Connect with us

National

ഭീകരാക്രമണം നടത്താന്‍ പദ്ധതി; തടിയന്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് ബെംഗളുരു പൊലീസ്

10 പേരടങ്ങുന്ന ഭീകരസംഘമാണ് സ്‌ഫോടനത്തിന് പദ്ധതിയിട്ടതെന്നാണ് പോലീസ് പറയുന്നത്.

Published

|

Last Updated

ബെംഗളുരു| തടിയന്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് ബെംഗളുരു പോലീസ്. ബെംഗളുരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഒരു സംഘം തീവ്രവാദബന്ധമുള്ള യുവാക്കളെ അടുത്തിടെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ജയിലില്‍ വെച്ച് തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത് നസീര്‍ ആണെന്നാണ് പിടിയിലായവരുടെ മൊഴി. 2008 ലെ ബെംഗളുരു സ്‌ഫോടനക്കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലിലാണ് തടിയന്റവിട നസീര്‍. മറ്റൊരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുമ്പോഴാണ് നസീര്‍ പ്രതികളെ പരിചയപ്പെടുന്നത്.

കര്‍ണാടക സ്വദേശികളായ അഞ്ച് പേരാണ് ആഴ്ചകള്‍ക്ക് മുമ്പ് ബെംഗളുരുവില്‍ അറസ്റ്റിലായത്. സയ്യിദ് സുഹൈല്‍, ഉമര്‍, ജാനിദ്, മുഹ്താസിര്‍, സാഹിദ് എന്നിവരെയാണ് ഹെബ്ബാളിനടുത്തുള്ള സുല്‍ത്താന്‍പാളയയിലെ ഒരു വീട്ടില്‍ വെച്ച് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ബെംഗളുരു സെന്‍ട്രല്‍ ജയിലില്‍ വെച്ച് ഇവരെ തീവ്രവാദപ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചത് തടിയന്റവിട നസീറാണെന്നും, ആക്രമണത്തിന്റെ പദ്ധതിയുടെ സൂത്രധാരന്‍ നസീറായിരുന്നെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

10 പേരടങ്ങുന്ന ഭീകരസംഘമാണ് സ്‌ഫോടനത്തിന് പദ്ധതിയിട്ടതെന്നാണ് പോലീസ് പറയുന്നത്. ഒളിവിലുള്ള അഞ്ച് പേര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ് വ്യക്തമാക്കി.ബെംഗളുരുവില്‍ വന്‍ സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പറയുന്നു. ഇവര്‍ക്ക് ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും സിസിബി വ്യക്തമാക്കുന്നു. വന്‍ ആയുധ ശേഖരമാണ് ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്.

ഈ പ്രതികളെല്ലാം 2017-ല്‍ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ബെംഗളുരു ജയിലിലായിരുന്നു. ഇപ്പോഴും ബെംഗളുരു സെന്‍ട്രല്‍ ജയിലിലുള്ള തടിയന്റവിട നസീറാണ് ഇവരെ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരുന്നത്. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട് വരികയായിരുന്നുവെന്നും, ഇതിന്റെ ഭാഗമായാണ് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും അടക്കം ശേഖരിച്ച് തുടങ്ങിയതെന്നും പോലീസ് വ്യക്തമാക്കുന്നു.

 

 

---- facebook comment plugin here -----

Latest