Kerala
'പിണറായി വിവരം കെട്ടവന്‍; അവന്‍ വെട്ടിക്കൊന്നതും വെടിവെച്ച് കൊന്നതും ബോംബെറിഞ്ഞ് കൊന്നതും എത്രപേരെ?'
വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ?, ബോംബ് ഇനിയും പൊട്ടാനുണ്ട് എന്നിട്ട് പറയാമെന്നായിരുന്നു സുധാകരന്റെ ആദ്യം പ്രതികരണം.
കണ്ണൂര്‍ | കോണ്‍ഗ്രസ് ഓഫീസില്‍ ബോംബ് പ്രദര്‍ശിപ്പിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അവന്‍ വെട്ടിക്കൊന്നതും വെടിവച്ചു കൊന്നതും ബോംബെറിഞ്ഞു കൊന്നതും എത്രപേരെ? സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് വെട്ടാനും കുത്താനും തുടങ്ങിയതല്ലേ. എനിക്ക് ആ റെക്കോഡില്ല. പിണറായി വിവരം കെട്ടവന്‍. ആണത്തമുണ്ടോ?-എന്നാണ് സുധാകരന്‍ പ്രതികരിച്ചത്.
തലശേരി എരഞ്ഞോളിയില്‍ വയോധികന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ കെ സുധാകരന്‍ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. വൃദ്ധനല്ലേ മരിച്ചത്. ബോംബ് ഇനിയും പൊട്ടാനുണ്ട് എന്നിട്ട് പറയാമെന്നായിരുന്നു സുധാകരന്റെ ആദ്യം പ്രതികരണം.പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സുധാകരന്‍ വീണ്ടുമെത്തി. സിപിഎം ആക്രമണത്തില്‍ ചെറുപ്പക്കാരന്‍ കൊല്ലപ്പെടാതിരുന്നത് ആദ്യമായിട്ടാണ് എന്നായിരുന്നു വിശദീകരണം. ഇന്നലെയാണ് തലശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് എരഞ്ഞോളി സ്വദേശി വേലായുധന്‍ (86) കൊല്ലപ്പെട്ടത്. ആള്‍താമസമില്ലാത്ത വീട്ടില്‍ തേങ്ങ പെറുക്കാന്‍ പോയപ്പോള്‍ കിട്ടിയ വസ്തു തുറന്നു നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.