Thrikkakara by-election
പിണറായി കരുത്തനായ നേതാവ്; വികസനം തടഞ്ഞുള്ള രാഷ്ട്രീയം തനിക്ക് വേണ്ട- കെ വി തോമസ്
'സഖാവ്'വിളികളോടെ തോമസിന് ഉജ്ജ്വല സ്വീകരണം
കൊച്ചി | എല്‍ ഡി എഫ് കണ്‍വന്‍ഷന്‍ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധതക്കെതിരെ പ്രതികരിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. പിണറായി വിജയന്‍ കരുത്തുള്ള നേതാവാണ്. എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. കരുത്തുള്ള ജനനായകര്‍ക്കേ എതിര്‍പ്പുകളെ മറികടന്ന് മുന്നോട്ട്‌പോകാനാകൂ. ഇന്ത്യയെ നയിക്കാന്‍ കരുത്തുള്ള നേതാവാണ് പിണറായി വിജയന്‍ എന്ന് പറഞ്ഞത് സ്റ്റാലിനാണ്. വികസനത്തിന് താന്‍ പിണറായി വിജയനൊപ്പമാണെന്ന് പറയുന്നതില്‍ ഒരു മടിയുമില്ലെന്നും ക വി തോമസ് പറഞ്ഞു.
വികസനത്തിന്റെ പച്ചക്കൊടി ഉയര്‍ത്തുന്ന തിരഞ്ഞെടുപ്പാണിത്. വികസനം തടഞ്ഞുള്ള ഒരു രാഷ്ട്രീയം തനിക്ക് വേണ്ട. തൃക്കാക്കര വികസിക്കണം. കൊച്ചി വികസിക്കണം. കേരളത്തിന്റെ വികസനത്തിന്റെ അതിവേഗ പാതകള്‍ വേണം. തൃക്കാക്കരയിലൂടെ കെ റെയില്‍ വരും. 19 എം പിമാര്‍ കേരളത്തിന്റെ വികസനത്തിന് ഒന്നും ചെയ്തില്ല. മക്കള്‍ രാഷ്ട്രീയത്തേയോ, കുടുംബ രാഷ്ട്രീയത്തേയോ പി ടി തോമസ് ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ആശയപരമായി എന്നും ഇടതുപക്ഷത്തിനൊപ്പം നിന്നയാളാണ് താനെന്നും കെ വി തോമസ് പറഞ്ഞു.
എല്‍ ഡി എഫ് കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ കെ വി തോമസിനെ സഖാവേ എന്ന് വിളിച്ച്, നിറഞ്ഞ കൈയടിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കെ വി തോമസ് വരുമ്പോള്‍ അദ്ദേഹം ഇങ്ങോട്ട് വരുകയാണെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം ഏറെ വൈകിയാണ് ഇങ്ങോട്ട് എത്തിയത്. കെ റെയിലിന്റെ ആവശ്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കെ വി തോമസിനെ ഷാള്‍ അണിയിച്ചു.