Kerala
പി കെ ശശിയുടേത് നീചപ്രവൃത്തി: എം വി ഗോവിന്ദൻ
പുറത്താക്കാത്തത് മുതിർന്ന നേതാവായതിനാൽ
പാലക്കാട് | കെ ടി ഡി സി ചെയർമാനും, മുൻ എം എൽ എയും സി ഐ ടി യു ജില്ലാ പ്രസിഡന്റുമായ പി കെ ശശിയെ രൂക്ഷമായി വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് മേഖലാ റിപോർട്ടിംഗിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. സഖാവിന് ചേർന്ന പണിയല്ല ശശി ചെയ്തത്. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തത് മുതിർന്ന നേതാവായതുകൊണ്ടാണെന്നും ഗോവിന്ദൻ തുറന്നടിച്ചു. ശശി ചെയ്തത് നീചമായ പ്രവൃത്തിയാണ്. സാമ്പത്തിക തട്ടിപ്പുകൾ മാത്രമല്ല അദ്ദേഹത്തിനെതിരെയുള്ള പരാതി. ജില്ലാ സെക്രട്ടറിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും, ഇതിന് മാധ്യമപ്രവർത്തകനുമായി ഗൂഢാലോചന നടത്തിയെന്നും വ്യാജരേഖകൾ നിർമിച്ചുവെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് സംസ്ഥാന സെക്രട്ടറി ഉന്നയിച്ചത്.
ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ ക ള്ളുകേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ ലഭിച്ചെന്നും റിപോർട്ടിനിടെ വ്യക്തമാക്കി. ശശി പാർട്ടി ഫണ്ട് ഉൾപ്പെടെ തിരിമറി നടത്തിയെന്ന പരാതി അന്വേഷിക്കാനായി നിയോഗിച്ച കമ്മീഷൻ നടത്തിയ പരിശോധനയിലാണ് ജില്ലാ സെക്രട്ടറിക്കെതിരെ നടത്തിയ ഗൂഢാലോചന വ്യക്തമായത്.പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു. പലവട്ടം തിരുത്താൻ അവസരം നൽകി. എന്നാൽ അദ്ദേഹം തിരുത്താൻ തയ്യാറായില്ല. പാർട്ടിയുണ്ടെങ്കിലേ നേതാക്കളുള്ളൂ. വളരെ നീചമായ പ്രവൃത്തിയാണ് ശശിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതു സംബന്ധിച്ച തെളിവുകൾ പാർട്ടിക്ക് ലഭിച്ചതായും റിപോർട്ടിൽ പറയുന്നു. ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ട പി കെ ശശി കെ ടി ഡി സി ചെയർമാൻ സ്ഥാനത്ത് തുടരുന്നതിൽ ജില്ലാ നേതൃത്വത്തിന് താത്പര്യമില്ല. ഈ സ്ഥാനത്ത് നിന്നും സി ഐ ടി യു ജില്ലാ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കമ്മിറ്റി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തീരുമാനമുണ്ടായില്ല.