Connect with us

National

ജോലി സമയത്ത് ഫോണില്‍ കാന്‍ഡി ക്രഷ് കളിച്ചു; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

ജില്ലാ കലക്ടര്‍ രാജേന്ദ്ര പന്‍സിയ സ്‌കൂളില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനിടെയാണ് അധ്യാപകനെ കയ്യോടെ പിടികൂടിയത്.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശിലെ സംഭാലില്‍ ജോലി സമയത്ത് ഫോണില്‍ കാന്‍ഡി ക്രഷ് കളിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് ടീച്ചര്‍ പ്രിയം ഗോയലിനെതിരെയാണ് നടപടി. ജോലി സമയത്ത് രണ്ടുമണിക്കൂര്‍ കാന്‍ഡി ക്രഷ് കളിക്കാന്‍ അധ്യാപകന്‍ സമയം ചെലവഴിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ കലക്ടര്‍ രാജേന്ദ്ര പന്‍സിയ സ്‌കൂളില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനിടെയാണ് അധ്യാപകനെ കയ്യോടെ പിടികൂടിയത്.

അധ്യാപകന്‍ ഫോണില്‍ 26 മിനിറ്റ് സംസാരിക്കുകയും 30 മിനിറ്റ് നേരം സാമൂഹിക മാധ്യമ ആപ്പുകള്‍ ഉപയോഗിക്കുകയും ചെയ്തതായും കലക്ടര്‍ കണ്ടെത്തി. വിഷയം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

ജില്ലാ കലക്ടര്‍ പരിശോധനയില്‍ വിദ്യാര്‍ഥികളുടെ കോപ്പികളില്‍ നിരവധി തെറ്റുകള്‍ കണ്ടെത്തി. ഒരു കുട്ടിയുടെ നോട്ട് ബുക്കിലെ ആദ്യ പേജില്‍ തന്നെ ഒമ്പത് തെറ്റുകളാണ് കലക്ടര്‍ ഒറ്റനോട്ടത്തില്‍ കണ്ടെത്തിയത്. അവയില്‍ ഒന്ന് പോലും അധ്യാപകന്‍ തിരുത്തിയിട്ടില്ല. ഇത്തരത്തില്‍ പരിശോധിച്ച ആറ് കുട്ടികളുടെ ബുക്കുകളിലും തെറ്റുകള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അധ്യാപകന്‍ മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയാണെന്ന് അറിഞ്ഞത്.

അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസ് വര്‍ക്കുകളും ഗൃഹപാഠങ്ങളും പരിശോധിച്ച് അവര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒരു പ്രശ്നമല്ല. എന്നാല്‍ സ്‌കൂള്‍ സമയങ്ങളില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നത് ശരിയായ കാര്യമല്ലെന്നും ജില്ലാ കലക്ടര്‍ രാജേന്ദ്ര പന്‍സിയ മാധ്യമങ്ങളോട് പറഞ്ഞു.

 

 

Latest