From the print
ഹരം പകർന്ന് കോൽക്കളിയും ദഫും
പാട്ടിന്റെ താളത്തിനൊത്ത് ചുവടുവെക്കുന്നതിനൊപ്പം കോലു കൊണ്ട് താളത്തിലടിച്ചുള്ള കോൽക്കളിയിൽ സദസ്സ് ഹരം പിടിച്ചു
കലോത്സവത്തിന്റെ മൂന്നാം നാൾ ആസ്വാദകരെ ആവേശക്കൊടുമുടിയിലെത്തിച്ച് ഹൈസ്‌കൂൾ വിഭാഗം ദഫ് മുട്ടും കോൽക്കളിയും. വഴുതക്കാട് ടാഗോർ തിയേറ്ററിലെ വേദിയുണർന്നത് പ്രവാചക പ്രകീർത്തന കാവ്യങ്ങൾ ഇശലായി ഒഴുകിയ ദഫ് മുട്ടോടെയാണ്.
കാവ്യ ഇശലുകൾക്ക് താളം പകർന്ന് തുകൽ വാദ്യമായ ദഫ് മുട്ട് പുരോഗമിച്ചതോടെ അനന്തപുരി ആനന്ദം കൊണ്ടു. പ്രവാചക തിരുമേനി (സ്വ)യുടെ പ്രകീർത്തനങ്ങൾക്കൊപ്പം ജീലാനി, രിഫാഈ അപദാനങ്ങളും ബൈത്തുകളായി ഒഴുകി.ഇതോടെ സദസ്സൊന്നടങ്കം ഭക്തിസാന്ദ്രമായ അന്തരീക്ഷം. എല്ലാ ടീമുകളും പാരമ്പര്യം കാത്തുസൂക്ഷിച്ചുവെന്ന് ദഫ് മുട്ടാചാര്യൻ ഡോ.കോയ കാപ്പാട് പറഞ്ഞു. അപ്പീലിലൂടെയെത്തിയ അഞ്ച് ടീമുകളുൾപ്പെടെ 19 ടീമുകളാണ് അരങ്ങിലെത്തിയത്. ഇതിൽ 17 ടീമുകൾക്കും എ ഗ്രേഡ് ലഭിച്ചു. ദഫിന്റെ വാദനം കൊണ്ടും ബൈത്തിന്റെ ഈണം കൊണ്ടും വിധികർത്താക്കളുടെയും സദസ്സിന്റെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റാൻ ടീമുകൾക്കായി.
ഹൈസ്‌കൂൾ വിഭാഗം കോൽക്കളി മത്സരം വഴുതക്കാട് ഗവ. വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ ഹൈസ്‌കൂൾ വിഭാഗം ആൺ കുട്ടികളുടെ നാടോടിനൃത്തത്തിനു ശേഷമാണ് ആരംഭിച്ചത്.പാട്ടിന്റെ താളത്തിനൊത്ത് ചുവടുവെക്കുന്നതിനൊപ്പം കോലു കൊണ്ട് താളത്തിലടിച്ചുള്ള കോൽക്കളിയിൽ സദസ്സ് ഹരം പിടിച്ചു. കൈലിമുണ്ടും ബനിയനും തലയിൽ കെട്ടും ധരിച്ച് ചുവടുകൾക്കനുസരിച്ച് താളാത്മകമായ ചുവടുകളുമായി 16 ടീമുകളാണ് അരങ്ങിലെത്തിയത്. എല്ലാവരും ഒന്നിനൊന്ന് മെച്ചം.
ഫലം വന്നപ്പോൾ എ ഗ്രേഡ് പങ്കിട്ടതും ഒരുമിച്ച്. നാലാം ദിനമായ ഇന്ന് ഉച്ചക്ക് രണ്ടിന് ഹയർ സെക്കൻഡറി കോൽക്കളി മത്സരവും ഇതേ വേദിയിൽ നടക്കും.ഹൈസ്‌കൂൾ വിഭാഗം വട്ടപ്പാട്ട് മത്സരമാണ് ഇന്ന് നടക്കുന്ന മറ്റൊരു സവിശേഷയിനം. കവടിയാർ നിർമലഭവൻ എച്ച് എസ് എസിൽ രാവിലെ വേദിയുണരുന്നത് വട്ടപ്പാട്ടോടെയാകും.