National
ശുചിമുറി തകരാറിലായതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയ സംഭവം; വില്ലൻ പുതപ്പ്
വിമാനം യൂറോപ്പിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും രാത്രി നിയന്ത്രണം ഉള്ളതിനാൽ അഞ്ച് മണിക്കൂറോളം പിന്നിട്ട ചിക്കാഗോയിലേക്ക് തിരിച്ച് പോവുകയായിരുന്നു.

ന്യൂഡൽഹി | ടോയ്‌ലറ്റുകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം അമേരിക്കയിൽ തിരിച്ചിറക്കിയ സംഭവത്തിൽ പ്രതികൾ പിടിയിൽ.ടോയ്‌ലറ്റ് പൈപ്പുകളിൽ അടിഞ്ഞ വലിയ പുതപ്പും തുണികളും കടലാസുകളും പോളിത്തീൻ കവറുകളുമാണ് നിരവധി പേർക്ക് യാത്രാദുരിതവും എയർ ഇന്ത്യയ്‌ക്ക് വൻ സാമ്പത്തികബാധ്യതയും വരുത്തിവച്ചത്.
കഴിഞ്ഞ മാർച്ച് അഞ്ചിനാണ് ചിക്കാഗോയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ബോയിംഗ് 777-300ER ജെറ്റ്‌ലൈനർ ആയ AI-126 വിമാനത്തിലെ ടോയ്‌ലറ്റ് സിസ്റ്റമാണ് തകരാറിലായത്. ഗ്രീൻലൻഡിന് മുകളിലൂടെ വിമാനം പറന്നുകൊണ്ടിരിക്കെയാണ് ശുചിമുറികൾ പ്രവർത്തനരഹിതമായത് ശ്രദ്ധയിൽപ്പെട്ടത്. 12 ടോയ്‌ലറ്റിൽ എട്ടെണ്ണവും പണിമുടക്കി. ഇതോടെ വിമാനത്തിലുണ്ടായിരുന്ന മുന്നൂറോളം യാത്രക്കാർ പ്രതിസന്ധിയിലായി. തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.
വിമാനം യൂറോപ്പിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും രാത്രി നിയന്ത്രണം ഉള്ളതിനാൽ അഞ്ച് മണിക്കൂറോളം പിന്നിട്ട ചിക്കാഗോയിലേക്ക് തിരിച്ച് പോവുകയായിരുന്നു.ചിക്കാഗോയിൽ ഇറങ്ങിയശേഷം യാത്രക്കാർക്ക് കമ്പനി പ്രത്യേക താമസസൗകര്യം ഉൾപ്പെടെ ഒരുക്കി.
പിന്നീടാണ് ടോയ്‌ലറ്റ് തകരാറിലാകാനുള്ള കാരണം കമ്പനി അന്വേഷിച്ചത്. ഇതിലാണ് ടോയ്ലറ്റ് ബ്ലോക്കിൽ പുതപ്പും തുണികളും കടലാസും കവറുകളും കുടുങ്ങിയത് കണ്ടെത്തിയത്. ഇതിന്‍റെ ചിത്രങ്ങൾ എയർ ഇന്ത്യ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പുതപ്പ്, പോളിത്തീൻ ബാഗുകൾ, തുണിക്കഷണങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഫ്ലഷ് ചെയ്ത് പൈപ്പിൽ കുടുങ്ങിയതാണെന്ന് കമ്പനി വ്യക്തമാക്കി.