Editors Pick
സ്ത്രീകളുടെ അണ്ഡാശയ ദ്രാവകത്തിൽ വരെ പ്ലാസ്റ്റിക് കണികകൾ; പ്രത്യുത്പാദന ശേഷിയെ ബാധിക്കുമെന്ന് ആശങ്ക
എക്കോടോക്സിക്കോളജി ആൻഡ് എൻവയോൺമെൻ്റൽ സേഫ്റ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ.

റോം | മനുഷ്യൻ്റെ അണ്ഡാശയത്തിലെ ഫോളിക്കുലാർ ദ്രാവകത്തിൽ ആദ്യമായി മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയത് സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. എക്കോടോക്സിക്കോളജി ആൻഡ് എൻവയോൺമെൻ്റൽ സേഫ്റ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇറ്റലിയിലെ സലേർനോയിലുള്ള ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിൽ പ്രത്യുത്പാദന ചികിത്സയ്ക്ക് വിധേയരായ 18 സ്ത്രീകളുടെ ഫോളിക്കുലാർ ദ്രാവകമാണ് ഗവേഷകർ പരിശോധിച്ചത്. ഇതിൽ 14 സ്ത്രീകളുടെ സാമ്പിളുകളിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്താനായി.
അണ്ഡത്തെ പൊതിഞ്ഞു സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്ന ജീവശാസ്ത്രപരമായ ദ്രാവകമാണ് ഫോളിക്കുലാർ ദ്രാവകം. വികസിക്കുന്ന അണ്ഡത്തിന് ആവശ്യമായ പോഷകങ്ങളും ബയോകെമിക്കൽ സിഗ്നലുകളും ഇത് നൽകുന്നു. പ്ലാസ്റ്റിക് കണികകൾ ഈ പ്രക്രിയയെ മലിനമാക്കുക വഴി പ്രത്യുത്പാദന ശേഷി, ഹോർമോൺ ബാലൻസ്, മൊത്തത്തിലുള്ള പ്രത്യുത്പാദന ആരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. ഈ കണ്ടെത്തൽ പ്രത്യുത്പാദന ശേഷിയെയും മൊത്തത്തിലുള്ള പ്രത്യുത്പാദന ആരോഗ്യത്തെയും മൈക്രോപ്ലാസ്റ്റിക് എങ്ങനെ ബാധിക്കുമെന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണ്.
മൈക്രോപ്ലാസ്റ്റിക്കുകൾ ഇന്ന് പരിസ്ഥിതിയിൽ വ്യാപകമായി കാണപ്പെടുന്നു. ജലാശയങ്ങൾ, ഭക്ഷണ സ്രോതസ്സുകൾ, നമ്മൾ ശ്വസിക്കുന്ന വായുവിൽ പോലും ഇവയുടെ സാന്നിധ്യമുണ്ട്. മൈക്രോപ്ലാസ്റ്റിക്കുകൾ പിഎഫ്എഎസ്, ബിസ്ഫെനോൾ, ഫത്താലേറ്റുകൾ, ലോഹങ്ങൾ, ദോഷകരമായ രോഗാണുക്കൾ തുടങ്ങിയ വിഷ രാസവസ്തുക്കളെ വഹിക്കാൻ സാധ്യതയുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമായേക്കാമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇവയിൽ ഏകദേശം 16,000 ത്തോളം പ്ലാസ്റ്റിക് രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. വളരെ ചെറിയ കണികകളായതിനാൽ, ശ്വസനം, ഭക്ഷണം കഴിക്കൽ, ചർമ്മത്തിലൂടെയുള്ള സമ്പർക്കം എന്നിവയിലൂടെ മൈക്രോപ്ലാസ്റ്റിക്കുകൾക്ക് എളുപ്പത്തിൽ മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ കഴിയും.
മൈക്രോപ്ലാസ്റ്റിക് എക്സ്പോഷർ എങ്ങനെ കുറയ്ക്കാം?
പാക്കേജിംഗിനും സംഭരണത്തിനും പാത്രങ്ങൾക്കുമായി അടുക്കളയിൽ പ്ലാസ്റ്റിക് വ്യാപകമായി ഉപയോഗിക്കുന്നു. ശരീരത്തിലെ മൈക്രോപ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കുന്നതിന് അടുക്കളയിലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും ഓർഗാനിക് ഭക്ഷണം കഴിക്കുകയും ചെയ്യണമെന്ന് പഠനം പ്രത്യേകം ശ്രദ്ധയിൽപ്പെടുത്തുന്നു.
പ്ലാസ്റ്റിക് ചൂടാക്കുന്നതും ചൂടുള്ള ഭക്ഷണവും ദ്രാവകവും പ്ലാസ്റ്റിക് പാത്രങ്ങളിൽ ഒഴിക്കുന്നതും ഒഴിവാക്കണമെന്ന് വിദഗ്ദ്ധർ ഉപദേശിക്കുന്നു. ചൂടുള്ള പാനുകളുമായി അൽപനേരം സമ്പർക്കം പുലർത്തുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്നും രാസവസ്തുക്കൾ പുറന്തള്ളാൻ സാധ്യതയുണ്ട്. മരം, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവ കൊണ്ടുള്ള പാത്രങ്ങൾ താരതമ്യേന സുരക്ഷിതമാണ്.
ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളായ സ്ട്രോ, കട്ട്ലറി, പലചരക്ക് സഞ്ചികൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. ഇത് മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന് കാര്യമായ സംഭാവന നൽകുന്നു.
പഠനത്തിന് നേതൃത്വം നൽകിയ ലൂയിജി മൊണ്ടാനോ നേരത്തെ മനുഷ്യ മൂത്രത്തിലും ബീജത്തിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് പ്രത്യുത്പാദന ശേഷിയെ എങ്ങനെ ബാധിക്കുമെന്നും അദ്ദേഹം പഠിച്ചിട്ടുണ്ട്. മൈക്രോപ്ലാസ്റ്റിക്കുകൾ ബീജങ്ങളുടെ എണ്ണത്തെയും മൊത്തത്തിലുള്ള ബീജങ്ങളുടെ ഗുണമേന്മയെയും കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.