Story
പോക്കറ്റടി
ഫറോക്ക് പാലത്തിലെ ഗട്ടറിൽ ബസൊന്നുലഞ്ഞപ്പോൾ വൃദ്ധന്റെ കൈയിലെ ബാഗ് താഴേക്ക് ഊർന്നുവീണു!എനിക്കത് കുനിഞ്ഞെടുക്കേണ്ട പണിമാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരും കണ്ടില്ല! വൃദ്ധൻ തന്റെ ഒടിഞ്ഞ കഴുത്തുമായി ഉറക്കം തുടരുകയാണ്.

ബസിൽ ഉറക്കംതൂങ്ങിയിരുന്ന പല്ലുകൊഴിഞ്ഞ വൃദ്ധന്റെ പതിനായിരം രൂപയടങ്ങിയ പേഴ്‌സാണ് ഞാൻ പോക്കറ്റടിച്ചത്! കോഴിക്കോട്ട് നിന്ന് തൃശൂർക്ക് പോകുന്ന “സിതാര’ ബസിൽ വെച്ചായിരുന്നു അത്. ഈ ബസിലെ സ്ഥിരം യാത്രക്കാരനായിരുന്നു ഞാൻ. കോഴിക്കോട്ടെ മാവൂർ റോഡിൽ പ്രവർത്തിക്കുന്ന “സരസ്വതി ലോട്ടറി’യുടെ ടിക്കറ്റ് വിൽപ്പനക്കാരനായാണ് ഇപ്പോൾ ഞാൻ ജോലി ചെയ്യുന്നത്.
രാവിലെ ഏഴ് മണിക്ക് ഉച്ചയിലേക്കുള്ള ചോറും കറിയും ഉപ്പേരിയും ഭാര്യ ബാഗിലാക്കിത്തരും. രാവിലെ അവൾക്ക് പിടിപ്പത് പണിയുണ്ട്. അഞ്ചരമണിക്ക് എണീറ്റാൽ എനിക്കും ടൈലർഷോപ്പിൽ ജോലിക്കുപോകുന്ന മകൾക്കുമുള്ള പ്രാതൽ റെഡിയാക്കണം. കൂടെ ഊണും കറിയും കൂട്ടാനും. പിന്നെ വയസ്സായ അമ്മയെ എഴുന്നേൽപ്പിച്ച് ബാത്ത്‌റൂമിൽ കൊണ്ടുപോകണം. പത്ത് വർഷമായി അമ്മ കിടപ്പിലാണ്. ഭാര്യ ഉടലടക്കം പിടിക്കുമ്പോൾ അമ്മക്ക് കാൽ ഉയർത്തി മുന്നോട്ടുവെക്കുന്ന പണിമാത്രം ചെയ്താൽ മതി. എന്നിട്ടും ഭാര്യയെ കണ്ടുകൂടാ.
കുളിച്ചുവന്ന അമ്മയെ വെള്ളയും വെള്ളയുമുടുപ്പിച്ച് കട്ടിലിൽ ഇരുത്തി നെറുകയിൽ രാസ്നാദി തേച്ചു കൊടുക്കുമ്പോഴും അമ്മ പ്രാകും. ഭാര്യയെ സമ്മതിക്കണം. വീട്ടിലെ ചെലവ് കൂടിക്കൂടി വരുന്നത് ഞാനറിയുന്നുണ്ട്. അമ്മയുടെ ഒരാഴ്ചത്തേക്കുള്ള മരുന്നിന്റെ കാശ് കൊടുത്ത് ബസ്്സ്റ്റാൻഡിലെ മെഡിക്കൽഷോപ്പിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ഉള്ളം പിടയും. മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്ന ഒരു മാസം എങ്ങനെ മുന്നോട്ടുപോകും എന്നാലോചിക്കുമ്പോൾ എല്ലാം ഇട്ടെറിഞ്ഞ് നാടുവിട്ടാലോ എന്നു തോന്നാറുണ്ട്. മോൾക്ക് വയസ്സ് ഇരുപത്തഞ്ചായി. ഇതുവരെ കല്യാണമായിട്ടില്ല. ടൈലർ ഷോപ്പിൽ ചുരിദാർ തയ്പ്പിക്കാൻ പഴയപോലെ ഇപ്പോൾ പെൺകുട്ടികൾ വരാറില്ല. എല്ലാവരും റെഡിമെയ്ഡിലേക്ക് മാറി. വല്ലപ്പോഴും ഷെയ്പ്പ് ചെയ്യിക്കാൻ ആരെങ്കിലും വന്നാലായി.
രാവിലെ ടിക്കറ്റുകെട്ടുകളുമായി ആദ്യം പുതിയസ്റ്റാൻഡിൽ പോകും. ചില സ്ഥിരം കുറ്റികളുണ്ട്. പെട്ടിക്കടയിലെ ജോലിക്കാരായ ചെറുപ്പക്കാരും പിന്നെ പോർട്ടർമാരും. ബസ്സ്സ്റ്റാൻഡിനു മുൻവശത്തെ ഓട്ടോ പാർക്കിംഗിന് പിന്നിലെ ചീനിമരച്ചോട്ടിൽ ചെരുപ്പ് തുന്നുന്ന എഴുപത് കഴിഞ്ഞ രാമേട്ടൻ പതിനഞ്ചാം വയസ്സിൽ ലോട്ടറി എടുക്കാൻ തുടങ്ങിയതാണ്. ഇതുവരെ അടിച്ചിട്ടില്ല.
“ആ കാശുണ്ടായിരുന്നെങ്കി ഒരു ചെരുപ്പുകട തുടങ്ങി ഞാൻ രക്ഷപ്പെട്ടേനെ’.
ഓരോ തവണ ടിക്കറ്റെടുക്കമ്പോഴും അയാൾ നിരാശയോടെ പറയും. പിന്നെതടിച്ച ഫ്രെയ്മുള്ള കണ്ണട ചൂണ്ടുവിരൽ കൊണ്ട് നേരെയാക്കി ഒരു ടിക്കറ്റ് വാങ്ങി നോക്കും. എന്നിട്ട് പറയും,
“ആഹ്, നല്ല നമ്പറാണല്ലോ. അടിച്ചാ രക്ഷപ്പെട്ട്.’
അന്നുകിട്ടിയ ചില്ലറ ഒപ്പിച്ച് രാമേട്ടൻ ടിക്കറ്റ് വാങ്ങും. എന്നിട്ട് ഒരിക്കൽ അടുത്തുവന്നേക്കാവുന്ന ഭാഗ്യദേവതയെ മനസ്സിലോർത്ത് ചിരിക്കും. ഭാഗ്യത്തിൽ വിശ്വസിക്കാത്തവർ പുച്ഛത്തോടെ ചിരിച്ച് ടിക്കറ്റ് മടക്കിത്തരുമ്പോൾ കഴുത്തുഞെരിക്കാൻ തോന്നും.
തുച്ഛമായ കമ്മീഷൻകൊണ്ട് ജീവിതം തള്ളിനീക്കാൻ കഴിയാതെ വന്നപ്പോഴാണ് എളുപ്പം പണമുണ്ടാക്കാനുള്ള മാർഗത്തെക്കുറിച്ച് ഞാൻ ചിന്തിച്ചത്. പല വഴികളും മുന്നിൽ തെളിഞ്ഞു. അതൊന്നും ശരിയാവില്ലെന്നു തോന്നി. പോക്കറ്റടിയുടെ സാധ്യതയെക്കുറിച്ച് പറഞ്ഞുതന്നത് പാളയത്തെ പോക്കറ്റടി ഹംസയാണ്. പ്രായം എഴുപത്തഞ്ച് കഴിഞ്ഞു. പിടിക്കപ്പെട്ട് നാട്ടുകാർ പെരുമാറിയപ്പോൾ അയാളുടെ തോളെല്ല് പൊട്ടി. ഇന്നും അയാളുടെ വലതുകൈയിന് ബലംപോര. ഇപ്പോഴും പഴയ പോക്കറ്റടിയുടെ സ്മരണകൾ അയവിറക്കി പാളയത്തെ ബസ്്സ്റ്റാൻഡിൽ പുള്ളി ഉണ്ടാവാറുണ്ട്.
“കയ്യിന് വയ്യാത്തോണ്ടാ. ഇല്ലേൽ ഇന്നും ഞാൻ പോക്കറ്റടിക്കും. വെറുതെ കാശ് കിട്ടുമ്പോ അതൊരു സുഖാ…’അയാൾ വെറ്റിലക്കറ പുരണ്ട പല്ലുകാട്ടി വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
സത്യത്തിൽ അയാൾ എന്റെ ഗുരുവായി മാറാൻ അധികസമയം വേണ്ടിവന്നില്ല.
പോക്കറ്റടിക്കാരൻ വൃത്തിയായി വസ്ത്രം ചെയ്യണം എന്നയാൾ എന്നോടുപറഞ്ഞു. കണ്ടാൽ ഒരു അഞ്ചക്ക ശമ്പളക്കാരന്റെ പ്രൗഡി തോന്നിക്കണം.
ബ്രാന്റഡ് ഷർട്ടും പാന്റും ധരിച്ച് ഇൻ ചെയ്യണം. പിന്നെ ഒരു
ലാപ്പ്‌ടോപ്പ് ബാഗ് തോളിൽ തൂക്കണം. നടപ്പിലും ഇരുപ്പിലും കുലീനത തോന്നിക്കണം. മുഖം പ്രസന്നമായിരിക്കണം. തെറ്റുചെയ്യുന്ന ടെൻഷനോ വെപ്രാളമോ മുഖത്ത് തെല്ലും അരുത്. നമുക്ക് അർഹതപ്പെട്ട പൈസ ദൈവം ആരുടെയോ പോക്കറ്റിൽ നിക്ഷേപിച്ചിരിക്കുന്നു. നാമത് എടുക്കാൻ പോകുന്നു.ഇതുമാത്രം കരുതുക.
പോക്കറ്റടിയിൽ പ്രാവീണ്യമുള്ള രണ്ടുമൂന്നു പരിചയക്കാരെ കൂട്ടിപോകുന്നതാകും നന്നാവുക. വീതം വെക്കണം എന്ന പുലിവാല് അതിനുണ്ട്. തിരക്കുള്ള ബസിൽ കയറണം. ആളുകൾ സീറ്റ് കിട്ടാൻവേണ്ടി ഉന്തും തള്ളും കൂടുമ്പോൾ അവരുടെ കൂട്ടത്തിൽനിന്ന് തിക്കിത്തിരക്കണം. ഓർക്കുക, പോക്കറ്റടിക്കാനുള്ള ഇരയെ നിങ്ങൾ അതിനു മുന്പുതന്നെ നോട്ടമിട്ടുവെക്കണം. പാന്റിന്റെ ബാക്ക്‌പോക്കറ്റിൽ പേഴ്‌സ് സൂക്ഷിക്കുന്നവരാണെങ്കിൽ കാര്യം എളുപ്പമായി. അവർ ബസിൽ കയറാൻ കാലുയർത്തുമ്പോൾ പേഴ്‌സ് പുറത്തേക്കൊന്ന് തലനീട്ടും. അവിടെ പിടിക്കണം. പേഴ്‌സ് കൈയിൽ വന്നാൽ നിങ്ങൾ കൂടെ കൊണ്ടുപോയവർ കൃത്യം പിന്നിൽ നിൽക്കുന്നുണ്ടാകും. അവർക്ക് കൈമാറണം. അയാൾ അടുത്തയാൾക്ക് കൈമാറിക്കൊള്ളും. ഇതെല്ലാം ഞൊടിയിടയിൽ കഴിയണം.
ഇനി പോക്കറ്റടിക്കപ്പെട്ട വ്യക്തിക്ക് സംശയം തോന്നി നിങ്ങളെ പിടിച്ച് ദേഹം പരിശോധിച്ചാലും ഭയപ്പെടാനില്ല. പേഴ്‌സ് എത്തേണ്ടിടത്ത് എത്തിയിരിക്കും. ബസിൽ കയറാൻ പോകുമ്പോഴും ഇറങ്ങുമ്പോഴുമാണ് ആളുകൾ ധൃതി കാണിക്കുക.
അന്നേരം പരമാവധി ഉപയോഗപ്പെടുത്തുക. ഇനി തിരക്കില്ലാത്ത ബസാണെങ്കിൽ കൃത്രിമത്തിരക്ക് ഉണ്ടാക്കാൻ ഒരു സംഘത്തെയും കൊണ്ടുപോകാം. ഹംസ ഒറ്റവീർപ്പിൽ പറഞ്ഞുകഴിഞ്ഞപ്പോൾ അയാളെ ഞാൻ തൊഴുതു. ദക്ഷിണ വെച്ച് മടങ്ങി. പക്ഷേ, ഹംസയുടെ തന്ത്രങ്ങളൊന്നും എനിക്ക് പ്രയോഗിക്കേണ്ടിവന്നില്ല.
സിതാരാ ബസിൽ, മുന്നിൽനിന്ന് നാലാമത്തെ സീറ്റിൽ ആ വൃദ്ധൻ ഒരു
കറുത്ത ഹാൻഡ് ബാഗ് മടിയിൽവെച്ച് കൂർക്കം വലിച്ച് ഉറങ്ങുമ്പോൾ എനിക്ക് കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. രാമനാട്ടുകരയിലേക്കാണ് ടിക്കറ്റെടുത്തിരുന്നത്. ബസിൽ തിരക്കില്ലായിരുന്നു. മെലിഞ്ഞു വെളുത്ത പറ്റേ ക്ഷീണിതനായ അയാൾ ബസ് യാത്ര തുടങ്ങിയ ഉടനെ എന്നോട് ഒന്നോ രണ്ടോ സംസാരിച്ച് പിന്നീട് കൂർക്കംവലിച്ചുറങ്ങാൻ തുടങ്ങി.
ഹാന്റ്ബാഗിന്മേലുള്ള അയാളുടെ കൈകൾ അയഞ്ഞു. എന്റെ നെഞ്ചിടിപ്പ് കൂടി. ബസിലുള്ളവരെല്ലാം എന്നെത്തന്നെ നോക്കുന്നതായി എനിക്കുതോന്നി.ഫറോക്ക് പാലത്തിലെ ഗട്ടറിൽ ബസൊന്നുലഞ്ഞപ്പോൾ വൃദ്ധന്റെ കൈയിലെ ബാഗ് താഴേക്ക് ഊർന്നുവീണു!
എനിക്കത് കുനിഞ്ഞെടുക്കേണ്ട പണിമാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരും കണ്ടില്ല! വൃദ്ധൻ തന്റെ ഒടിഞ്ഞ കഴുത്തുമായി ഉറക്കം തുടരുകയാണ്.
സാധനം കൈയിലെത്തിയാൽ പിന്നെ ഒട്ടും സമയം കളയരുതെന്ന് ഹംസ പറഞ്ഞിരുന്നു. ഇറങ്ങാനായി ഞാൻ എഴുന്നേറ്റു.കണ്ടക്ടർ സംശയത്തോടെ നോക്കിയെന്നു തോന്നി. അടുത്ത നിമിഷത്തിൽ തന്നെ രാമനാട്ടുകര ബ്ലോക്കാണെന്നു പറഞ്ഞ് അയാൾക്ക് മറ്റേതോ ബസിലെ കണ്ടക്ടറുടെ കോൾ വന്നു. റൂട്ട് മാറ്റിപ്പിടിക്കുന്നതിന്റെ ചർച്ച കണ്ടക്ടറും ക്ലീനറും നടത്തുമ്പോൾ ഞാൻ മുൻഭാഗത്തുകൂടി അടുത്ത സ്റ്റോപ്പിലിറങ്ങി. കൈയും കാലും വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു പുതിയ തെറ്റു ചെയ്യുമ്പോൾ ഇത് പതിവുള്ളതാണ്. ശീലമാകുമ്പോൾ മാറുമെന്ന് സമാധാനിച്ചു.
പതിയെ, നാലുവരിപ്പാതയ്ക്ക് വീത കൂട്ടിയപ്പോൾ പൂട്ടിപ്പോയ “ഹലാൽ മന്തി’ എന്ന കടയുടെ തിണ്ണയിലിരുന്ന് ആ ബാഗ് തുറന്നു.
പുതിയ അഞ്ഞൂറിന്റെ ഇരുപത് നോട്ടുകൾ നെഞ്ചുപിടച്ചു.
അപ്പോഴാണ് നോട്ടുകൾക്കിടയിലെ ഒരു കുഞ്ഞു വെള്ളപ്പേപ്പറിന്റെ കഷ്ണംകണ്ണിൽപ്പെട്ടത്. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.”സുധേച്ചിയുടെ ഓപ്പറേഷന് തരാൻ ഇതേ ന്റെ കൈയിലുള്ളൂ. വേഗം സുഖാട്ടെ എന്ന പ്രാർഥനയോടെ – അമ്മു’.
കൈ വിറച്ചു.
പേഴ്‌സിന്റെ ചെറിയ അറയിൽ എഴുപത് കഴിഞ്ഞ ഒരു സ്ത്രീയുടെ ഫോട്ടോ കണ്ടു. അടുത്ത അറയിൽ നിന്ന് അഴുകിപ്പോയ ഒരു കടലാസ് കഷ്ണം കിട്ടി. അതിൽ ഒരു വിലാസം വൃത്തിയില്ലാത്ത കൈയക്ഷരത്തിൽ എഴുതിയിട്ടുണ്ടായിരുന്നു.
“മാധവൻ
സോപാനം
കിഴക്കേനട
തൃശൂർ’
സുഖമില്ലാത്ത അമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞു. വേണ്ട! ഒന്നും വേണ്ട! പേഴ്‌സ് ബാഗിൽ ഭദ്രമായി വെച്ച് ബസ്റ്റോപ്പിലേയ്ക്ക് നടന്നു. തൃശൂർക്ക് പോവുന്ന മറ്റൊരു ബസ് കിട്ടി.
സീറ്റ് കിട്ടിയില്ല. നല്ല തിരക്കായിരുന്നു. തൃശൂർ എത്തുമ്പോൾ വൈകുന്നേരം അഞ്ചായി. പേഴ്‌സിൽ കണ്ട വിലാസം വീണ്ടുമെടുക്കാൻ കൈ ബാഗിൽ വെച്ചപ്പോൾ ഒരു മിന്നൽപ്പിണർ ഇടനെഞ്ചിലൂടെ പാഞ്ഞുപോയി. ആ പേഴ്‌സ് പോക്കറ്റടിക്കപ്പെട്ടിരിക്കുന്നു!?