Connect with us

cover story

ചരിത്രം പറയുന്ന ചിത്രങ്ങൾ

നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ഒരു ചിത്രത്തിന്, കല്ലില്‍ കൊത്തിയ ഒരു ലിഖിതത്തിന്,കുഴിച്ചെടുത്ത ഒരു മണ്‍ചട്ടിക്ക് ഒരു കഥ മാത്രമല്ല നമ്മോട് പറയാന്‍ സാധിക്കുക.ഒരു ദേശത്തിന്റെ,അവരുടെ വിശ്വാസങ്ങളുടെ, ആചാരങ്ങളുടെ, ജീവിത ചുറ്റുപാടുകളുടെ അങ്ങനെ പലതിന്റെയും കഥ പറയാന്‍ സാധിക്കും. ഇത്തരത്തില്‍ ഒരു കാലത്തിന്റെ കഥ മുഴുവന്‍ നമ്മോട് പറഞ്ഞ് അത്ഭുതപ്പെടുത്തുന്ന ഒരുപാട് നിര്‍മിതികളെ നാം അടുത്തറിയുകയും വായിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. അത്തരത്തില്‍ നിരവധി ചരിത്രങ്ങളിലേക്ക് സൂചന നല്‍കുന്ന, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ചരിത്ര സൂചികയെ കുറിച്ച്...

Published

|

Last Updated

ന്നലെ ഉണ്ടായിരുന്നു എന്നതിന് എന്താണ് തെളിവ്. നമ്മള്‍ ആ നിമിഷങ്ങളില്‍ ജീവിച്ചുപോന്നു എന്ന നമ്മുടെ വിശ്വാസം, അത്രമാത്രം. ചരിത്രങ്ങളുടെയെല്ലാം അവസ്ഥ അങ്ങനെയാണ്. ആരെങ്കിലും നമ്മോട് പറഞ്ഞു തന്നതോ, രേഖപ്പെടുത്തിയതോ, ചിത്രീകരിച്ചതോ ഒക്കെയാണ് ചരിത്രത്തിന്റെ തെളിവുകള്‍. ജീവിതത്തില്‍ മറ്റൊരാളെ വിശ്വസിക്കുക എന്നതിന് എത്രമാത്രം പ്രാധാന്യമുണ്ട് എന്ന് ചരിത്രകാരന്മാരോട് ചോദിച്ചാല്‍ കൂടുതല്‍ കൃത്യത കിട്ടും. പൊതുവേ, കണ്ടെത്തിയതില്‍ നിന്നും നാം ഇന്നലെകളെ അനുമാനിക്കുകയാണ് ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ഒരു ചിത്രത്തിന്, കല്ലില്‍ കൊത്തിയ ഒരു ലിഖിതത്തിന്, കുഴിച്ചെടുത്ത ഒരു മണ്‍ചട്ടിക്ക് ഒരു കഥ മാത്രമല്ല നമ്മോട് പറയാന്‍ സാധിക്കുക.

ഒരു ദേശത്തിന്റെ, അവരുടെ വിശ്വാസങ്ങളുടെ, ആചാരങ്ങളുടെ, ജീവിത ചുറ്റുപാടുകളുടെ അങ്ങനെ പലതിന്റെയും കഥ പറയാന്‍ സാധിക്കും. ഇത്തരത്തില്‍ ഒരു കാലത്തിന്റെ കഥ മുഴുവന്‍ നമ്മോട് പറഞ്ഞ് അത്ഭുതപ്പെടുത്തുന്ന ഒരുപാട് നിര്‍മിതികളെ നാം അടുത്തറിയുകയും വായിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. അത്തരത്തില്‍ നിരവധി ചരിത്രങ്ങളിലേക്ക് സൂചന നല്‍കുന്ന, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ചരിത്ര സൂചികയെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ബഹുവന്ദ്യരായ ഉസ്താദ് ബദ്‌റു സാദാത്ത് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നിര്‍ദേശ പ്രകാരമാണ് ഞങ്ങള്‍ അരീക്കോട് താഴത്തങ്ങാടി പള്ളി സന്ദര്‍ശിക്കുന്നത്.

നിത്യജീവിതത്തില്‍ പലപ്പോഴും ഇടപെടുന്ന അങ്ങാടികളിലൊന്നാണ് അരീക്കോട്. എങ്കിലും എന്തിനായിരിക്കും ഉസ്താദ് ആ പള്ളി സന്ദര്‍ശിക്കാന്‍ പറഞ്ഞതെന്ന് ആദ്യം മനസ്സിലായില്ല. പള്ളിയുടെ പുതിയ പ്രവേശന കവാടത്തിന് മുമ്പിലെ സ്‌കൂള്‍ ബില്‍ഡിംഗിന് മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്തു. ആദ്യ നോട്ടത്തില്‍, ഒരു മതില്‍ കെട്ടിനകത്ത് ഖബര്‍സ്ഥാനും അതിനു നടുവിലായി സ്ഥിതിചെയ്യുന്ന പള്ളിയും. പതിവായി നാം കാണുന്ന ഒരു കൊച്ചു പള്ളി എന്നതിനപ്പുറം പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഇന്റര്‍ ലോക്ക് ചെയ്ത മുന്‍ഭാഗത്തിലൂടെ ഹൗളിന് നേരെ നടന്നു. പുതിയ രൂപത്തില്‍ സജ്ജീകരിച്ച ഹൗളും പൈപ്പുകളുമാണ് ആദ്യം കണ്ണിലുടക്കിയത്. പുതിയ ഹൗളിന്റെ മുമ്പിലായി പാറയില്‍ കൊത്തിയെടുത്ത സമചതുരാകൃതിയിലൊരു കുഴി. പള്ളിയുടെ പാരമ്പര്യം വിളിച്ചോതാന്‍ പാകത്തില്‍ മുമ്പ് ഉപയോഗിച്ചിരുന്ന ഹൗളാണതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി. ഏറ്റവും മുകളിലായി ഗ്രിഗേറിയന്‍ കലണ്ടര്‍ പ്രകാരവും(1885) അറബി കലണ്ടര്‍ പ്രകാരവും(1313) മലയാളത്തിലും ആ ഹൗള് നിര്‍മിച്ച വര്‍ഷം പാറയില്‍ തന്നെ കൊത്തി രേഖപ്പെടുത്തിയിരിക്കുന്നു.

പള്ളിയിലെ ചുമര്‍ ചിത്രങ്ങളെ കുറിച്ച് കൂടുതല്‍ അറിയുക. കൃത്യമായി അത് രേഖപ്പെടുത്തുക. പഠിക്കുക തുടങ്ങിയതാണ് ഉസ്താദ് ഞങ്ങള്‍ക്ക് മുമ്പില്‍ വെച്ച നിര്‍ദേശം. ഹൗളില്‍ നിന്നും നേരെ പള്ളിയിലേക്കുള്ള പ്രവേശന കവാടം. പ്രവേശിക്കുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇടനാഴിയിലേക്കാണ്. അതുവരെ സാധാരണ നാട്ടിന്‍പുറങ്ങളില്‍ നിലവില്‍ നമുക്ക് കണ്ടുപരിചയമുള്ള പുതുമയുടെ മണങ്ങളും നിറങ്ങളും പെടുന്നനെ എവിടെയോ പോയി മാഞ്ഞതായി നമുക്ക് തോന്നും. പഴമയുടെ ഒരു പ്രത്യേക ആത്മീയ അനുഭൂതിയിലേക്ക് നാം വഴുതി വീഴും.

ആ ഇടനാഴിയിലാണ് ഈ ചിത്രങ്ങളെല്ലാം പകര്‍ത്തിയിരിക്കുന്നത്. ഒരു ശിൽപ്പശാലയിലെ ആര്‍ട്ട്ഫോമുകള്‍ പ്രദര്‍ശനത്തിന് വെച്ചത് പോലെ. ഏകദേശം രണ്ടോ അതില്‍ അൽപ്പം കൂടുതലോ മീറ്റര്‍ മാത്രമാണ് ആ ഇടനാഴിയുടെ രണ്ട് ചുവരുകള്‍ക്കിടയിലെ വീതി (കൃത്യമല്ല). പുറം ചുവരുകളില്‍ ഇടവിട്ടുള്ള ആര്‍ച്ചുകളുണ്ട്. ഇവിടെ നിന്ന് സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ചിത്രങ്ങള്‍ ആസ്വദിക്കാം. അതൊരിക്കലും അകപ്പള്ളിയിലെ ആരാധനാ കര്‍മങ്ങൾക്കോ മറ്റോ ഒരു വിധത്തിലുള്ള അലോസരങ്ങളുമുണ്ടാകാത്ത രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്.

പള്ളിയുടെ ചരിത്രം

ചരിത്ര പണ്ഡിതനായ നെല്ലിക്കുത്ത് മുഹമ്മദലി മുസ്്ലിയാര്‍ എഴുതിവെച്ച കുറിപ്പില്‍ പള്ളിയുടെ നിര്‍മാണം നടന്നത് ഹിജ്‌റ വര്‍ഷം 1181 (എ ഡി 1768)ലാണെന്ന് കാണുന്നുണ്ട്. അങ്ങനെയെങ്കില്‍ ഏകദേശം 264 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പള്ളി നിര്‍മിക്കപ്പെട്ടതെന്ന് അനുമാനിക്കാം. പള്ളി നിര്‍മിക്കപ്പെട്ടതുമായി നിരവധിയായ വാമൊഴി വഴക്കങ്ങള്‍ പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. അക്കാലത്തെ പ്രദേശത്തെ പ്രധാന കോവിലകത്തെ ജന്മിയുടെ മകള്‍ക്ക് മാരകമായ അസുഖം പിടിപെടുകയും സൂഫിവര്യനായ ഒരു വ്യക്തി അത് സുഖപ്പെടുത്തുകയും ചെയ്തു. അതിന്റെ സന്തോഷത്തിന് സമ്മാനമായിട്ടാണ് പള്ളി നില്‍ക്കുന്ന സ്ഥലവും നാല്‍പ്പത് കുടുംബങ്ങള്‍ക്ക് വേണ്ട പുരയിടവും നല്‍കിയത്. ഇപ്പോഴും പ്രദേശ വാസികളുടെ അടിയാധാരങ്ങളില്‍ പലതിലും പള്ളിവക ഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ടത്രെ.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ അവിടെ ഒരു കൊച്ചു പള്ളിയാണ് നിര്‍മിച്ചിരുന്നതെന്നും പിന്നീടത് പുനരുദ്ധാരണങ്ങള്‍ നടത്തിയിട്ടാണ് ഇന്ന് കാണുന്ന രൂപത്തിലെത്തിയതെന്നും മനസ്സിലാക്കുന്നു. പള്ളിയുടെ വ്യത്യസ്ത സമയങ്ങളില്‍ നടന്ന പുനരുദ്ധാരണത്തിന്റെ ഭാഗം കൂടെയാണ് പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ കാണപ്പെട്ട രേഖപ്പെടുത്തലുകള്‍. പള്ളി നിര്‍മിച്ചു എന്നു പറയപ്പെടുന്ന സൂഫിവര്യനെ മറവ് ചെയ്തയിടം (മഖ്ബറ) പള്ളിയുടെ മുമ്പിലായി പ്രത്യേകം പടുത്തുയര്‍ത്തിയതായി കാണാം. ഇദ്ദേഹത്തിന്റെ പേര് അഹ്മദ് എന്നാണെന്നും ഇദ്ദേഹം സ്വഹാബിയായ അബൂഉബൈദ (റ) യുടെ സന്താന പരമ്പരയിൽപ്പെട്ടവരാണെന്നും പറയപ്പെടുന്നു.

പല നാടുകളിലുമെന്നപോലെ പൊന്നാനിയില്‍ നിന്നും അയക്കുന്ന ഖാസിമാരായിരുന്നു ഇവിടെയും അന്ന് ഖാളിസ്ഥാനം വഹിച്ചിരുന്നത്. മഖ്ദൂമീ പാരമ്പര്യമുള്ളവർ തന്നെയാണ് നിലവിലെ ഖാസിയും. പൊന്നാനിയടക്കമുള്ള കേരളത്തിലെ അറിയപ്പെടുന്ന പല പള്ളികളുടെയും വാസ്തുശില്‍പ്പ ഭംഗി താഴത്തങ്ങാടി പള്ളിക്കുമുണ്ട്. പുനരുദ്ധാരണത്തിന്റെ ഭാഗമായി പല എടുപ്പുകളും പുതുതായി നിര്‍മിച്ചത് കൊണ്ട് തന്നെ ഒറ്റനോട്ടത്തില്‍ അതാസ്വാദകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കാത്ത നിലയിലാണ് നിലവിലുള്ളത്. ഒറ്റനോട്ടത്തില്‍ പള്ളിക്ക് മൂന്നും നാലും തട്ടുകളുള്ളതായി തോന്നുമെങ്കിലും മച്ച് ഉയരം കൂടിയ ഗ്രൗണ്ട് ഫ്ലോറും ഫസ്റ്റ് ഫ്ലോറുമടങ്ങുന്നതാണ് പള്ളി.

പള്ളിയുടെ ഹൗളിന്റെ ഭാഗത്ത് നിന്നും പ്രവേശിക്കുന്ന ഇടനാഴിയുടെ വലതു വശത്തെ ആദ്യ ചിത്രം വിശുദ്ധ കഅ്ബയും മസ്ജിദുല്‍ ഹറാമും പരിസരങ്ങളും അടങ്ങുന്നതാണ്. ഹിജ്‌റിസ്മാഈലും മീസാബുമെല്ലാം കൃത്യമായി തന്നെ അതില്‍ വരച്ചിട്ടുണ്ട്. തൊട്ട് എതിര്‍വശത്തായി മസ്ജിദുന്നബവിയും ഹുജ്‌റത്തു ശരീഫും കാണാം. തുര്‍ക്കി പട്ടാളക്കാര്‍ പ്രവേശിക്കുന്ന കവാടങ്ങളും മസ്ജിദുന്നബവിയുടെ നാലുഭാഗങ്ങളും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. പള്ളിയുടെ കമാനങ്ങളും പ്രധാന ഇടങ്ങളുമെല്ലാം അതിലുണ്ട്. കൂടാതെ രാഷ്ട്ര നയതന്ത്രജ്ഞരടക്കമുള്ള പ്രമുഖര്‍ വന്നാല്‍ നില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളടക്കം അടയാളപ്പെടുത്തിയിട്ടുണ്ട്.

തിരുനബി (സ്വ)യുടെ മിമ്പറും മിഹ്റാബും ജന്നത്തുൽ ബഖീഇന്റെ ഭാഗവും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. പച്ചകുബ്ബയുടെ മനോഹാരിതയും ചിത്രത്തിലുണ്ട്. മസ്ജിദുന്നബവിയുടെ ഈ ഭൂപടത്തിനകത്തായി രേഖപ്പെടുത്തിയ സംസം കിണറും ഈത്തമരവും സിദ്‌റ മരവുമെല്ലാം ആദ്യ നോട്ടത്തില്‍ സംശയം ജനിപ്പിക്കുന്നതാണ്. ഒരുപക്ഷെ, പുണ്യ സ്ഥലങ്ങളിലെ പ്രധാന അടയാളങ്ങളെ പ്രത്യേകം വരച്ചുവെച്ചതാവാനും സാധ്യതയുണ്ട്. കൂടാതെ പറയപ്പെടുന്ന മറ്റൊരു അനുമാനം ഒട്ടോമൻ ഭരണത്തിന് കീഴില്‍ ഗാർഡനിംഗിന് പ്രാധാന്യമുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായി അക്കാലത്ത് അങ്ങനെ ഉണ്ടായിരിക്കാമെന്നുമാണ്.

പിന്നെ ചിത്രങ്ങളായുള്ളത് രണ്ട് കപ്പലുകളുടേതാണ്. അവയിലൊന്നില്‍ ഖാദ്‌രിയ ത്വരീഖത്തിലേക്ക് സൂചന നല്‍കുന്ന ഒരു പായയും തുടര്‍ന്ന് ഇസ്‌ലാം കാര്യങ്ങള്‍ വിശദീകരിക്കുന്ന അഞ്ച് പായയുമടക്കം ആകെ ആറ് പായകളാണ് ആ കപ്പലിനുള്ളത്. കൂടാതെ കപ്പലിന്റെ ബോഡിയില്‍ ഈമാന്‍ കാര്യങ്ങളും ഇസ്്ലാമിന്റെ അടിസ്ഥാന കാര്യങ്ങളും അറബി മലയാളത്തിലും അറബിയിലുമായി വിശദീകരിച്ചിരിക്കുന്നു.

മാതൃകാ കോപ്പിയില്ലാതെയായിരിക്കാം ഈ ചിത്രങ്ങള്‍ വരച്ചത്. എങ്കില്‍ തീര്‍ച്ചയായും ഇതൊരു അസാധാരണമായ കലാസൃഷ്ടി തന്നെയാണ്. എന്നാല്‍ പഴയകാല കിതാബുകളുടെ പല പ്രതികളിലും അന്നത്തെ ഹറമൈനികളുടെ ചിത്രമുണ്ടെന്നും അതില്‍ നിന്നും നോക്കി പകര്‍ത്തിയതാകാമെന്നും പറയുന്നവരുണ്ട്.

കപ്പലില്‍ ഹജ്ജ് ചെയ്യുന്നവരെ കുറിച്ച് തങ്ങളുസ്താദിന്റെ സംസാരത്തില്‍ നിരന്തരം കേള്‍ക്കാറുണ്ടായിരുന്നു. ഒരുപക്ഷെ, മക്കയും മദീനയും വരച്ചതിന്റെ തുടര്‍ച്ചയായിട്ടാണ് ചിത്രകാരന്‍ കപ്പലുകളും വരച്ചതെങ്കില്‍ അന്നത്തെ പ്രധാന യാത്രാ മാർഗം കപ്പലായതിനാലാകാം ഇവിടെ ഇങ്ങനെ വരച്ചതെന്നും ഉസ്താദ് ഊഹം പറഞ്ഞിരുന്നു. ഇന്നത്തെ പോലെ ക്യാമറയും മറ്റു വിഷ്വലുകളും അപ്പപ്പോള്‍ ലഭ്യമാകാത്ത ഒരുകാലത്ത് ഈ ചിത്രങ്ങളിലേക്ക് നോക്കുന്ന ഏതൊരാള്‍ക്കും ഹജ്ജിന് പോകാന്‍ മനസ്സില്‍ അതിയായ ആഗ്രഹം ജനിപ്പിക്കുമെന്നതില്‍ സംശയമില്ല.

കൂടാതെ മറ്റൊരു അനുമാനം വിശുദ്ധ ഖുര്‍ആനും തസവ്വുഫിന്റെ മറ്റു പല ഗ്രന്ഥങ്ങളും ഇസ്‌ലാമിനെയും മനുഷ്യ ശരീരത്തെയുമെല്ലാം കപ്പലുമായി ഉപമിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെ വരാനുള്ള കാരണമെന്നും പറയുന്നവരുണ്ട്.

രണ്ടാമത്തെ കപ്പലിന്റെ ചിത്രം ഒന്നാമത്തേതിനെ അപേക്ഷിച്ച് അപൂർണമാണെന്ന് തോന്നുന്നു. അഥവാ, കപ്പലിന്റെ രൂപം ചിത്രത്തിനുണ്ടെങ്കിലും അതില്‍ മറ്റ് പലതും രേഖപ്പെടുത്താന്‍ ചിത്രകാരന്‍ ഉദ്ദേശിച്ചിരുന്നു എന്ന് തോന്നുമാറ് ചില കുത്തിക്കുറിക്കലുകള്‍ തുടങ്ങിവെച്ചതായി കാണാം. ഇത്തരത്തില്‍ നാല് ചിത്രങ്ങളാണ് ചുമരിലുള്ളത്.

കലിഗ്രഫിയും മറ്റു രേഖപ്പെടുത്തലുകളും

അതിമനോഹരമായ കലിഗ്രഫി ക്യാന്‍വാസുകളും രചനകളും ഈ ചുവര്‍ ചിത്രങ്ങളില്‍ കാണാവുന്നതാണ്. അതിനുപുറമെ തിരുനബി (സ്വ)യുടെ ശാരീരിക സ്വഭാവ ഗുണങ്ങള്‍ വിശദീകരിക്കുന്ന ശമാഇലുന്നബി പ്രത്യേക രീതിയിലും ഭംഗിയിലും രേഖപ്പെടുത്തിയിരിക്കുന്നു. പല ചിത്രങ്ങളുടെ ഉള്ളിലും അല്ലാതെയും ശമാഇല്‍ രേഖപ്പെടുത്തിയതായി കാണാം. എങ്ങനെയായിരുന്നു തിരുനബി എന്ന് അറിയാനാഗ്രഹിക്കുന്ന ഒരാള്‍ക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാവുന്ന തരത്തിലാണ് അവിടെ പകര്‍ത്തിയിരിക്കുന്നത്.

കൂടാതെ മഹാനായ ഇമാം അഹ്മദ് ബദവി തങ്ങളുടെ സ്വലാത്തുന്നൂറാനിയയും ശമാഇലിനോടൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്.ചുമരിലെ മറ്റൊരു രേഖയിൽ നിസ്‌കാര സമയം നിര്‍ണയിക്കാന്‍ പഴയകാലത്ത് ഓത്തുപള്ളികളിലും അല്ലാതയും പാടിപ്പറഞ്ഞിരുന്ന അറബിയും മലയാളവും ഇടകലര്‍ത്തിയ ബൈത്തും അതിനു തൊട്ടു താഴെയായി ഉദയമടക്കമുള്ള നിസ്‌കാരത്തിന്റെ സമയങ്ങളും അടിക്കണക്കനുസരിച്ച് തിട്ടപ്പെടുത്താനുള്ള പന്ത്രണ്ട് രാശികളും രേഖപ്പെടുത്തിയിരിക്കുന്നു. ഇതിലൂടെ സൂര്യ – ചന്ദ്ര – നക്ഷത്രാദികളുടെ ചലനങ്ങളും പ്രത്യക്ഷ സമയങ്ങളുമെല്ലാം മനസ്സിലാക്കാം.

അകംപള്ളിയുടെ പ്രധാന കവാടത്തിന്റെ മനോഹരമായ മഞ്ചരിയുടെ തൊട്ടു മുകളിലായി അറബി പദ്യ രൂപേണ രചയിതാവ് തന്റെ പേരും രചനയുടെ ഉദ്ദേശ്യവും വര്‍ഷവുമെല്ലാ രേഖപ്പെടുത്തിയിരിക്കുന്നു. ഹിജ്‌റ 1306ല്‍ ആശുറ ദിനമായ തിങ്കളാഴ്ച ദിവസമാണ് മുഹ്‌യിദ്ധീന്‍ എന്നുപേരുള്ളയാള്‍ ഈ രചന പൂര്‍ത്തീകരിച്ചതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹാജി ബേയ്പ്പുകാരന്‍ ഉണ്ണിമായിന്‍ കുട്ടിയെന്നാണ് രചയിതാവിന്റെ പേരെന്ന് മറ്റൊരു പഠനത്തില്‍ കാണാന്‍ കഴിഞ്ഞു. എന്നാല്‍ ഇത് അറബി നാമമായ മുഹ്‌യിദ്ധീന്‍ മലയാളത്തിലേക്ക് ലോപിച്ചതാണെന്ന് പറയപ്പെടുന്നു.

കൂടാതെ മഅ്ദിനിലെ മുദർരിസും ചരിത്രകാരനുമായ ഗഫൂർ മുസ്്ലിയാർ കാവനൂർ രചിച്ച വിജ്ഞാന ശിലകൾ എന്ന ഗ്രന്ഥത്തിൽ വലിയ പണ്ഡിതനും മുദർരിസും മതപ്രഭാഷകനുമായിരുന്ന വെയ്പ്പൂർ അഹ്മദ് കുട്ടി മുസ്്ലിയാരുടെ പിതാവ് മൊയ്തീൻ ഹാജിയെ കുറിച്ച് പരാമർശമുണ്ട്. ഇദ്ദേഹമാണ് താഴത്തങ്ങാടി പള്ളിയിലെ ചുവർ ചിത്രങ്ങൾ പകർത്തിയതെന്ന് ഗ്രന്ഥകാരൻ പറയുന്നത് കൂടെ ഇവിടെ ചേർത്തു വായിക്കാം.

പുറത്ത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ ഇടനാഴിയില്‍ നിന്നും ഉള്ളിലേക്ക് കയറിയാല്‍ നിസ്‌കാരത്തിന് വേണ്ടി തന്നെ സജ്ജീകരിച്ച വിശാലമായ ഒരു മുറിയാണ്. അതും കടന്നുവേണം അകപ്പള്ളിയിലേക്ക് പ്രവേശിക്കാന്‍. പഴമയുടെ മുഴുവന്‍ പ്രതാപവും വിളിച്ചോതുന്നതാണ് അകപ്പള്ളി. പ്രൗഢമായ അഞ്ച് പടികളോടെ മരത്തില്‍ നിര്‍മിച്ച മേൽക്കൂരയുള്ള മിമ്പര്‍. പള്ളിയെ തലയെടുപ്പോടെ നിര്‍ത്തുന്ന തൂണുകളും ഉത്തരങ്ങളുമെല്ലാം വളരെ വലിയ ഒറ്റമരത്തടിയിലാണ് നിർമിച്ചിരിക്കുന്നത്. ഉയര്‍ന്ന് നില്‍ക്കുന്ന തടിച്ച തൂണുകളായ മരത്തിലും മിമ്പറിന്റെ കൈപ്പിടിയിലുമെല്ലാം ചെറിയ വെട്ടുപോലുള്ള ഭാഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത് അന്വേഷിച്ചപ്പോള്‍ പറഞ്ഞത് മലബാര്‍ സമരകാലത്ത് ബ്രിട്ടീഷുകാര്‍ പള്ളിയില്‍ കയറിയിരിക്കാമെന്നും അവരുടെ ആയുധങ്ങള്‍ കൊണ്ടുണ്ടായ മുറിപ്പാടുകളാണെന്നുമാണ്.

മിമ്പറിന്റെ വലതുഭാഗത്തായുള്ള ചുവരില്‍ സമയം അറിയിച്ചുനില്‍ക്കുന്ന ഘടികാരം ഒറ്റ നോട്ടത്തില്‍ പഴയ മാതൃകയില്‍ പള്ളിക്കനുയോജ്യമായി പുതിയത് നിര്‍മിച്ചതാണെന്നാണ് കരുതിയത്. എന്നാല്‍ ഘടികാരത്തിന്റെ വാതിൽ പൊളി തുറന്നപ്പോള്‍ അതില്‍ 1905 എന്ന ഗ്രിഗേറിയനടക്കം മൂന്ന് കലണ്ടർ തിയതികളും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.
ചുരുങ്ങിയത് 140 വര്‍ഷത്തെ പഴക്കമെങ്കിലും ഈ ചിത്രങ്ങള്‍ക്ക് മാത്രം കണക്കാക്കാം. അമ്പിയാക്കളുടെയും ഔലിയാക്കളുടെയും അപദാനങ്ങള്‍ പറയുന്ന വാക്യങ്ങളും അവരെ പ്രകീര്‍ത്തിക്കുന്ന അനേകം വരികളുമെല്ലാം ഈ ചിത്രങ്ങളില്‍ നിന്നും വായിച്ചെടുക്കാം. സുന്നി പാരമ്പര്യ വിശ്വാസത്തിന് കേരളീയ നാട്ടിന്‍പുറങ്ങളില്‍ എത്രമാത്രം അടിവേരുണ്ട് എന്നു കൂടെ ഈ ചിത്രങ്ങള്‍ പറയുന്നുണ്ട്.

Latest