Editors Pick
7 സീറ്റർ കാർ വാങ്ങാൻ പ്ലാനുണ്ടോ? ഇതാ 5 ബജറ്റ് എംപിവികൾ
ഒരു സാധാരണ പുതിയ കാർ വാങ്ങുന്ന തുകയ്‌ക്ക് തന്നെ 7 സീറ്ററും ഇന്ന് സ്വന്തമാക്കാം. അത്തരം ബജറ്റ് ഫ്രണ്ട്‌ലി എംപിവികൾ ഇന്ന് വിപണിയിലുണ്ട്.
കുടുംബത്തിലെ എല്ലാവരുമൊത്ത് ഒരു യാത്ര പോകണമെങ്കിൽ ഒരു 7 സീറ്റർ വാഹനംതന്നെ വേണം. കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ചുപോകാനും 7 സീറ്റർ തപ്പി നടുക്കുന്നവരാണ് പലരും. കൂടുതൽ പേർക്ക് പോകാം എന്നതു മാത്രമല്ല, യാത്രാസുഖം, സുരക്ഷ, ലഗേജ് കപ്പാസിറ്റി എന്നിവയൊക്കെ വെച്ച് നോക്കുമ്പോൾ യാത്രകൾക്ക് എംപിവി (മൾട്ടി പർപ്പസ് വെഹിക്കിൾ) തന്നെയാണ് ബെസ്റ്റ്. പക്ഷേ ബജറ്റാണ് പലപ്പോഴും ഒരു 7 സീറ്റർ അല്ലെങ്കിൽ 8 സീറ്റർ വാഹനം എടുക്കുന്നതിൽ നിന്ന് പിറകോട്ട് വലിക്കുന്നത്. എന്നാൽ ഒരു സാധാരണ പുതിയ കാർ വാങ്ങുന്ന തുകയ്‌ക്ക് തന്നെ 7 സീറ്ററും ഇന്ന് സ്വന്തമാക്കാം. അത്തരം ബജറ്റ് ഫ്രണ്ട്‌ലി എംപിവികൾ ഇന്ന് വിപണിയിലുണ്ട്. അവ ഏതെല്ലാമെന്ന് പരിചയപ്പെടാം.
1) മാരുതി സുസുക്കി എർട്ടിഗ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എംപിവികളിലൊന്നാണ് മാരുതി സുസുക്കി എർട്ടിഗ. റൂമിയോണിൻ്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ 1.5-ലിറ്റർ കെ-സീരീസ് എഞ്ചിൻ അവതരിപ്പിക്കുന്നു. ഇത് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ ലഭ്യമാണ്. 8.69 ലക്ഷം രൂപ (എക്സ് ഷോറൂം) മുതലാണ് വാഹനവില ആരംഭിക്കുന്നത്.
2) ടൊയോട്ട റൂമിയോൺ
ഇന്ത്യയിൽ ടൊയോട്ട വാഗ്ദാനം ചെയ്യുന്ന ബജറ്റ് ഫ്രണ്ട്‌ലി 7 സീറ്റർ എംപിവി ആണ് റൂമിയോൺ. ഇതിൻ്റെ എൻട്രി ലെവൽ വില 10.44 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. വേരിയൻ്റിന് അനുസരിച്ച്, വില എക്സ് ഷോറൂം വില 13.73 ലക്ഷം രൂപ വരെ എത്തും.
3) കിയ കാരൻസ്
കിയയുടെ ജനപ്രിയമായ 7 സീറ്റർ എംപിവി ആണ് കാരൻസ്. അത്യാധുനിക സൗകര്യങ്ങൾ ഈ വാഹനത്തിൽ ദക്ഷിണ കൊറിയൻ കമ്പനി ഒരുക്കിയിരിക്കുന്നു. 1.5 ലിറ്റർ എൻഎ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ ഉൾപ്പെടുന്ന എഞ്ചിൻ ചോയിസുകളോടെ 10.44 ലക്ഷം രൂപ മുതലാണ് കാൻസിൻ്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.
4) മാരുതി സുസുക്കി XL6
നെക്‌സ ഡീലർഷിപ്പുകൾ വഴി വിൽക്കുന്ന മാരുതി സുസുക്കിയുടെ പ്രീമിയം മോഡലുകളിൽ ഒന്നാണ് എക്‌സ്‌എൽ 6 (XL6). എർട്ടിഗയുടെ അതേ 1.5-ലിറ്റർ കെ-സീരീസ് എഞ്ചിനാണ് ഇതിൽ ഉപയോഗിക്കുന്നത്. മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ലഭ്യമാണ്. ഇതിൻ്റെ വില 11.61 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ് ആരംഭിക്കുന്നത്.
5) റെനോ ട്രൈബർ
ഇന്ത്യയിൽ നിലവിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ എംപിവികളിലൊന്നാണ് റെനോ ട്രൈബർ. 5.99 ലക്ഷം രൂപ മുതലാണ് ഇതിൻ്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. അതായത് ഒരു സാധാരണ കാർ വാങ്ങുന്ന വിലയ്‌ക്ക് ഈ 7 സീറ്റർ സ്വന്തമാക്കാം എന്നർത്ഥം. 1.0 ലിറ്റർ എൻഎ പെട്രോൾ എഞ്ചിനുമായാണ് ട്രൈബർ വരുന്നത്. വില കുറവാണെങ്കിലും 7 യാത്രക്കാർക്ക് വിശാലമായ സ്‌പേസ് കാർ വാഗ്ദാനം ചെയ്യുന്നുണ്ട്.