Connect with us

Articles

വെള്ളിത്തിരയിലെ ഗര്‍ത്തങ്ങള്‍

ചില കാര്യങ്ങള്‍ നാം ഉറക്കെ ചോദിച്ചുകൊണ്ടിരിക്കണം. സിനിമകള്‍ മനുഷ്യ സമൂഹത്തിന് എന്താണ് സംഭാവന ചെയ്തത്, സിനിമകളുടെ മെറിറ്റും ഡീമെറിറ്റുമടങ്ങുന്ന ബാലന്‍സ് ഷീറ്റ് എവിടെ- തുടങ്ങിയ ചോദ്യങ്ങള്‍. സിനിമയിലെ സ്റ്റണ്ടുകള്‍, അക്രമങ്ങളും കൊള്ളരുതായ്മകളും, സഭ്യതയില്ലാത്ത ഭാഷ, വഞ്ചനയുടെ രീതികള്‍, കളവ്, കൊള്ളിവെപ്പ്, റേപ്പുകള്‍, നിയമ ലംഘനങ്ങള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ചക്ക് വരണം.

Published

|

Last Updated

farooquemk@gmail.com

 

സിനിമകളെ കുറിച്ചും സിനിമാ ലോകത്തെ കുറിച്ചുമുള്ള നമ്മുടെ ചര്‍ച്ചകള്‍ അവസാനിപ്പിക്കാറായിട്ടില്ല. മറ്റേതു ചര്‍ച്ചയെപ്പോലെയും ഈ ചര്‍ച്ചകളെ പുതിയ ചര്‍ച്ചകള്‍ മായ്ച്ചുകളയേണ്ടതുമല്ല. സിനിമകളുടെ അപകടത്തെ സംബന്ധിച്ച് ലോകത്ത് ആയിരക്കണക്കിന് പഠനങ്ങള്‍ നടന്നിട്ടും, ഇപ്പോഴും താരപരിവേഷത്തോടെ, കലാരൂപങ്ങളുടെ രാജാവായിത്തന്നെ ഇന്ന് കാണുന്ന രൂപത്തില്‍ സിനിമകള്‍ പ്രയാണം തുടരുന്നു. അതിലെ അപകടം കാണാതിരുന്നു കൂടാ.
സമൂഹമനുഭവിക്കുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളിലും താരവേഷമിട്ടിരിക്കുന്നത് സിനിമകളാണെന്നു മനസ്സിലാകാന്‍ ചെറിയൊരു അന്വേഷണം മാത്രം മതിയാകും. കുട്ടികളിലെ ലൈംഗികവാസന, കുറ്റകൃത്യങ്ങള്‍, മുതിര്‍ന്നവരിലെ ലൈംഗിക-ലൈംഗികേതര പ്രശ്‌നങ്ങള്‍ എന്നിവയിലെല്ലാം താരവും വില്ലനും സിനിമകളാണെന്ന് ഓരോ പഠനവും തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും നമുക്കെന്തുകൊണ്ട് ബോധം വരുന്നില്ല എന്നതു തന്നെയാണ് ഇക്കാലത്ത് നാം ചോദിക്കേണ്ട അടിസ്ഥാന ചോദ്യം.
സിനിമാ നടീ- നടന്മാരുടെ അന്തരംഗങ്ങള്‍ ഓരോന്നായി പുറത്തുവന്നപ്പോള്‍ പലരും സ്വകാര്യമായി ചോദിച്ചത്, സിനിമാ ലോകത്തെക്കുറിച്ച് മറിച്ചൊരു അഭിപ്രായം ആര്‍ക്കെങ്കിലുമുണ്ടായിരുന്നോ എന്നായിരുന്നു. ഒട്ടുമിക്ക സിനിമകള്‍ക്കിടയിലും ലൈംഗിക ഷോട്ടുകള്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നുണ്ട്. ഇത്തരം ഷോട്ടുകളെടുക്കുന്നത് ഒരുകൂട്ടം ആളുകളുടെ മുമ്പില്‍ വെച്ചാണെന്ന ന്യായമൊക്കെ പറയാമെങ്കിലും സ്‌ക്രീനില്‍ ആ രംഗം കാണുന്ന ഒരു മനുഷ്യന് ഇത് നല്‍കുന്ന സന്ദേശം എന്തായിരിക്കും, ഇത്തരം ഷോട്ടുകളില്‍ അഭിനയിക്കുന്നവരെ സമൂഹം എങ്ങനെയാണ് മാന്യന്മാരായി കാണുക തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാണ്. ഈ ഷോട്ടുകള്‍ ചെയ്യുന്നവര്‍ക്ക് മനസ്സില്‍ ഒരു വൈകാരിക പ്രക്ഷുബ്ധതയും വരില്ലെന്ന് സമ്മതിച്ചാല്‍ തന്നെ കാണുന്ന വ്യക്തിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ഇവര്‍ ചിന്തിക്കാറുണ്ടോ എന്നറിയില്ല. പ്രേക്ഷകരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുണ്ട്, സ്ത്രീകളുണ്ട്, പ്രായമേറിയവരുണ്ട്.
സിനിമ സമൂഹത്തില്‍ വലിയ ദോഷം ചെയ്യുന്നുവെന്നാണ് ഹേമ കമ്മിറ്റി റിപോര്‍ട്ട് പറഞ്ഞുവെച്ചതിന്റെ ചുരുക്കം. കുടുംബസമേതം കാണാന്‍ കഴിയുന്ന എത്ര സിനിമകളിറങ്ങുന്നുണ്ട് എന്ന് പ്രഭാഷണത്തിനിടെ ഒരാള്‍ ചോദിച്ചപ്പോള്‍ മറുപടിയില്ലാത്ത, മൗനംപൂണ്ട സദസ്സിനെയാണ് അവിടെ കണ്ടത്. മറൈന്‍ ഡ്രൈവിലും ക്ലാസ്സ് റൂമുകളിലും സ്‌കൂള്‍-കോളജ് വരാന്തകളിലും നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകള്‍ ഇപ്പോഴും അനുവദിക്കാത്ത സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്‌ക്രീനില്‍ അനുവദിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. സമൂഹം മാന്യമായി കാണുന്ന എത്രയെത്ര മൂല്യങ്ങളെയാണ് സിനിമകള്‍ കൊന്നു തള്ളിയത്! എന്നിട്ടും അഭിനേതാക്കള്‍ താരങ്ങളായി മാറുന്നുവെങ്കില്‍ നമുക്ക് എന്ത് പ്രബുദ്ധതയാണുള്ളത്. നമ്മുടെ കുടുംബങ്ങളെ പിടിച്ചു നിര്‍ത്തുന്നത്, നാടിനെ സംരക്ഷിക്കുന്നത്, നാട്ടുകാരെ മാന്യരാക്കി മാറ്റുന്നത്, കലാലയങ്ങളെ പ്രബുദ്ധമാക്കുന്നതെല്ലാം ധാര്‍മികത എന്ന ഒറ്റ വാക്കാണ്. ഇതിനെ ഇഞ്ചിഞ്ചായി ഇല്ലായ്മ ചെയ്യാനാണ് ഒട്ടുമിക്ക സിനിമകളും പ്രവര്‍ത്തിക്കുന്നത് എന്ന് പറഞ്ഞാല്‍ കുറ്റപ്പെടുത്താനാകില്ല. ആയിരക്കണക്കിന് പഠനങ്ങള്‍ അതിനു സാക്ഷിയാണ്.
പുകവലിയുടെ ദൂഷ്യങ്ങള്‍ സിഗററ്റ് പാക്കിലും സിനിമയില്‍ വരെയും എഴുതിവെക്കാനും ഭവിഷ്യത്തുകളെക്കുറിച്ച് ബോധവാന്മാരാക്കാനും നാം കാണിക്കുന്ന ജാഗ്രത സിനിമയില്‍ അശ്ലീലങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോഴും ഉണ്ടാകേണ്ടതായിരുന്നു. ഓരോ അശ്ലീല ഷോട്ടിനും അടിക്കുറിപ്പ് വേണ്ടിയിരുന്നു. പക്ഷേ സൗകര്യപൂര്‍വം അതെല്ലാം തിരസ്‌കരിച്ചു. മനുഷ്യന്റെ വികാരങ്ങളും ആവശ്യങ്ങളുമാണ് എക്കാലത്തും കലകളിലും സാഹിത്യത്തിലും പ്രാമുഖ്യം നേടിയതെന്നത് ശരിയാണ്. പട്ടിണി, തൊഴിലില്ലായ്മ തുടങ്ങി ഒരുകൂട്ടം ആവശ്യങ്ങളും വികാരങ്ങളുമുണ്ടായിരിക്കെ അശ്ലീലത്തിന് മാത്രം ഇത്ര പ്രാധാന്യം ലഭിച്ചതിലാണ് നാം സങ്കടപ്പെടേണ്ടത്. സമൂഹത്തിന്റെ ഈ വികാരങ്ങളെയൊക്കെ രേഖപ്പെടുത്താന്‍ ഇത്രയധികം സിനിമകള്‍ വേണോ എന്നതും ഒരു ചോദ്യമാണ്. പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചു, റൂമിലേക്ക് വലിച്ചിഴച്ചു, റൂമിന്റെ കതകിനു മുട്ടി, ആളില്ലാ ദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചു ഇങ്ങനെ എന്തെല്ലാമാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഇവയൊക്കെ സമൂഹം ആദ്യമായി കണ്ടതും മനസ്സിലാക്കിയതും സിനിമയില്‍ നിന്ന് തന്നെയല്ലേ.
സിനിമകള്‍ കണ്ട് അരക്ഷിതരാകുന്നവരുടെ, വഴിതെറ്റി പായുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കുറ്റകൃത്യങ്ങളുടെ പേരില്‍ ഒരാളെ പിടികൂടുമ്പോള്‍ എവിടെ നിന്നാണ് പ്രചോദനം ലഭിച്ചതെന്നുകൂടി അന്വേഷിച്ച് പ്രസ്തുത കക്ഷികളെക്കൂടി അറസ്റ്റ് ചെയ്യുന്ന സംവിധാനം നമുക്ക് വേണം. നിയമ നിര്‍മാണവും വേണം. മദ്യം കഴിക്കാന്‍, മയക്കുമരുന്ന് സേവിക്കാന്‍, റേപ്പ് ചെയ്യാന്‍, സ്ത്രീയെ പീഡിപ്പിക്കാന്‍ എവിടെ നിന്നാണ് പ്രചോദനം എന്ന് കോടതിയും പോലീസും ചോദിക്കണം. കണ്‍സ്യൂമറിസവും ക്യാപിറ്റലിസവും വിതച്ച ഗര്‍ത്തങ്ങളില്‍ നാം വീഴാതിരിക്കാനുള്ള കടുത്ത ബോധവത്കരണവും വേണം. ക്യാപിറ്റലിസം നമ്മുടെ സമ്പത്തിനെയല്ല കൂടുതല്‍ ലക്ഷ്യം വെച്ചതെന്നും സംസ്‌കാരത്തെയാണെന്നും നാം ഓര്‍മപ്പെടുത്തണം. സൗന്ദര്യമുള്ള സ്ത്രീക്കും പുരുഷനും മാത്രമായി സിനിമയെ ചുരുക്കിക്കെട്ടിയതിനെതിരെ സിനിമാ ലോകത്ത് നിന്ന് തന്നെ പ്രതിഷേധങ്ങള്‍ വരണം. സൗന്ദര്യമില്ലാത്തവര്‍ക്ക് കോമാളി വേഷമോ സമാനമായ വേഷങ്ങളോ കൂടുതല്‍ നല്‍കുന്ന പ്രവണതയും ചോദ്യം ചെയ്യപ്പെടണം.
കൂടാതെ ചില കാര്യങ്ങള്‍ നാം ഉറക്കെ ചോദിച്ചുകൊണ്ടിരിക്കണം. സിനിമകള്‍ മനുഷ്യ സമൂഹത്തിന് എന്താണ് സംഭാവന ചെയ്തത്, സിനിമകളുടെ മെറിറ്റും ഡീമെറിറ്റുമടങ്ങുന്ന ബാലന്‍സ് ഷീറ്റ് എവിടെ- തുടങ്ങിയ ചോദ്യങ്ങള്‍. സിനിമയിലെ സ്റ്റണ്ടുകള്‍, അക്രമങ്ങളും കൊള്ളരുതായ്മകളും, സഭ്യതയില്ലാത്ത ഭാഷ, വഞ്ചനയുടെ രീതികള്‍, കളവ്, കൊള്ളിവെപ്പ്, റേപ്പുകള്‍, നിയമ ലംഘനങ്ങള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ചക്കു വരണം. സിനിമകള്‍ കൂടിയേ തീരൂവെന്നാണ് തീരുമാനമെങ്കില്‍ ശുദ്ധീകരിച്ച സിനിമകളേ പുറം ലോകം കാണാവൂ. അതാണ് സദാചാരവും മാന്യതയും. അഭിനയത്തില്‍ മറ്റൊരു സദാചാരമോ ധാര്‍മികതയോ അനുവദിച്ചാല്‍ നാട് നശിക്കുകയേയുള്ളൂ.
സിനിമാ ലോകത്ത് മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലെയും പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും അപ്പപ്പോള്‍ പറയാന്‍ മടിക്കുകയും പിന്നീട് വാര്‍ത്താ ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നത് നല്ല പ്രവണതയായി കാണരുത്. ഇത്രയും പ്രബുദ്ധവും സ്ത്രീ അനുകൂല നിലപാടുമുള്ള നമ്മുടെ നാട്ടില്‍ ഓരോ പീഡനവും എന്തിന് മറച്ചുവെച്ചുവെന്ന ചോദ്യം പ്രസക്തമാണ്. പീഡനങ്ങള്‍ വെളിപ്പെടുത്തുന്നതിനു പിന്നിലും ചില അജന്‍ഡകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. നമ്മുടെ നാട് ആരെയും ഭയക്കേണ്ട നാടല്ല. ഒരാളും വീര്‍പ്പ് മുട്ടി ജീവിക്കേണ്ടതുമില്ല. ഈ പൊതുബോധം സ്ത്രീകള്‍ക്കിടയില്‍ ശക്തമായി പ്രവര്‍ത്തിക്കാനാവശ്യമായതെല്ലാം ചെയ്യണം. പുതിയ ചര്‍ച്ചകള്‍ പുതിയൊരു സമൂഹത്തെയും സംസ്‌കാരത്തെയും പടുത്തുയര്‍ത്തും.