പുസ്തകം സവിസ്തരം പ്രതിപാദിക്കുന്നുമുണ്ട്.
ഹിജ്റ/പലായനം അനിവാര്യമാകുന്നതും നിഷിദ്ധമാക്കുന്നതും മുസ്്ലിംകൾ നിലകൊള്ളുന്ന രാഷ്ട്രത്തെ കുറിച്ചുള്ള ഇസ്്ലാമിക വീക്ഷണപ്രകാരമാണ്. അത്തരം വീക്ഷണങ്ങളെ നിർണയിക്കുന്നത് ദാറുൽ ഇസ്്ലാം, ദാറുൽ അംന്, ദാറുൽ ഹർബ് / കുഫർ എന്നീ മതപരമായ പരികൽപ്പനകളെ മുൻനിർത്തിയാണ്. രാഷ്ട്രത്തെ സംബന്ധിച്ച മതപരികൽപ്പനകൾ പുസ്തകത്തിൽ ബൃഹത്തായ രീതിയിൽ തന്നെ ചർച്ചാ വിഷയമായി വരുന്നുണ്ട്. പലായനത്തിൽ വെച്ച് തരുനബി (സ) പകർന്ന് നൽകിയ വൈയക്തികവും സാമൂഹികവുമായ സാരോപദേശങ്ങൾ, ധർമമൂല്യാധിഷ്ഠിത ഉടമ്പടികൾ, സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും അസുലഭമായ സന്ദർഭങ്ങൾ… എന്നിങ്ങനെ നീളുന്ന ഹിജ്റയുടെ സകലതല സ്പർശിയാണ് പ്രസ്തുത പുസ്തകം. പ്രസാധനം ഐ പി ബി ബുക്സ്. വില 100 രൂപ.

Latest