Connect with us

National

മഹുവ മൊയത്രക്ക് ഒപ്പമുള്ള ചിത്രങ്ങൾ; സംഘപരിവാർ തരംതാണ രാഷ്ട്രീയം കളിക്കുന്നുവെന്ന് ശശി തരൂർ

ബുദ്ധിയുള്ളവർക്ക് ചോദിക്കാമല്ലോ ആരാണ് പടമെടുത്തത് എന്ന്. രണ്ടുപേരും ഒറ്റയ്ക്കു ചെയ്യുന്നത് മൂന്നാമതൊരാൾ പകർത്തുമോ എന്നും തരൂർ

Published

|

Last Updated

തിരുവനന്തപുരം | തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്രയ്‌ക്കൊപ്പമുള്ള തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തുന്ന പ്രചാരണങ്ങളിൽ വിശദീകരണവുമായി ശശി തരൂർ എംപി. മഹുവയുടെ ജന്മദിനാഘോഷത്തിൽ കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നുവെന്നും അതിനിടെ എടുത്ത ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത് തരംതാണ രാഷ്ട്രീയമാണെന്നും തരൂർ പറഞ്ഞു.

”ആ കുട്ടിയുടെ ബർത്ത് ഡേ പാർട്ടിയിൽ… അങ്ങനെ പറയാൻ പറ്റില്ല, എന്നാലും എനിക്ക് മഹുവ ഒരു കുട്ടിയാണ്. എന്നെക്കാൾ പത്തിരുപത് വയസ് പ്രായം കുറവുള്ള എം.പിയാണ്. അവരുടെ ജന്മദിന പാർട്ടിയിൽ എന്റെ സഹോദരി ഉൾപ്പെടെ 15 പേരുണ്ടായിരുന്നു. അതിൽനിന്ന് ആളുകളെ വെട്ടിക്കളഞ്ഞു മറ്റുള്ളവരെ കാണിക്കാതെ രഹസ്യ കൂടിക്കാഴ്ച പോലെ മനഃപൂർവം കാണിക്കുകയാണ് ചെയ്തിരിക്കുന്നത്.”- തരൂർ വ്യക്തമാക്കി.

ബുദ്ധിയുള്ളവർക്ക് ചോദിക്കാമല്ലോ ആരാണ് പടമെടുത്തത് എന്ന്. രണ്ടുപേരും ഒറ്റയ്ക്കു ചെയ്യുന്നത് മൂന്നാമതൊരാൾ പകർത്തുമോ? സോഷ്യൽ മീഡിയയിൽ നടക്കുന്ന ട്രോളുകൾക്കു വലിയ വില കൊടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ സംഘ്പരിവാർ സൈബർ ആക്രമണത്തെ വിമർശിച്ച് നേരത്ത മഹുവയും രംഗത്തെത്തിയിരുന്നു. ബി.ജെ.പി ട്രോൾ ആർമിയാണ് തന്റെ സ്വകാര്യ ചിത്രങ്ങൾ ദുരുദ്ദേശ്യപൂർവം സാഹചര്യത്തിൽനിന്ന് അടർത്തിമാറ്റി പ്രചരിപ്പിക്കുന്നതെന്നായിരുന്നു മഹുവയുടെ വിശദീകരണം. ബംഗാൾ പെണ്ണുങ്ങൾ കള്ളത്തിനുമേലല്ല, നിശ്ചയദാർഢ്യത്തോടെയാണു ജീവിക്കുന്നത്. എന്തിനാണ് വെട്ടിയൊട്ടിച്ചു പ്രചരിപ്പിക്കുന്നത്. മുഴുവൻ കാണിക്കൂവെന്നും അവർ ആവശ്യപ്പെട്ടിരുന്നു.