Kerala
പിണറായിയുടേത് അഴിമതിയുടെ കറപുരണ്ട മുതലാളിത്ത രാഷ്ട്രീയം:കെ സുധാകരന്‍
ഒരു കുടുംബത്തിനുവേണ്ടി ഭരണം നടത്തുന്ന മുഖ്യമന്ത്രി ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യമാണ്
പത്തനംതിട്ട | തൊഴിലാളി വര്‍ഗ്ഗ നേതാവെന്ന് ഊറ്റംകൊള്ളുന്ന പിണറായി വിജയന്‍ ഇന്ന് അഴിമതിയുടെ കറപുരണ്ട മുതലാളിത്ത രാഷ്ട്രീയ വക്താവായി മാറിയിരിക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയുടെ രാഷ്ട്രീയ ശൈലി കേരളത്തിലെ സി പി എം പരസ്യമായി തള്ളിപ്പറയുന്നു. ഒരു കുടുംബത്തിനുവേണ്ടി ഭരണം നടത്തുന്ന മുഖ്യമന്ത്രി ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിച്ചതിനും ചോദ്യം ചെയ്തതിനും കൊല്ലത്ത് സി പി എം ജില്ലാ സമ്മേളനത്തില്‍ തമ്മിലടിവരെ ഉണ്ടായി.
എനിക്കും എന്റെ കുടുംബത്തിനും പണം എന്നതുമാത്രമാണ് പിണറായിയുടെ ലക്ഷ്യം. തുരുമ്പിച്ച സര്‍ക്കാരെന്ന് സ്വന്തം പാര്‍ട്ടി നേതാക്കള്‍ വിശേഷിപ്പിച്ചതാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണനേട്ടം. നരേന്ദ്ര മോദിയുടെ പാത പിന്തുടരുന്ന പിണറായി ഊരാളുങ്കലിനെ കേരളത്തിലെ അദാനിയായി വളര്‍ത്തുന്നു. ബി ജെ പിയും, സി പി എമ്മും തമ്മില്‍ രാഷ്ട്രീയ അന്തര്‍ധാര സജീവമാണ്. ഇതിനാലാണ് അഴിമതിക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ സി ബി ഐയും ഇഡിയും തയ്യാറാകാത്തത്. ആര്‍ഭാടവും ധൂര്‍ത്തും അഴിമതിയും നടത്തി കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുകയാണെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യ പ്രഭാക്ഷണം നടത്തി. ഡി സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ കണ്‍വന്‍ഷനില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം, കൊടിക്കുന്നില്‍ സുരേഷ് എം പി, ആന്റോ ആന്റണി എം പി, കെ പി സി സി ഭാരവാഹികളായ പഴകുളം മധു, എ എ ഷുക്കൂര്‍, എം എം നസീര്‍, കെ ജയന്ത്, ജി സുബോധന്‍ മുന്‍ ഡി സി സി പ്രസിഡന്റുമാരായ കെ ശിവദാസന്‍ നായര്‍, പി മോഹന്‍രാജ്, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മാലേത്ത് സരളാദേവി എക്സ് എം എല്‍ എ, യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഷംസുദ്ദീന്‍ സംസാരിച്ചു.