PINARAYI NIYAMASABHA
വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തിന്റെ ആസൂത്രിത നീക്കം: മുഖ്യമന്ത്രി
കേരളത്തിലെ കോണ്‍ഗ്രസിനെ കൂട്ടത്തോടെ ബി ജെ പി വാരിയാലും എല്‍ ഡി എഫിനെ തകര്‍ക്കാനാകില്ല
തിരുവനന്തപുരം | കേരളത്തില്‍ ബി ജെ പിക്ക് വളരാന്‍ കഴിയാത്തത് ഇടതുപക്ഷം ഇവിടെ കരുത്തായി നിലകൊള്ളുന്നതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിനെ മൊത്തം ബി ജെ പി വാരിയാലും കേരളത്തില്‍ എല്‍ ഡി എഫിനെ തകര്‍ക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്രി പെറുക്കുന്നതിനിടെ രണ്ട് അന്യസംസ്ഥാനക്കാര്‍ മരിച്ച സംഭവത്തില്‍ പ്രതിപക്ഷ അംഗം സണ്ണി ജോസഫ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുട മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചു.
കോണ്‍ഗ്രസ് ബി ജെ പിക്കൊപ്പം ചേര്‍ന്ന് എല്‍ ഡി എഫിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബി ജെ പിക്ക് അതില്‍ സന്തോഷമാണ്. കാരണം അവര്‍ക്കറിയാം കേരളത്തില്‍ വളരണമെങ്കില്‍ എല്‍ ഡി എഫ് തകര്‍ക്കണമെന്നത്. അതുകൊണ്ടാണ് അവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കൂട്ടത്തോടെ ബി ജെ പിയിലേക്ക് പോകുന്നത് കണ്ടതല്ലേ. ത്രിപുരയില്‍ സി പി എം ഭരണം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ഒന്നാകെ ബി ജെ പിയായി മാറുകയായിരുന്നു. ഇവിടെ കോണ്‍ഗ്രസ് നില്‍ക്കുന്നത് ഇടതുപക്ഷം ഉള്ളതിനാലാണ്.
കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു. ഇതിന് പ്രധാനമായും മുന്നിലുള്ളത് വര്‍ഗീയ ശക്തികളായ ആര്‍ എസ് എസും എന്‍ ഡി എഫുമാണ്. ഈ രണ്ട് കൂട്ടരേയും പ്രതിപക്ഷം ഒപ്പംകൂട്ടി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എട്ട് കൊലപാതകം നടന്നു. ഇത് ചെയ്തത് ആര്‍ എസ് എസും എന്‍ ഡിഎഫും കോണ്‍ഗ്രസുമാണ്. ഇതില്‍ കൊലപ്പെട്ടത്് നാല് പേര്‍ സി പി എം പ്രവര്‍ത്തകരാണ്. എനിക്ക് തോന്നിയാല്‍ ബി ജെ പിയിലേക്ക് പോകുമെന്ന് പറഞ്ഞ ഒരു നേതാവിനെ മുന്നില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്.
ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ ആര്‍ എസ് എസിനേയും എസ് ഡി പി ഐയേയുംക്കുറിച്ച് പറയുന്നില്ല. കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തുന്നത് ആര്‍ എസ് എസ്, എസ് ഡി പി ഐ തുടങ്ങിയ കക്ഷികളാണ്. പ്രതിപക്ഷം ഇത്തരമൊരു പ്രമേയവുമായി വന്നത് വിഷയ ദാരിദ്ര്യത്താലണ്. മട്ടന്നൂര്‍ ഇരിട്ടി ചാവശേരി മേഖല ആര്‍ എസ് എസ്, എസ് ഡി പി ഐ ശക്തികേന്ദ്രങ്ങളാണ്. ചാവശേരി സംഭവം നിര്‍ഭാഗ്യകരമാണ്. ജാഗ്രതയോടെ അന്വേഷണം നടക്കുന്നു. ഡി സി സി ഓഫീസില്‍ ബോംബ് പ്രദര്‍ശിപ്പിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ആരുടെ പാര്‍ട്ടി ഓഫീസിലാണ് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചതെന്ന് കോണ്‍ഗ്രരസ് മറക്കരുത്. കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസാണ്. ഉള്ളത് പറയുമ്പോള്‍ കള്ളിക്ക് തുള്ളല്‍ എന്ന അവസ്ഥയാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി പരിഹസിച്ചു.