Connect with us

Kerala

സത്യത്തിന്റെ നേർക്കാഴ്ചയായ ചിത്രങ്ങൾ

ബഷീർ ഒരു വികാരമാണ്.. സ്നേഹിക്കാൻ മാത്രം അറിയാവുന്ന മനുഷ്യനോട് സഹജീവികൾക്ക് തോന്നുന്ന മമതയെന്ന വികാരം

Published

|

Last Updated

എത്ര വലിയ സ്വാധീനം ഉണ്ടെങ്കിലും,എത്ര കണ്ടു തേയ്ച്ചു മായ്ച്ചു കളയാൻ ശ്രമിച്ചാലും ചില അടയാളങ്ങൾ ദൈവത്തിന്റെ കയ്യൊപ്പ് പോലെ പതിഞ്ഞു കിടക്കും. ബഷീറിന്റെ മരണ കാരണമായ ചിത്രങ്ങൾ മരിക്കാത്ത തെളിവാണ്.അർദ്ധരാത്രി ഒരുമണിക്ക്‌ അവിടെ എത്താനും അപകടത്തിൽ പെട്ട വാഹനങ്ങളുടെ ചിത്രം എടുക്കാനും തോന്നിപ്പിച്ചത് ബഷീർ ആണെന്ന് ചിലപ്പോൾ തോന്നാറുണ്ട്. അപകടമുണ്ടാക്കിയത് ശ്രീറാം വെങ്കിട്ടരാമൻ ആണെന്നും ഗുരുതരമായി പരുക്കേറ്റത് ബഷീറിനാണെന്നും അറിയാതെയാണ് മൊബൈൽ ഫോണിൽ ചിത്രങ്ങൾ എടുത്തത്.

സ്വിച് ഓഫ് ആകാൻ അൽപനിമിഷങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ഈ ഫോട്ടോകൾ എടുക്കുന്നത്. കേസ് അട്ടിമറിയാതിരിക്കാൻ ഒരു തുമ്പായി ഈ ചിത്രം മാറട്ടെ എന്ന് കരുതിയാണ് മണിക്കൂറുകൾക്കുള്ളിൽ ചിത്രങ്ങളോടൊപ്പം കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. മലയാള മനോരമ അടക്കമുള്ള പത്രങ്ങളുടെ ഒന്നാംപേജിൽ പിറ്റേദിവസം അച്ചടിച്ചു വന്നത് ഞാൻ എടുത്ത ചിത്രങ്ങൾ ആയിരുന്നു. കാറും ബൈക്കും എടുത്ത് മാറ്റാനായി ഉടനടി പോലീസ് വാഹനം എത്തിയതോടെയാണ് ചിത്രങ്ങൾ പകർത്തിയത്.

ഒരു ബിസ്കറ്റോ പഴംപൊരിയോ കൂട്ടുകാർക്ക് പകർത്ത് നൽകിയ ആളാണ് ബഷീർ. കെ.എം.മാണിയുടെ ബജറ്റ് തടയുന്നതിനായി അന്നത്തെ ഇടത് പക്ഷം നിയമസഭയിൽ അന്തിയുറങ്ങിയപ്പോൾ മാധ്യമ പ്രവർത്തകർ സഭയിൽ തങ്ങി. കാന്റീൻ അടച്ചതിനാൽ മാധ്യമ പ്രവർത്തകർക്ക് കഴിക്കാൻ ഒന്നുമില്ല. ആഹാരത്തിനായി പുറത്ത് പോയാൽ തിരികെ നിയമസഭയിൽ പ്രവേശിപ്പിക്കുമെന്ന് ഉറപ്പുമില്ല. വിശന്നവർക്കിടയിലേക്ക് രണ്ട് വലിയ ബക്കറ്റ് നിറയെ ആഹാരവുമായി ട്രെഡ് മാർക്ക് പുഞ്ചിരിയുമായി ഒരു മാധ്യമ പ്രവർത്തകൻ കടന്നു വന്നു. അതായിരുന്നു കെ.എം.ബഷീർ.

സഹപ്രവർത്തകരുടെ വിശപ്പ് അറിയുന്ന സ്നേഹസമ്പന്നൻ…മത്സരലോകത്ത് വേറിട്ടു നിന്ന വ്യക്തിത്വം…തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരെ ആകെ തളർത്തികളയുന്നതായിരുന്നു ബഷീറിന്റെ മരണം. ഇന്നും ബഷീർ ഒരു വിങ്ങലായി നിൽക്കുന്നത്,ആ മനുഷ്യൻ അത്രയേറെ ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞു കിടക്കുന്നത് കൊണ്ടാണ് .

ബഷീർ ഒരു വികാരമാണ്.. സ്നേഹിക്കാൻ മാത്രം അറിയാവുന്ന മനുഷ്യനോട് സഹജീവികൾക്ക് തോന്നുന്ന മമതയെന്ന വികാരം

(അപകടം നടന്ന ഉടൻ സംഭവസ്ഥലത്ത് എത്തിയ ഡി.ധനസുമോദിന്റെ അന്നത്തെ കുറിപ്പ് ഒപ്പം ചേർക്കുന്നു…നിലവിൽ മീഡിയവൺ ചാനലിന്റെ ഡൽഹി ബ്യൂറോചീഫ് ആണ് )

മാധ്യമപ്രവർത്തകൻ

Latest