Connect with us

Kerala

ശബരിമല തീര്‍ഥാടനം; വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യാന്‍ കഴിയാതെ എത്തുന്ന തീര്‍ഥാടകര്‍ക്കും ദര്‍ശന സൗകര്യം നല്‍കും

ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയില്‍ രേഖയുമായി എത്തുന്ന എല്ലാ അയ്യപ്പഭക്തരെയും കടത്തിവിടാന്‍ തന്നെയാണ് തീരുമാനമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

Published

|

Last Updated

പത്തനംതിട്ട| ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന ഒരു അയ്യപ്പഭക്തനെ പോലും മടക്കി അയക്കില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. പത്തനംതിട്ട പ്രസ്‌ക്ലബില്‍ ശബരിമല സുഖദര്‍ശനം സംവാദം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യാന്‍ കഴിയാതെ എത്തുന്ന തീര്‍ഥാടകര്‍ക്കും ദര്‍ശന സൗകര്യം നല്‍കും. സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയില്‍ രേഖയുമായി എത്തുന്ന എല്ലാ അയ്യപ്പഭക്തരെയും കടത്തിവിടാന്‍ തന്നെയാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

ഇവരുടെ രജിസ്‌ട്രേഷന്‍ എങ്ങനെ വേണമെന്ന് പോലീസും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് തീരുമാനിക്കും. നവംബര്‍ പത്തിന് മുന്‍പ് പ്രഖ്യാപനമുണ്ടാകും. മണ്ഡല, മകരവിളക്കു കാലത്ത് 13600 പോലീസുകാര്‍ വിവിധ ഘട്ടങ്ങളിലായി ഡ്യൂട്ടിയിലുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. എ ഡി ജി പി എസ് ശ്രീജിത്തിനാണ് ശബരിമല കോ ഓര്‍ഡിനേറ്ററുടെ ചുമതല. പതിനെട്ടാം പടി വഴി ഒരു മിനിട്ടില്‍ എഴുപതിനും എഴുപത്തഞ്ചിനുമിടയില്‍ തീര്‍ഥാടകരെയാണ് നിലവില്‍  കയറ്റിവിടുന്നത്. എണ്ണം വര്‍ധിപ്പിക്കുന്നതു സാധ്യമാണോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

തീര്‍ഥാടനത്തിന് മുന്നോടിയായി 40 ലക്ഷം ടിന്‍ അരവണയുടെ കരുതല്‍ ശേഖരമുണ്ടാകും. സന്നിധാനത്ത് നാലായിരം പേര്‍ക്ക് ഇരിക്കാവുന്ന വിരിപ്പന്തല്‍ ഒരുക്കും. മലകയറ്റത്തിനിടെ വിശ്രമിക്കുന്നതിനായി മരക്കൂട്ടം മുതല്‍ 1000 സ്റ്റീല്‍ കസേര സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ളസൗകര്യം, ഇ ടോയ് ലറ്റ് സംവിധാനം ഇവ അധികമായി ക്രമീകരിക്കും

സന്നിധാനത്തും പമ്പയിലും ഇ സി ജി, എക്കോ, ടി എം ടി, രക്തപരിശോധന എന്നിവ നടത്തും. പാമ്പുകടിയേല്‍ക്കാതിരിക്കാന്‍ പാമ്പു പിടുത്തക്കാരെ നിയമിക്കും. പാമ്പു കടിയേല്‍ക്കുന്നവര്‍ക്കായി ആന്റിവെനം കരുതല്‍ ശേഖരമായി ഉണ്ടാകും. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം സൗജന്യ സേവനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവരോടൊപ്പം സംസ്ഥാന ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ കൂടി ആകുന്‌പോള്‍ മെച്ചപ്പെട്ട ചികിത്സ സംവിധാനം ഒരുക്കാനാകും. ഓഫ് റോഡ് ആംബുലന്‍സ് ഒരെണ്ണം കൂടി സന്നിധാനത്തെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജ് ബേസ് ആശുപത്രിയായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചെങ്കിലും ഇവിടെയുള്ള ചില അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതു പരിഹരിക്കണമെന്ന് കെ യു  ജനീഷ് കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പമ്പയില്‍ നിന്നുള്ള യാത്രാ സൗകര്യം കൂടി പരിഗണിച്ച് ശസ്ത്രക്രിയ അടക്കമുള്ള സൗകര്യങ്ങള്‍ നിലനില്‍ക്കുന്ന കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അടിയന്തരഘട്ടത്തില്‍ രോഗികളെ അയയ്ക്കുന്നതിനും പ്രാധാന്യം നല്‍കും.

നിലയ്ക്കലില്‍ 15500 വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കും. ചെറിയ വാഹനങ്ങള്‍ക്ക് പമ്പ വരെ പോകാന്‍ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ പന്പ വരെ സര്‍വീസ് നടത്തും. ഇവ നിലയ്ക്കലില്‍ സര്‍വീസ് അവസാനിപ്പിച്ച് ചെയിന്‍ സര്‍വീസ് ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശത്തോടു കെഎസ്ആര്‍ടിസി യോജിച്ചില്ല.  തിരക്ക് വര്‍ധിക്കുന്ന ഘട്ടത്തില്‍ തീര്‍ഥാടകരെ ക്രമീകരിച്ചു നിര്‍ത്തുന്നതിനു സംവിധാനങ്ങളുണ്ടാകും. എരുമേലിയിലെ പാര്‍ക്കിങ് സൗകര്യം ഇതിന്റെ ഭാഗമായി വിപുലപ്പെടുത്തും. കുമളി അടക്കമുള്ള ഇടത്താവളങ്ങളിലും പാര്‍ക്കിങ് വിപുലപ്പെടുത്തും. നിലയ്ക്കലിലും അധിക പാര്‍ക്കിങ് വാഹനങ്ങള്‍ക്കു ലഭിക്കും. തീര്‍ഥാടനകാല ക്രമീകരണങ്ങള്‍ നവംബര്‍ പത്തിനു മുമ്പ് പൂര്‍ത്തിയാകുമെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. ഇതിനോടകം ഇടത്താവളങ്ങളിലടക്കം അവലോകനയോഗങ്ങള്‍ ചേര്‍ന്നു. പൊതുമരാമത്ത് റോഡുകളുടേതടക്കം ഏറ്റെടുത്തിരിക്കുന്ന എല്ലാ ജോലികളും പത്തിനകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. നിലയ്ക്കല്‍ – പമ്പ കുടിവെള്ള പദ്ധതിയും നവംബര്‍ 10ന് മുമ്പായി കമ്മീഷന്‍ ചെയ്യുമെന്നാണ് ജലവിഭവ വകുപ്പ് അറിയിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

ശബരിമല റോപ് വേയ്ക്ക് ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കുളത്തൂരില്‍ ഭൂമി അനുവദിച്ചിട്ടുണ്ട്. സ്ഥലം കൈമാറ്റം സംബന്ധിച്ച് വനംവകുപ്പുമായി ധാരണയായി. റോപ് വേ നിര്‍മാണം ഉടന്‍ ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ചരക്കു നീക്കം കൂടാതെ മല കയറാന്‍ ബുദ്ധിമുട്ടുള്ള തീര്‍ഥാടകര്‍ക്കും ഇതിലൂടെ യാത്ര ചെയ്യാനാകും. ഡോളിയില്‍ തീര്‍ഥാടകരെ ചുമന്ന് പമ്പയില്‍ നിന്നു  മല കയറുന്നത് ഇതിലൂടെ ഒഴിവാകും.

Latest