Connect with us

Sitaram Yechury

മതേതര രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളി; ഫാസിസ്റ്റ് വിരുദ്ധ തേരാളി

പൗരത്വ ഭേദഗതി സമരകാലത്തും കോവിഡ് പ്രതിരോധത്തിലെ ബിജെപി സര്‍ക്കാര്‍ വീഴ്ചക്കെതിരെയും ഉറച്ച നിലപാടാണ് യെച്ചൂരി കാത്ത് സൂക്ഷിച്ചത്. ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തില്‍ എന്നൊക്കെ കൈകടത്താന്‍ ശ്രമം നടത്തിയോ അന്നെല്ലാം പ്രതിരോധത്തിന് മുന്നില്‍ സീതാറാം യെച്ചൂരിയുമുണ്ടായിരുന്നു.

Published

|

Last Updated

ഇന്ത്യയുടെ മതേതര രാഷ്ട്രീയത്തിന്റെ മുന്നണിപ്പൊരാളിയും ധീരനേതൃത്വവുമായിരുന്നു വിടപറഞ്ഞ സീതാറാം യെച്ചൂരി. അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായ യെച്ചൂരി പാര്‍ട്ടിയുടെ സൗമ്യ മുഖമായാണ് അറിയപ്പെട്ടിരുന്നത്. രാജ്യത്തെ മതേതര പാര്‍ട്ടികളെ ഒരു കുടക്കീഴിയില്‍ നിര്‍ത്തി സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ നിരന്തരം അദ്ദേഹം പോരാടി. 32 വര്‍ഷമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന യച്ചൂരി 2015ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തിയത്.

അധികാരത്തിനുവേണ്ടി ഫാസിസത്തോട് സന്ധി ചെയ്യാന്‍ പോലും മടിക്കാത്തവരുടെ കാലത്ത് യെച്ചൂരി ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി ശക്തമായി നിലയുറപ്പിച്ചു. അസാധ്യമെന്ന് വിധിയെഴുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ രൂപീകരിക്കാന്‍ ചുക്കാന്‍ പിടിച്ചവരില്‍ യെച്ചൂരി എന്നും മുന്‍നിരയിലാണ്. 1996ല്‍ ഐക്യമുന്നണി സര്‍ക്കാരും 2004ലെ ഒന്നാം യുപിഎ സര്‍ക്കാരും 2024ലെ ഇന്ത്യ സഖ്യത്തിലുമെല്ലാം യെച്ചൂരിയുടെ തലയുണ്ട്.

സീതാറാം യെച്ചൂരി രാഹുൽ ഗാന്ധി, ശരത് പവാർ എന്നിവർക്കൊപ്പം

ദേവ ഗൌഡ സര്‍ക്കാരിന്റെയും ഒന്നാം യുപിഎ സര്‍ക്കാരിന്റെയും പൊതുമിനിമം പരിപാടിക്ക് പിന്നില്‍ യെച്ചൂരിയുടെ മാസ്റ്റര്‍ ബ്രെയിനാണ് പ്രവര്‍ത്തിച്ചത്. സാധാരണക്കാരന് വേണ്ടിയുള്ള പദ്ധതികള്‍ തയ്യാറാക്കലായിരുന്നു രണ്ടു തവണയും യെച്ചൂരിയില്‍ അര്‍പ്പിതമായ ദൗത്യം. ഇതിന്റെ ഫലമായാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടക്കം രൂപപ്പട്ടത്.

പൗരത്വ ഭേദഗതി സമരകാലത്തും കോവിഡ് പ്രതിരോധത്തിലെ ബിജെപി സര്‍ക്കാര്‍ വീഴ്ചക്കെതിരെയും ഉറച്ച നിലപാടാണ് യെച്ചൂരി കാത്ത് സൂക്ഷിച്ചത്. ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തില്‍ എന്നൊക്കെ കൈകടത്താന്‍ ശ്രമം നടത്തിയോ അന്നെല്ലാം പ്രതിരോധത്തിന് മുന്നില്‍ സീതാറാം യെച്ചൂരിയുമുണ്ടായിരുന്നു.

യെച്ചൂരി മാധ്യമങ്ങളോട് സംസാരിക്കുന്നു

2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരായി ഇന്‍ഡ്യ സഖ്യം രൂപീകരിക്കുമ്പോഴും പ്രതിപക്ഷ നേതാക്കളെ കൂട്ടിയോജിപ്പിക്കാനും അഭിപ്രായ ഐക്യം ഉണ്ടാക്കാനും യെച്ചൂരി നേതൃപരമായ ഇടപെടല്‍ നടത്തി. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ ശക്തിക്ഷയിച്ച ഘട്ടത്തിലും ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനപ്പെട്ട നേതാവ് എന്ന സ്വീകാര്യത യെച്ചൂരിക്കുണ്ടായിരുന്നു. 2024ല്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കുന്നതി യെച്ചൂരിയുടെ പങ്ക് വലുതാണ്.

സീതാറാം യെച്ചൂരി സിപിഎം റാലിയെ അഭിസംബോധന ചെയ്യുന്നു

സി പി എം ഏറ്റവും ദുര്‍ബല കക്ഷികളിലൊന്നായി പാര്‍ലമെന്റിലിരിക്കുമ്പോഴും യെച്ചുരി പ്രസംഗിക്കാനെഴുന്നേറ്റാല്‍ സഭ കാതോര്‍ക്കും. സാധാരണക്കാരന്റെ വിഷയങ്ങളിൽ ആകുലപ്പെട്ടും, ചരിത്രവും രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും ഉള്‍കൊള്ളിച്ചും മണിക്കൂറുകള്‍ നീളുന്ന പ്രസംഗങ്ങളായിരുന്നു അവ. ബിജെ പി ഭരണകാലത്ത് മോദിയെയും അമിത് ഷായെയും വിമര്‍ശിക്കുന്ന രാഷ്ട്രീയ പ്രസംഗങ്ങള്‍ ഒട്ടനവധി അദ്ദേഹം നടത്തിയിട്ടുണ്ട്. ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്ന നിരവധി രചനകളിലും യെച്ചൂരിയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

ഇന്ത്യ സഖ്യം നേതാക്കൾക്ക് ഒപ്പം യെച്ചൂരി

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവെന്ന നിലയില്‍ വലിയ ബഹുമാനം യെച്ചൂരിയോട് ഇതര നേതാക്കള്‍ എന്നും പുലര്‍ത്തിയിരുന്നു. ഇടതുപക്ഷനിരയുടെ ശക്തനായ തേരാളിയും പോരാട്ടങ്ങളുടെ നിലക്കാത്ത ശബ്ദവുമായിരുന്നു എക്കാലത്തും യെച്ചൂരി. സീതാറാം യെച്ചൂരി എന്ന വിപ്ലവസൂര്യന്‍ മണ്‍മറയുമ്പോള്‍ ഒരിക്കലും നികാത്താനാവാത്ത വിടവാണ് രാജ്യത്തിനുണ്ടാകുന്നത്.

വെബ് ജേർണലിസ്റ്റ് ട്രെയിനി, സിറാജ്‍ലൈവ്

---- facebook comment plugin here -----

Latest