National
വിമാനം ലാന്‍ഡ് ചെയ്തതിനു പിന്നാലെ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു
28കാരനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റാണ് മരിച്ചത്.

ന്യൂഡല്‍ഹി| വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. 28കാരനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റാണ് മരിച്ചത്. ശ്രീനഗറില്‍ നിന്നുള്ള വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പൈലറ്റിന് ഹൃദയാഘാതമുണ്ടായത്. വിമാനം ലാന്‍ഡ് ചെയ്ത ശേഷം പൈലറ്റിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയും കാബിനിനുള്ളില്‍ ഛര്‍ദിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൈലറ്റിന്റെ മരണത്തില്‍ എയര്‍ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി. വിലപ്പെട്ട ഒരു സഹപ്രവര്‍ത്തകനെ നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ അഗാധമായി ഖേദിക്കുന്നു. ഞങ്ങള്‍ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കും. ഈ സമയത്ത് സ്വകാര്യതയെ മാനിക്കാനും അനാവശ്യമായ ഊഹാപോഹങ്ങള്‍ ഒഴിവാക്കാനും ഞങ്ങള്‍ ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
ആവശ്യത്തിന് വിശ്രമം ലഭിക്കാത്തത് കാരണം പൈലറ്റുമാര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനായി നേരത്തെ പൈലറ്റുമാരുടെ വിശ്രമം സംബന്ധിച്ച് ഡിജിസിഎ ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പൈലറ്റുമാരുടെ വിശ്രമസമയം 36 മണിക്കൂറില്‍ നിന്ന് 48 ആക്കി ഉയര്‍ത്തണമെന്നായിരുന്നു ഡിജിസിഎയുടെ നിര്‍ദേശം.