Connect with us

anil antony

അനില്‍ ആന്റണിക്കെതിരായ ദല്ലാള്‍ നന്ദകുമാര്‍ ഉന്നയിച്ച ആരോപണത്തിന് ബലമേകി പി ജെ കുര്യന്‍

ദല്ലാള്‍ നന്ദകുമാര്‍ ആവശ്യപ്പെട്ടതു പ്രകാരം ആന്റണിയുമായാണോ അനില്‍ ആന്റണിയുമായാണോ സംസാരിച്ചത് എന്നും വ്യക്തമായി ഓര്‍ക്കുന്നില്ലെന്നും പി ജെ കുര്യന്‍

Published

|

Last Updated

പത്തനംതിട്ട | എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെ മകന്‍ അനില്‍ ആന്റണി രേഖകള്‍ ചോര്‍ത്തി പണം തട്ടിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തിനു ബലം നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍.

പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടു നടത്തിയ ഗുരുതരമായ തട്ടിപ്പില്‍ പിടിക്കപ്പെടാതിരിക്കാനാണ് അനില്‍ ആന്റണി ബി ജെ പിയില്‍ ചേര്‍ന്നതെന്ന ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ദല്ലാള്‍ നന്ദകുമാര്‍ തെളിവ് പുറത്തു വിടട്ടെ എന്നായിരുന്നു പത്തനംതിട്ടയിലെ ബി ജെ പി സ്ഥാനാര്‍ഥി അനില്‍ ആന്റണി ആരോപണത്തോടു പ്രതികരിച്ചത്.

നന്ദകുമാര്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും അനില്‍ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പി ജെ കുര്യന്‍ വെളിപ്പെടുത്തി. എത്ര രൂപയാണ് കിട്ടാനുള്ളതെന്നോ എന്തിന് വേണ്ടിയാണ് പണം നല്‍കിയത് എന്നോ തനിക്കറിയില്ല. ദല്ലാള്‍ നന്ദകുമാര്‍ ആവശ്യപ്പെട്ടതു പ്രകാരം ആന്റണിയുമായാണോ അനില്‍ ആന്റണിയുമായാണോ സംസാരിച്ചത് എന്നും വ്യക്തമായി ഓര്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നന്ദകുമാറുമായി തനിക്ക് നല്ല പരിചയമുണ്ട്. അതുകൊണ്ടാണു വിഷയത്തില്‍ ഇടപെട്ടത്. പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരികെ കൊടുക്കണമെന്ന് ആന്റണിയോടോ അനില്‍ ആന്റണിയോടോ അന്ന് പറഞ്ഞിരുന്നു. ഇന്ത്യ മുന്നണി ജയിക്കുമ്പോള്‍ അനില്‍ ആന്റണി കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുമെന്നും അങ്ങനെയാണ് അനിലിന്റെ സ്വഭാവവെന്നും പി ജെ കുര്യന്‍ പറഞ്ഞു.

അനില്‍ ആന്റണി വലിയ അഴിമതിക്കാരനാണെന്നും പിതാവിനെ ഉപയോഗിച്ച് വില പേശി പണം വാങ്ങിയിരുന്നു എന്നുമായിരുന്നു ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം. യു പി എ ഭരണകാലത്ത് സി ബി ഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിനായി അനില്‍ ആന്റണി 25 ലക്ഷം തന്റെ കൈയ്യില്‍ നിന്നു വാങ്ങിയെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ ഇന്നലെ ആരോപിച്ചത്.

താന്‍ പറയുന്ന അഭിഭാഷകനെ സി ബി ഐ സ്റ്റാന്റിങ് കോണ്‍സല്‍ ആയി നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് അനില്‍ ആന്റണിക്ക് പണം നല്‍കിയത്. എന്നാല്‍ നിയമനം വന്നപ്പോള്‍ മറ്റൊരാളെയാണ് നിയമിച്ചത്. താന്‍ നല്‍കിയ 25 ലക്ഷം രൂപ പിന്നീട് തിരികെ വാങ്ങിയെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു. യു പി എ ഭരണകാലത്ത് നിരവധി അഴിമതികള്‍ നടത്തിയെന്നും ഡല്‍ഹിയിലെ ഏറ്റവും വലിയ ഇടനിലക്കാരന്‍ ആയിരുന്നു അനില്‍ ആന്റണിയെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു. പ്രതിരോധ മന്ത്രിയുടെ വീട്ടില്‍ നിന്ന് നിര്‍ണായക രേഖകള്‍ കോപ്പിയെടുത്ത് വില്‍ക്കലായിരുന്നു അനിലിന്റെ പ്രധാന ജോലി. അന്ന് പല ബ്രോക്കര്‍മാരും അനില്‍ ആന്റണിയെ സമീപിച്ചിരുന്നുവെന്നും ഡല്‍ഹിയിലെ പ്രമുഖ ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകള്‍ എന്നും ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചിരുന്നു.

 

Latest