From the print
കൂട്ടിയും കിഴിച്ചും പാകിസ്താൻ
വലിയ ഒറ്റക്കക്ഷിയായിട്ടും രക്ഷയില്ലാതെ പി ടി ഐ
ഇസ്‌ലാമാബാദ് | പാകിസ്താൻ ദേശീയ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവരുന്പോൾ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രർ 93 സീറ്റിൽ വിജയമുറപ്പിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാകിസ്താൻ മുസ്‌ലിം ലീഗ് (നവാസ്) 75 സീറ്റിൽ ജയിച്ച് രണ്ടാം സ്ഥാനത്താണ്.
പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് പാർട്ടിക്ക് നിരോധം നിലനിൽക്കുന്നതിനാലാണ് സ്ഥാനാർഥികൾ സ്വതന്ത്രരായി മത്സരിക്കേണ്ടി വന്നത്. അതുകൊണ്ടു തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ട് കൂടി അവർക്ക് നേരിട്ട് സർക്കാറുണ്ടാക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ ഇംറാൻ ഖാന്റെ പിന്തുണയിൽ ജയിച്ചവർക്ക് ഏതെങ്കിലും ചെറിയ പാർട്ടിയിൽ ചേർന്ന് ബ്ലോക്ക് രൂപവത്കരിക്കാൻ സാധിക്കുമോ എന്നതാകും നിർണായകം. പാർട്ടിയായി മത്സരിച്ചിട്ടില്ലാത്ത പി ടി ഐ സ്വതന്ത്രർ നേരിടുന്ന മറ്റൊരു വെല്ലുവിളി പാർലിമെന്റിന്റെ 70 സംവരണ സീറ്റുകളിൽ ഒന്ന് പോലും ലഭിക്കാൻ അർഹതയില്ല എന്നതാണ്. ഇതിൽ 20 സീറ്റുകൾ വരെ പി എം എൽ (എൻ) പാർട്ടിക്ക് ലഭിച്ചേക്കും. പാർട്ടികളുടെ അംഗബലം അനുസരിച്ചാണ് ഈ സീറ്റുകൾ അനുവദിക്കുന്നത്.
കാലുമാറ്റം
അതിനിടെ, പി ടി ഐയിൽ നിന്ന് നവാസ് പക്ഷത്തേക്കുള്ള കൂടുമാറ്റത്തിനും സാധ്യത കാണുന്നുണ്ട്. താൻ പി എം എൽ- എന്നിൽ ചേരുന്നതായി ലാഹോറിലെ പി ടി ഐ ജനറൽ സെക്രട്ടറി വസീം ഖാദിർ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ പി ടി ഐ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.
സർക്കാർ രൂപവത്കരണ നീക്കങ്ങൾ പി ടി ഐയുടെ ഭാഗത്ത് നിന്ന് നടക്കുന്പോൾ, പി എം എൽ (എൻ) പാർട്ടിയും സഖ്യ സാധ്യതകൾ തേടുന്നുണ്ട്. മുൻ പ്രസിഡന്റ്ആസിഫ് അലി സർദാരിയുടെ പാകിസ്താൻ പീപിൾസ് പാർട്ടി (പി പി പി)യുമായി നവാസിന്റെ പാർട്ടി ചർച്ച നടത്തി. അതിനിടെ, മുത്തഹിദ ഖഊമി മൂവ്മെന്റു (എം ക്യു എം)മായി ചർച്ച നടത്തിയതായും പി എം എൽ (എൻ) അവകാശപ്പെട്ടു. രാജ്യതാത്പര്യങ്ങൾക്ക് ഒന്നിച്ചുനിൽക്കാൻ സാധിക്കുന്ന പൊതുകാര്യങ്ങളിൽ ഇരു പാർട്ടികളും ധാരണയിലെത്തിയതായി പി എം എൽ (എൻ) നേതാവ് മർറിയം ഔറംഗസീബ് സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. എന്നാൽ, ഇക്കാര്യം എം ക്യു എം കൺവീനർ മഖ്ബൂൽ സിദ്ദീഖി നിഷേധിച്ചു. പി പി പി 54 സീറ്റിലും എം ക്യു എം 17 സീറ്റിലും വിജയമുറപ്പിച്ചിട്ടുണ്ട്. ഈ കക്ഷികളുടെ പിന്തുണയുണ്ടെങ്കിൽ കേവല ഭൂരിപക്ഷത്തിനുള്ള 134 മറികടക്കാൻ നവാസ് ശരീഫിന്റെ പാർട്ടിക്ക് സാധിക്കും.
അതിനിടെ, അന്തിമ തിരഞ്ഞെടുപ്പ് ഫലം ഉടൻ പുറത്തുവിട്ടില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് പി ടി ഐ ആഹ്വാനം ചെയ്തു. വടക്കൻ നഗരമായ പെഷാവറിൽ നിന്ന് തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്കുള്ള ദേശീയപാത നൂറുകണക്കിന് പി ടി ഐ അനുകൂലികൾ തടസ്സപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
അതിനിടെ, കറാച്ചിയിൽ നിന്നുള്ള 18 സീറ്റുകളിലെ പാർട്ടിയുടെ വിജയം തെറ്റായ മാർഗത്തിലൂടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മാറ്റിയതായി പി ടി ഐ ആരോപിച്ചു.
വില്ലൻ ഇന്റർനെറ്റ്
തിരഞ്ഞെടുപ്പ് ദിവസം ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധമാണ് ഫലപ്രഖ്യാപനം വൈകാൻ ഇടയാക്കിയതെന്ന് ഇടക്കാല സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ദിവസം രാജ്യത്തുടനീളം ഇന്റർനെറ്റ് സേവനങ്ങൾ തടഞ്ഞത്. ഇത് മനുഷ്യാവകാശ സംഘടനകളിൽ നിന്നുള്ള വിമർശത്തിന് ഇടയാക്കിയിരുന്നു.