Kerala
പ്ലാച്ചിമട സമരനായിക കന്നിയമ്മ വിടവാങ്ങി
മയിലമ്മയോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവര്‍ത്തിച്ചാണ് കന്നിയമ്മ പ്ലാച്ചിമട സമരത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പാലക്കാട് | പ്ലാച്ചിമട സമരനായിക കന്നിയമ്മ (90) അന്തരിച്ചു. പ്ലാച്ചിമട സമരത്തിന് നേതൃത്വം നല്‍കിയിരുന്ന മയിലമ്മയുടെ മരണ ശേഷം കന്നിയമ്മയായിരുന്നു സമരം നയിച്ചിരുന്നത്. മൂന്ന് മാസത്തോളമായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട്ടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
മയിലമ്മയോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവര്‍ത്തിച്ചാണ് കന്നിയമ്മ പ്ലാച്ചിമട സമരത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മയിലമ്മക്ക് ശേഷം നേതൃത്വം കന്നിയമ്മ ഏറ്റെടുത്തു. സമരരംഗത്തുള്ള ആദിവാസി വനിതകളെ ഏകോപിപ്പിക്കുന്നതില്‍ അവര്‍ രാപകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ചു.
അക്ഷരാഭ്യാസമില്ലായിരന്നുവെങ്കിലും സമരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നല്ല ബോധമുള്ളയാളായിരുന്നു കന്നിയമ്മ. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് അനുമതി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന്റെ മുന്നണിയിലും അവരുണ്ടായിരുന്നു.
പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനിയുടെ ജലചൂഷണത്തിനെതിരായ സമരം ഇരുപതാം വര്‍ഷത്തില്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലാണ് കന്നിയമ്മ വിടവാങ്ങുന്നത്.