Kerala
കോപ്പിയടി പരിശീലനം; യൂട്യൂബ് വീഡിയോ പ്രചരിപ്പിച്ചതിനെതിരെ അന്വേഷണം
എങ്ങനെ വിദഗ്ധമായി കോപ്പി തയ്യാറാക്കാം, മറ്റാരും കാണാതെ എങ്ങനെ ഒളിപ്പിക്കാം എന്നെല്ലാം പരാമര്‍ശിക്കുന്നതായിരുന്നു വീഡിയോ

കോഴിക്കോട് | പരീക്ഷക്ക് കോപ്പിയടിക്കാന്‍ പരിശീലിപ്പിക്കുന്ന വീഡിയോ യൂട്യൂബ് പേജില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം. അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡി ജി പിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ തയ്യാറാക്കിയ ആള്‍ക്കെതിരെ അന്വേഷണം നടക്കുന്നത്.
അക്ബര്‍ മൈന്‍ഡ് സെറ്റ് എന്ന യൂട്യൂബ് പേജിലായിരുന്നു പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ഥി കോപ്പിയടിക്ക് പരിശീലനം നല്‍കുന്ന വീഡിയോ തയ്യാറാക്കി അപ് ലോഡ് ചെയ്തത്. എങ്ങനെ വിദഗ്ധമായി കോപ്പി തയ്യാറാക്കാം, മറ്റാരും കാണാതെ എങ്ങനെ ഒളിപ്പിക്കാം എന്നെല്ലാം പരാമര്‍ശിക്കുന്നതായിരുന്നു വീഡിയോ.
സംഭവം വാര്‍ത്തയായതിനു പിന്നാലെ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും പരീക്ഷ അട്ടിമറിക്കാനുള്ള നീക്കം ക്രിമിനല്‍ കുറ്റമായി കണ്ടാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.