Kerala
പിങ്ക് പോലീസ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവം; നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ആവശ്യം സര്‍ക്കാര്‍ തള്ളി
. ഉദ്യോഗസ്ഥയുടെ തെറ്റിന് പരമാവധി നടപടി സ്വീകരിച്ചുവെന്നും ഇനിയും നടപടി എടുക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ കോടതിയെ രേഖാമൂലം അറിയിച്ചു
കൊച്ചി | തിരുവനന്തപുരം ആറ്റങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതിയുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. പെണ്‍കുട്ടിക്ക് ഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു.
കുട്ടിയുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. നാല് സാക്ഷിമൊഴികളും ഹാജരാക്കി. പോലീസ് ഉദ്യോഗസ്ഥ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് സാക്ഷിമൊഴികള്‍. ഉദ്യോഗസ്ഥയുടെ തെറ്റിന് പരമാവധി നടപടി സ്വീകരിച്ചുവെന്നും ഇനിയും നടപടി എടുക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ കോടതിയെ രേഖാമൂലം അറിയിച്ചു. ഹരജി ഇന്ന് ഉച്ചക്ക് ശേഷം കോടതി പരിഗണിക്കും.
കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച ഹൈക്കോടതി, കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും നഷ്ടപരിഹാരത്തുക എത്രയാണെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയായ പൊലീസ് ഉദ്യോഗസ്ഥ രജിതയ്‌ക്കെതിരെ കടുത്ത നടപടി എടുക്കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.
പിതാവും മകളും തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവില്‍ പോലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ കിട്ടി.