Kerala
പിങ്ക് പോലീസ് സംഭവം; സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
കൊച്ചി | പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ട് വയസ്സുള്ള കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, പി എസ് സുധ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ പെരുമാറ്റത്തിന്റെ പേരില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നും, ഉദ്യോഗസ്ഥ കുട്ടിയോട് മോശം വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും അപ്പീലില്‍ പറയുന്നു. പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും ഇരുപത്തിയ്യായിരം രൂപ വ്യവഹാര ചെലവും നല്‍കണമെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.ആറ്റിങ്ങലില്‍ കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു സംഭവം.മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡില്‍ പരിശോധന്ക്ക് വിധേയരാക്കിയത്. ഒടുവില്‍ പോലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് തന്നെ മൊബൈല്‍ കിട്ടി.