Connect with us

Kerala

പ്ലസ് വണ്‍ പ്രവേശനം: പത്തനംതിട്ടയില്‍ ഒഴിവുള്ളത് 4776 സീറ്റുകള്‍;കുട്ടികളുടെ കുറവ് ഏറെയും ഗ്രാമീണ മേഖലകളില്‍

മെറിറ്റില്‍ 710 സീറ്റുകളിലാണ് ആളെത്താനുള്ളത്

Published

|

Last Updated

പത്തനംതിട്ട |  പ്ലസ് വണ്‍ പ്രവേശനത്തിനായി മൂന്ന് പ്രധാന അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായിരിക്കേ ജില്ലയില്‍ 4776 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. മെറിറ്റില്‍ 710 സീറ്റുകളിലാണ് ആളെത്താനുള്ളത്. സ്പോര്‍ട്സ് ക്വാട്ട 226, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 11, കമ്യൂണിറ്റി ക്വാട്ട 438, മാനേജ്മെന്റ് ക്വാട്ടയില്‍ 1594, അണ്‍എയ്ഡഡ് ക്വാട്ടയില്‍ 1797 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. 13859 അപേക്ഷകളാണ് ഇക്കുറി പ്ലസ് വണ്‍ പ്രവേശനത്തിനായി ജില്ലയില്‍ ലഭിച്ചത്. ഇതില്‍ 3360 പേര്‍ പത്തനംതിട്ട ജില്ലയ്ക്കു പുറത്തു നിന്നായിരുന്നു.

ഭിന്നശേഷിക്കാരുടേതുള്‍പ്പെടെ 9906 മെറിറ്റ് സീറ്റുകളില്‍ 9196 എണ്ണത്തില്‍ പ്രവേശനം നല്‍കി. മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം ജനറല്‍ വിഭാഗത്തില്‍ 7637 സീറ്റുകളുണ്ടായിരുന്നതില്‍ 6967 എണ്ണത്തില്‍ പ്രവേശനം നല്‍കി. 670 സീറ്റുകള്‍ ഒഴിവുണ്ട്. മറ്റ് ഒഴിവുകള്‍ സംവരണ വിഭാഗത്തിന്റേതാണ്. പട്ടികജാതി വിഭാഗം സംവരണ സീറ്റുകളില്‍ 53 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. സ്പോര്‍ട്സ് ക്വാട്ടായില്‍ 226 ഒഴിവുകള്‍ അവശേഷിക്കുകയാണ്. 321 സീറ്റുകളുണ്ടായിരുന്നതില്‍ 95 ല്‍ മാത്രമേ കുട്ടികള്‍ എത്തിയിട്ടുള്ളൂ. കമ്യൂണിറ്റി ക്വാട്ടായില്‍ 858 സീറ്റുകള്‍ എയ്ഡഡ് സ്‌കൂളുകളിലായി ഉണ്ടായിരുന്നു. ഇതില്‍ 420 കുട്ടികള്‍ മ്രോത പ്രവേശനം നേടിയിട്ടുള്ളൂ. വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 50 സീറ്റുകളില്‍ 39 കുട്ടികളെത്തി. 36 അപേക്ഷകളായിരുന്നു ആദ്യം സ്‌കൂളിലേക്കു ലഭിച്ചത്. പിന്നീട് മൂന്ന് കുട്ടികള്‍ കൂടി എത്തി. ജില്ലയിലെ സ്‌കൂളുകളില്‍ മാനേജ്മെന്റ് ക്വാട്ടായില്‍ 1750 സീറ്റുകളുണ്ടായിരുന്നതില്‍ 156 സീറ്റുകളില്‍ മാത്രമേ കുട്ടികളെത്തിയിട്ടുള്ളൂ. അണ്‍എയ്ഡഡ് വിഭാഗത്തിലെ 1852 സീറ്റുകളില്‍ 55 കുട്ടികളെ മാത്രമേ ഇതേവരെ പ്രവേശിപ്പിക്കാനായിട്ടുള്ളൂ.

കുട്ടികളുടെ കുറവ് ഏറെയും ഗ്രാമീണ മേഖലകളില്‍

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായത് ഗ്രാമീണ മേഖലയിലെ വിദ്യാലയങ്ങളിലാണ്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ പല ബാച്ചുകളിലേക്കും മതിയായ കുട്ടികളെ ലഭിച്ചിട്ടില്ല. ഒരു ബാച്ചിന് ആവശ്യമായ കുട്ടികളുടെ എണ്ണം അമ്പതാണ്. ബാച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ നിലവില്‍ ആവശ്യമുള്ളത് 25 കുട്ടികളാണ്. രണ്ടാമതൊരു ബാച്ച് തുങ്ങണമെങ്കില്‍ 75 കുട്ടികള്‍ വേണം. 25 കുട്ടികളുടെ പിന്‍ബലത്തിലാണ് ജില്ലയിലെ പല സ്‌കൂളുകളിലും ബാച്ചുകള്‍ നിലനില്‍ക്കാന്‍ തന്നെ കാരണം. കഴിഞ്ഞ വര്‍ഷവും കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ജില്ലയിലെ സ്‌കൂളുകളിലുണ്ടായിരുന്നത്. ഇത്തവണ സ്ഥിതി അതിലും മോശമാണെന്ന് അധ്യാപകര്‍ പറയുന്നു. പല ബാച്ചുകളും കഴിഞ്ഞവര്‍ഷം തന്നെ നഷ്ടമാകുന്ന സാഹചര്യമുണ്ടായിരുന്നു. തുടര്‍ച്ചയായ മൂന്നുവര്‍ഷം കുട്ടികള്‍ കുറയുന്ന സാഹചര്യത്തില്‍ ബാച്ചുകള്‍ നഷ്ടമാകും. കുട്ടികളുടെ കുറവു കാരണം നേരത്തെ തന്നെ ബാച്ചുകള്‍ നഷ്ടമാകുകയും ഹയര്‍ സെക്കന്‍ഡറി തന്നെ വേണ്ടെന്നുവയ്ക്കുകയും ചെയ്ത വിദ്യാലയങ്ങള്‍ പത്തനംതിട്ട ജില്ലയിലുണ്ട്. സര്‍ക്കാര്‍ കണക്കില്‍ ഇപ്പോഴും 95 സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിച്ചിട്ടുണ്ടെങ്കിലും 80 സ്‌കൂളുകളില്‍ മാത്രമാണ ്പ്രവേശന നടപടികള്‍ നടന്നത്. അണ്‍എയ്ഡഡ് ബാച്ചുകളാരംഭിച്ച സ്‌കൂളുകള്‍ പലതുമാണ നിന്നുപോയത്.

ഒഴിവ് ഏറെയും ഹ്യുമാനിറ്റീസ് ബാച്ചുകളില്‍

നഗര മേഖലകളിലടക്കം ഒഴിവുകളേറെയുള്ളത് ഹ്യുമാനിറ്റീസ് ബാച്ചുകളിലാണ്. സയന്‍സ് ബാച്ചുകളില്‍ ഗ്രാമീണ മേഖലകളില്‍ സീറ്റുകള്‍ ബാക്കിയാണ്. ഇവിടങ്ങളില്‍ ഹ്യുമാനിറ്റീസിനും ഒഴിവുകളുണ്ട്. കൊമേഴ്സ് ബാച്ചുകളിലേക്ക് ഒട്ടുമിക്ക സ്‌കൂളുകള്‍ക്കും മതിയായ കുട്ടികളെ ലഭിച്ചിട്ടുണ്ട്. 2300 സീറ്റുകളാണ് ഹ്യുമാനിറ്റീസിലുണ്ടായിരുന്നത്. സയന്‍സില്‍ 7350 സീറ്റുകളും കൊമേഴ്സില്‍ 3550 സീറ്റുകളുമാണുള്ളത്.

വി എച്ച് എസ് ഇ സ്‌കൂളുകളെയും ബാധിച്ചു

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ബാച്ചുകളിലും കുട്ടികളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ജില്ലയില്‍ പത്താംക്ലാസ് പാസായ കുട്ടികളുടെ എണ്ണത്തേക്കാള്‍ അധികമാണ് ഹയര്‍ സെക്കന്‍ഡറി പഠനത്തിനുള്ള സീറ്റുകളുടെ എണ്ണം. ഐടിഐ, പോളിടെക്നിക് കോഴ്സുകളിലും പത്താംക്ലാസുകാര്‍ക്കായി ബാച്ചുകളുണ്ട്. ഇവിടങ്ങളിലും കുട്ടികളെ ലഭിക്കാന്‍ ബുദ്ധിമുട്ടുകളുണ്ട്. കുട്ടികളുടെ കുറവ് പല സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിലനില്പിനെ തന്നെ ബാധിച്ചിട്ടുണ്ട്

 

Latest