From the print
പ്ലസ് വണ്‍ അധിക ബാച്ചുകള്‍ ആദ്യ അലോട്ട്മെന്റിനു ശേഷം
നേരത്തേ അനുവദിക്കേണ്ടെന്ന് ഉത്തരവ്. ഒഴിഞ്ഞുകിടക്കുന്നത് 54,966 പ്ലസ് വണ്‍ സീറ്റുകള്‍. മലപ്പുറത്ത് മാത്രം പ്രവേശനം നേടാത്ത 7,922 സീറ്റുകള്‍.

തിരുവനന്തപുരം | അടുത്ത അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി മുന്‍കൂട്ടി അധിക ബാച്ചുകള്‍ അനുവദിക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ആദ്യഘട്ട അലോട്ട്മെന്റിന് ശേഷം ബാച്ചുകള്‍ പുനഃക്രമീകരിക്കാനാമ് ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. സീറ്റ് ക്ഷാമം ഉണ്ടായാല്‍ മാത്രം അധിക ബാച്ചുകള്‍ അനുവദിക്കുന്നത് പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തുടനീളം 54,000 പ്ലസ്വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
പ്ലസ് വണ്‍ ഒന്നാം ഘട്ട അലോട്ട്മെന്റിനു ശേഷം കുട്ടികള്‍ കുറവുള്ളതോ ഒഴിഞ്ഞുകിടക്കുന്നതോ ആയ സീറ്റുകള്‍ പുനഃക്രമീകരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനു ശേഷവും സീറ്റ് ക്ഷാമം ഉണ്ടെങ്കില്‍ മാത്രമേ അധിക ബാച്ചുകള്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കൂ എന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ജില്ലാതല കമ്മിറ്റികളുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നയിക്കുന്ന സംസ്ഥാനതല കമ്മിറ്റിയുടെയും ശിപാര്‍ശ പ്രകാരമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
സര്‍ക്കാര്‍ കണക്ക് പ്രകാരം സംസ്ഥാനത്തുടനീളം 54,966 പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇതില്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിവുള്ളത്. 7,922 സീറ്റുകള്‍. ഇത്രയധികം സീറ്റുകള്‍ വെറുതെ കിടക്കുന്നതിനാല്‍ തത്കാലം പുതിയ ബാച്ചുകളും സീറ്റുകളും വേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിലപാട്.
നേരത്തേ അനുവദിച്ച 178 താത്കാലിക ബാച്ചുകളും മാര്‍ജിന്‍ സീറ്റുകളും നിലനിര്‍ത്തിയിട്ടും കഴിഞ്ഞ വര്‍ഷം മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ പ്രവേശനം വലിയ പ്രതിസന്ധിയായിരുന്നു. തുടര്‍ന്ന് ഒരു പ്രത്യേക സമിതിയെ നിയമിച്ച് ഈ സമിതിയുടെ റിപോര്‍ട്ട് പ്രകാരം വീണ്ടും മലബാറില്‍ അധിക ബാച്ചുകള്‍ അനുവദിച്ചെങ്കിലും പരാതികള്‍ അവസാനിച്ചിരുന്നില്ല. അതേസമയം, മലബാറില്‍ ഈ സാഹചര്യം തുടരുന്നതിനിടെ ഇത്തവണ ഒരു അധിക ബാച്ച് പോലും മുന്‍കൂറായി അനുവദിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം മലബാറിലെ പ്ലസ് വണ്‍ പ്രവേശത്തെ ഇത്തവണയും പ്രതിസന്ധിയിലാക്കുമെന്ന് ആശങ്കയുണ്ട്.