Connect with us

Kerala

പിങ്ക് പോലീസിന്റെ പരസ്യ വിചാരണ; ക്ഷമ ചോദിച്ചെന്ന വാദം തള്ളി ഡിജിപി

ഡി.ജി.പിയുടെ ഓഫീസ് മകളോടാണ് മാപ്പ് ചോദിച്ചതെന്നും ഹൈക്കോടതി വിധി നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും നേരത്തെ ജയചന്ദ്രന്‍ പറഞ്ഞിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | ആറ്റിങ്ങലില്‍ ബാലികയേയും പിതാവിനേയും പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി മാപ്പ് ചോദിച്ചെന്ന ബാലികയുടെ അച്ഛന്‍ ജയചന്ദ്രന്റെ അവകാശവാദം ഡിജിപിയുടെ ഓഫീസ് തള്ളി . പെണ്‍കുട്ടിയുടെ കുടുംബത്തെ ഡിജിപി നേരിട്ട് കണ്ടിട്ടില്ലെന്നും ഡിജിപി ക്ഷമ ചോദിച്ചിട്ടില്ലെന്നും പോലീസ് വക്താവ് അറിയിച്ചു.

ഡി.ജി.പിയുടെ ഓഫീസ് മകളോടാണ് മാപ്പ് ചോദിച്ചതെന്നും ഹൈക്കോടതി വിധി നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും നേരത്തെ ജയചന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തള്ളിയിരിക്കുകയാണ് ഇപ്പോള്‍ പോലീസ്.

ഹൈക്കോടതി ഉത്തരവ് നേരിട്ട് കൈമാറാന്‍ ജയചന്ദ്രനും മകളും പോലീസ് ആസ്ഥാനത്ത് എത്തിയിരുന്നു.നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടും പോലീസ് ഇത് കാര്യമായി പരിഗണിച്ചിരുന്നില്ല. അതുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് നേരിട്ട് കൈമാറി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടാന്‍ എത്തിയതെന്നും ജയചന്ദ്രന്‍ പറഞ്ഞിരുന്നു

ആറ്റിങ്ങലില്‍ വെച്ച് മൊബൈല്‍ മോഷ്ടാക്കളെന്ന് മുദ്രകുത്തിയാണ് ഇവരെ പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയത്. ഈ കേസില്‍ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.