Articles
ഫോണ്‍ ചോര്‍ത്തല്‍ രാഷ്ട്രീയവും അദാനിയും
സ്വകാര്യതയില്‍ കടന്നുകയറുന്ന അധാര്‍മിക പ്രവൃത്തിയായാണ് ഫോണ്‍ ചോര്‍ത്തലും ചാരപ്പണിയും രാഷ്ട്രീയ ലോകത്ത് നിരീക്ഷിക്കപ്പെടാറുള്ളത്. പുതിയ കാലത്തെ വലതുപക്ഷ രാഷ്ട്രീയം നിര്‍ലജ്ജം ഇതിനെ പുണരുന്നത് സ്ഥിരം കാഴ്ചയായിട്ടുണ്ട്. ഡാറ്റ ചോര്‍ത്തല്‍ അസാധ്യമെന്നു വിശ്വസിക്കപ്പെടുന്ന ആപ്പിള്‍ ഐ ഫോണില്‍ ഭരണ പിന്തുണയില്‍ കടന്നു കയറുന്ന ചാരന്‍മാരെ കുറിച്ച് ആപ്പിള്‍ നല്‍കിയ മുന്നറിയിപ്പ് നിരവധി ദേശീയ നേതാക്കള്‍ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയിലെ സമ്പത്തും വാണിജ്യ, വ്യാപാര, വിഭവ വിനിമയങ്ങളും ഏതെങ്കിലും വ്യക്തികളില്‍ കേന്ദ്രീകരിക്കാതെ നോക്കാനും കുത്തകവത്കരണം ഒഴിവാക്കാനും 1969ല്‍ രാജ്യത്ത് നിയമം നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയ നേതാവായിരുന്നു ഇന്ദിരാ ഗാന്ധി. മൊണോപൊളീസ് ആന്‍ഡ് റസ്ട്രിക്ടീവ് ട്രേഡ് പ്രാക്ടീസസ് നിയമം എം ആര്‍ ടി പി ആക്ട് എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടത്. ഇന്ദിരാ പ്രിയദര്‍ശിനിയുടെ 39ാമത് ചരമ വാര്‍ഷിക ദിനം ഒക്ടോബര്‍ 31 ചൊവ്വാഴ്ചയായിരുന്നു. അന്നേ ദിവസം പൗത്രനായ രാഹുല്‍ ഗാന്ധിക്ക് പറയാനുണ്ടായിരുന്നത് പ്രതിപക്ഷ നേതാക്കളുടെ ഐ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താനും രാജ്യം അദാനിക്കു തീറെഴുതാനുമുള്ള മോദി സര്‍ക്കാറിന്റെ കുത്സിത നീക്കങ്ങളെ കുറിച്ചായിരുന്നു. രാഷ്ട്രീയത്തിലെ വിധിവൈപരീത്യം എന്നതിലുപരി അര നൂറ്റാണ്ടു മുമ്പ് ഇത്ര മേല്‍ വിവേകം കൈവരിച്ച ഒരു രാജ്യം ഇന്നെത്തി നില്‍ക്കുന്ന ഗതികേടിന്റെ ആഴം ചരിത്ര ബോധമുള്ള മനുഷ്യരെ സംബന്ധിച്ച് ഒരു നീറ്റലായി മാറുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
എ ഐ സി സി പ്രസ്സ്റൂമില്‍ രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താ സമ്മേളനം ഐ ഫോണ്‍ വിവരങ്ങള്‍ ഭരണകൂടം ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ആപ്പിള്‍ കമ്പനി അയച്ച സന്ദേശങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അദാനിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത് ഏറെ ശ്രദ്ധേയമായി. തന്റെ മുന്‍ ധാരണയില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തെ ഒന്നാമത്തെ അധികാര കേന്ദ്രം മോദിയല്ല, അദാനിയാണെന്നും, മോദിയുടെ ആത്മാവ് കുടികൊള്ളുന്നത് അദാനിയിലാണെന്നും രാഹുല്‍ വിമര്‍ശന ശരമെയ്തു. ചെറുകിട വ്യാപാരങ്ങള്‍ വിഴുങ്ങിയും അവര്‍ക്ക് ലോണ്‍ നിഷേധിച്ചും, വൈദ്യുതി – ഗ്യാസ് – കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില കൂട്ടിയും, ഇ ഡി – സി ബി ഐ പിന്തുണയില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് വിമാനത്താവളങ്ങളും തുറമുഖവും പിടിച്ചെടുത്തും, ഭക്ഷ്യ ശേഖരണം, സിമന്റ്, ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം തുടങ്ങിയ സകലമാന മേഖലകളും കൈയടക്കിയ അദാനി ഇന്ത്യയുടെ ഖജനാവിനേക്കാള്‍ വളര്‍ന്നു കഴിഞ്ഞെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എം ആര്‍ ടി പി ആക്ട് നിലനിന്നിരുന്ന ഇന്ത്യയെയും ഇന്ദിരയെയും പലരും ഓര്‍ത്തെടുത്തത് ഇത്തരുണത്തിലായിരുന്നു.
കുത്തകകള്‍ക്ക് കത്രികപ്പൂട്ടിട്ട ഇന്ദിരാ ഗാന്ധി തുടര്‍ന്ന് വാണിജ്യ പ്രമാണികള്‍ നിയന്ത്രിച്ചു പോന്ന പതിനാല് ബേങ്കുകള്‍ ദേശസാത്കരിച്ചിരുന്നു. കനറാ ബേങ്ക്, സിന്‍ഡിക്കറ്റ് ബേങ്ക്, യൂകോ ബേങ്ക്, ദേന ബേങ്ക്, ഇന്ത്യന്‍ ബേങ്ക്, യൂനിയന്‍ ബേങ്ക്, അലഹബാദ് ബേങ്ക്, ബേങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷനല്‍ ബേങ്ക്, ബേങ്ക് ഓഫ് ഇന്ത്യ, ബേങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബേങ്ക്, സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യ എന്നിവയായിരുന്നു അവ. രണ്ട് സാമ്പത്തിക വര്‍ഷങ്ങള്‍ക്കുള്ളില്‍ ബേങ്ക് ശാഖകളുടെ എണ്ണം 8,200ല്‍ നിന്ന് 62,000 ആയി വര്‍ധിക്കുകയും നിക്ഷേപം 11,000 ശതമാനം വളര്‍ച്ച കൈവരിക്കുകയും ചെയ്തു. തുടര്‍ന്ന് കല്‍ക്കരി, സ്റ്റീല്‍, കോപ്പര്‍, റിഫൈനറി, പരുത്തി വ്യവസായം, ഇന്‍ഷ്വറന്‍സ്, ക്രൂഡോയില്‍ രംഗങ്ങള്‍ ദേശസാത്കരിക്കുകയും 26 ഭരണ ഭേദഗതിയിലൂടെ പ്രിവിപേഴ്സ് നിര്‍ത്തലാക്കുകയും ചെയ്തു. അദാനിക്കു വേണ്ടി അദാനിയാല്‍ ഭരിക്കപ്പെടുന്ന അദാനിയുടെ ഇന്ത്യയെക്കുറിച്ച് രാഹുല്‍ വേവലാതി പൂണ്ടതിനെ കൂട്ടിവായിക്കേണ്ടത് ഇവിടെയാണ്. ജാതി സെന്‍സസിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടി പത്രക്കാരോട് രാഹുല്‍ ഗാന്ധി അടിവരയിട്ടു പറഞ്ഞു.
ഫോണ്‍ ചോര്‍ത്തുന്നു
ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക് കടക വിരുദ്ധമായി സ്വകാര്യതയില്‍ കടന്നുകയറുന്ന അധാര്‍മിക പ്രവൃത്തിയായാണ് ഫോണ്‍ ചോര്‍ത്തലും ചാരപ്പണിയും രാഷ്ട്രീയ ലോകത്ത് നിരീക്ഷിക്കപ്പെടാറുള്ളത്. പുതിയ കാലത്തെ വലതുപക്ഷ രാഷ്ട്രീയം നിര്‍ലജ്ജം ഇതിനെ പുണരുന്നത് സ്ഥിരം കാഴ്ചയായിട്ടുണ്ട്. ഡാറ്റ ചോര്‍ത്തല്‍ അസാധ്യമെന്നു വിശ്വസിക്കപ്പെടുന്ന ആപ്പിള്‍ ഐ ഫോണില്‍ ഭരണ പിന്തുണയില്‍ കടന്നു കയറുന്ന ചാരന്‍മാരെ കുറിച്ച് ആപ്പിള്‍ നല്‍കിയ മുന്നറിയിപ്പ് നിരവധി ദേശീയ നേതാക്കള്‍ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഡാറ്റ ചോര്‍ത്തലിന്റെയും പങ്കുവെക്കലിന്റെയും അഭിശപ്തമായ അധ്യായങ്ങള്‍ നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒട്ടും പുതുമയുള്ള കാര്യമല്ല.
ബലാകോട്ട് മുന്നേറ്റം
ടി വി ചാനല്‍ റേറ്റിംഗില്‍ കൃത്രിമം കാണിച്ച് പെരുപ്പിക്കാന്‍ റിപബ്ലിക്കന്‍ ടി വി ഉടമ അര്‍ണബ് ഗോസാമി നടത്തിയ ഇടപെടല്‍ മഹാരാഷ്ട്ര പോലീസ് വെളിച്ചത്തു കൊണ്ടു വന്നിരുന്നു. റേറ്റിംഗ് ഏജന്‍സിയായ ബാര്‍കിന്റെ സി ഇ ഒ പാര്‍ഥ ദാസ് ഗുപ്തയുമായുള്ള അര്‍ണബിന്റെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ കുപ്രസിദ്ധമാണ്. ബലാകോട്ടിലെ ഇന്ത്യന്‍ സൈനികാക്രമണം ചോര്‍ന്ന് കിട്ടിയതിന്റെ സൂചന അര്‍ണബ് ഗുപ്തക്ക് നല്‍കി. ഒരു മഹാ വലിയ സംഭവം രണ്ട് ദിവസത്തിനുള്ളില്‍ നടക്കാന്‍ പോകുന്നുവെന്നായിരുന്നു 2019 ഫെബ്രുവരി 29ന് അര്‍ണബ് അയച്ച സന്ദേശം. സൈനിക മേധാവികള്‍ക്ക് പുറമെ, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും മാത്രമറിയുന്ന അതീവ രഹസ്യ വിവരം വിടുപണി ചെയ്യുന്ന പത്രക്കാരന് ചോര്‍ന്നത് ഇന്ത്യ എന്ന പരിവേഷത്തിന്റെ മുഖത്തേറ്റ കറുത്ത പാടായിരുന്നു.
നരേന്ദ്ര മോദി ആപ്പ്
പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും വിവര വിനിമയത്തിനുമായാണ് ആപ്പ് നിര്‍മിച്ചത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വലിയ പിന്തുണ ആപ്പിനു ലഭിച്ചിരുന്നു. എന്നാല്‍ ഡാറ്റാ സുരക്ഷാ രംഗത്തെ ഫ്രഞ്ച് അതികായനായ ഏലിയറ്റ് ആന്‍ഡേഴ്സന്റെ വെളിപ്പെടുത്തലുകള്‍ സ്തോഭജനകമായിരുന്നു. ആപ്പുമായി ബന്ധപ്പെടുന്ന ഉപകരണവുമായി ചേര്‍ന്ന് നില്‍ക്കുന്ന വിവരങ്ങളും ഇ മെയിലും മൊബൈല്‍ ഡാറ്റകളും ചോര്‍ത്തിയെടുക്കുന്നതായി ആന്‍ഡേഴ്സണ്‍ തുറന്നു കാട്ടി. അന്നും പ്രതിഷേധത്തിനു മുന്നില്‍ നിന്നത് രാഹുല്‍ ഗാന്ധിയായിരുന്നു.
പെഗാസസ്
ഇസ്റാഈല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് കേന്ദ്ര സര്‍ക്കാറുമായി ധാരണയുണ്ടാക്കി 300 പേരെ അടിയന്തരമായി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതായ ആരോപണം ദിവസങ്ങളോളം തലക്കെട്ടുകള്‍ കവര്‍ന്നിരുന്നു. ഇസ്റാഈല്‍ കമ്പനിയുടെ ഡാറ്റാ ബേസുകള്‍ ചോര്‍ന്നാണ് വിവരം പുറത്തായത്. അന്വേഷണത്തിനായുള്ള പ്രതിപക്ഷത്തിന്റെ മുറവിളി ബധിരകര്‍ണങ്ങളിലാണ് ചെന്നു പതിച്ചത്. സ്വന്തം പാളയത്തിലുള്ള സംശയാസ്പദ വ്യക്തികളെ കൂടി നിരീക്ഷിക്കാന്‍ പെഗാസസിനെ ചുമതലപ്പെടുത്തിയ വിവരം പരന്നത് ബി ജെ പിക്കുള്ളിലും പ്രകമ്പനങ്ങളുണ്ടാക്കി. ഏകാധിപത്യ വാഴ്ചക്കെതിരെ ഉരിയാടാന്‍ തക്ക ശബ്ദങ്ങള്‍ നിലവില്‍ ബി ജെ പിയിലില്ലാത്തതിനാല്‍ അവ പുറത്തേക്ക് വന്നില്ല.
കേംബ്രിഡ്ജ് അനലറ്റിക്ക
2014ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അരങ്ങേറിയ കേംബ്രിഡ്ജ് അനലറ്റിക്കയാണ് പില്‍ക്കാലത്ത് ഇന്ത്യയിലെ ബി ജെ പിക്കടക്കം മാതൃക തീര്‍ത്തത്. അനലറ്റിക്ക തുറന്ന് കാട്ടാന്‍ ന്യൂയോര്‍ക്ക് ടൈംസും ദ ഒബ്സര്‍വറും ദ ഗാര്‍ഡിയനുമൊക്കെ ഉണ്ടായിരുന്നു. അടിമ വേല ശീലമാക്കിയ ഇന്ത്യന്‍ മാധ്യമ സാഹചര്യം ദയനീയമായി അനുഭവപ്പെടുന്നത് അവിടെയാണ്. ട്രംപിനു വേണ്ടി റോബര്‍ട്ട് മെര്‍ഡറും സ്റ്റീഫന്‍ കെ ബാനനും ക്രെംലിന്‍ കേന്ദ്രീകൃത എണ്ണ ഭീമനായ ലൂക്കോളിയും ബ്രിട്ടീഷ് കമ്പനിയായ എസ് സി എല്ലും ചേര്‍ന്ന് 50 മില്യണ്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ മനശ്ശാസ്ത്ര വ്യവഹാരങ്ങള്‍ തിരഞ്ഞെടുപ്പ് മാനേജര്‍മാര്‍ക്ക് ചോര്‍ത്തി എന്നതാണ് വിവാദത്തിന്റെ കാതല്‍. ഏതായാലും ലോകം മുഴുവനുമുള്ള വലതുപക്ഷ ശക്തികള്‍ക്ക് വലിയ പ്രചോദനമാണ് ഇത് നല്‍കിയത്.
ജനാധിപത്യ വിരുദ്ധ നടപടികള്‍ നിര്‍ബാധം അനുവര്‍ത്തിച്ച് എതിരാളിയെ തളക്കാന്‍ തരംതാണ ഏത് പ്രവൃത്തിയും ചെയ്യാന്‍ മടിക്കാത്ത ബി ജെ പി ഭരണകൂടം രാജ്യത്തിന്റെ ജനാധിപത്യ ആഭിജാത്യം സമ്പൂര്‍ണമായി കളഞ്ഞു കുളിച്ചിരിക്കുകയാണ്. അധാര്‍മികത അലങ്കാരമാകുന്ന പുതിയ കാലത്ത് രാജ്യം അതിന്റെ പൂര്‍വ യശസ്സിലേക്ക് മടങ്ങിപ്പോകുന്ന പുലരിക്കായുള്ള അധ്വാനത്തില്‍ മനം മടുക്കാതെ മുന്നേറാന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള ‘ഇന്ത്യ’ മുന്നണി നേതാക്കളുടെ സാന്നിധ്യം വിലമതിക്കാനാകാത്തതാണ്.