sports
സാക്ഷരതാ മിഷൻ മാതൃകയിൽ കായിക ക്ഷമതാ മിഷൻ
കായിക വിദ്യാഭ്യാസം ചെറിയ ക്ലാസ്സുകളിൽ തന്നെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററുകൾ സ്ഥാപിക്കും
തിരുവനന്തപുരം | ജനങ്ങൾക്ക് കായികക്ഷമതയും മെച്ചപ്പെട്ട ആരോഗ്യവും നേടിക്കൊടുക്കാൻ സാക്ഷരതാ മിഷൻ മാതൃകയിൽ കായിക ക്ഷമതാ മിഷൻ പദ്ധതി ആവിഷ്‌കരിക്കുമെന്ന് കായിക മന്ത്രി വി അബ്ദുർറഹ്്മാൻ.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി യാഥാർഥ്യമാക്കും. കായിക വിദ്യാഭ്യാസം ചെറിയ ക്ലാസ്സുകളിൽ തന്നെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ധാരണയായിട്ടുണ്ട്. കായിക വിനോദങ്ങളിലൂടെ ശാരീരികവും മാനസികവുമായ കഴിവുകൾ വർധിപ്പിക്കാനും അവരെ കായിക രംഗത്തേക്ക് ആകർഷിക്കാനും സ്‌കൂളുകളെ സ്‌പോർട്ടിംഗ് ഹബുകളാക്കാനും പ്ലേ ഫോർ ഹെൽത്ത് പദ്ധതി നടപ്പാക്കും.
കായികക്ഷമതയും ആരോഗ്യവും ഉറപ്പു വരുത്താനായി കായിക യുവജന കാര്യാലയത്തിനു കീഴിൽ സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററുകൾ വ്യാപകമായി സ്ഥാപിക്കും.
തദ്ദേശ സ്ഥാപന തലത്തിൽ സ്‌പോട്‌സ് കൗൺസിലുകൾ രൂപവത്കരിക്കാനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്.
താഴേത്തട്ടിൽ സ്‌പോർട്‌സ് കൗൺസിൽ വരുന്നതോടെ സംസ്ഥാനത്താകെ കായിക പ്രവർത്തനം വ്യാപകമാക്കാനാകും. എല്ലാ പഞ്ചായത്തുകളിലും കളിക്കളം എന്ന സർക്കാറിന്റെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായി സർവേ നടപടികൾ പൂർത്തിയാകുന്നു. കായിക സംസ്‌കാരം വളർത്തുന്നതിനാണ് ഗ്രാമീണ കളിക്കളം.
കളരി ഉൾപ്പെടെയുള്ള ആയോധന കലകൾ പ്രോത്സാഹിപ്പിക്കും. യോഗ കൂടുതൽ ജനകീയമാക്കാൻ പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.