Connect with us

Kuwait

സംശുദ്ധ ജീവിതത്തിന് പ്രതിജ്ഞയെടുക്കുക: ഖലീല്‍ തങ്ങള്‍

പശ്ചാത്താപവും പ്രതീക്ഷ കൈവിടാതെയുള്ള പ്രാര്‍ഥനയുമാണ് വിശ്വാസി സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടത്.

Published

|

Last Updated

കുവൈത്ത് സിറ്റി | ആത്മസംസ്‌കരണത്തിന്റെ സുവര്‍ണാവസരമായ റമസാനില്‍ സംശുദ്ധ ജീവിതത്തിനായി പ്രതിജ്ഞയെടുത്ത്, തുടര്‍ന്നുള്ള എല്ലാ ഏര്‍പ്പാടുകളിലും അതു പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ വിശുദ്ധമാസത്തിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ സമ്പാദിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഐ സി എഫ് കുവൈത്ത് നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍, പ്രാര്‍ഥനാ സമ്മേളനത്തില്‍ ഉത്‌ബോധന പ്രസംഗം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

റമസാന്‍ മാസത്തില്‍ നിന്ന് പൊഴിഞ്ഞു വീഴുന്ന നിമിഷങ്ങളെക്കുറിച്ചുള്ള വേദന മനസ്സില്‍ ഉണ്ടാവുക എന്നത് വിശ്വാസത്തിന്റെ അടയാളമാണെന്നും പശ്ചാത്താപവും പ്രതീക്ഷ കൈവിടാതെയുള്ള പ്രാര്‍ഥനയുമാണ് വിശ്വാസി സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടതെന്നും അദ്ദേഹം ഉണര്‍ത്തി. എങ്കില്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഏതു തരം പ്രതിസന്ധിയെയും നിര്‍ഭയം അതിജീവിക്കാന്‍ കഴിയും. തിന്മകളെക്കുറിച്ച് ആശങ്കയും കുറ്റബോധവുമുള്ളവരുടെ തേട്ടങ്ങള്‍ക്ക് സ്വീകാര്യത ഉറപ്പാണെന്നും റമസാന്‍ കാലം ആയൊരു പ്രതീക്ഷക്ക് വെളിച്ചം പകരുകയാണെന്നും ഖലീല്‍ തങ്ങള്‍ ഓര്‍മപ്പെടുത്തി.

അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഉബൈദുല്ല സഖാഫി പ്രസംഗിച്ചു. ഹൈദര്‍ അലി സഖാഫി തറാവീഹ് നിസ്‌കാരത്തിനു നേതൃത്വം നല്‍കി. സയ്യിദ് ഹബീബ് അല്‍ബുഖാരി, ബശീര്‍ അബ്ദുറഹ്മാന്‍ അസ്ഹരി പേരോട്, അഹ്മദ് കെ മാണിയൂര്‍, അബ്ദുല്‍ അസീസ് സഖാഫി സംബന്ധിച്ചു. അബ്ദുല്ല വടകര സ്വാഗതവും എ എം സമീര്‍ നന്ദിയും പറഞ്ഞു.