Connect with us

Kozhikode

പ്ലസ് വണ്‍ പ്രതിസന്ധി; സമരം ശക്തമാക്കി വിദ്യാര്‍ഥി സംഘടനകള്‍

ഉന്നത വിജയികള്‍ക്ക് വരെ സീറ്റ് ലഭിക്കാതെ പുറത്തായതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് കെ എസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.

Published

|

Last Updated

കോഴിക്കോട് |  മലബാറിലെ ജില്ലകളില്‍ എസ് എസ് എല്‍ സി പരീക്ഷ പായാസവര്‍ക്ക് ആനുപാതികമായി പ്ലസ് വണ്‍ സീറ്റ് ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം ശക്തമാക്കുന്നു. കെ എസ് യു, ഫ്രറ്റേണിറ്റി മൂവ്മെന്റ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം നടന്നത്. ഉന്നത വിജയികള്‍ക്ക് വരെ സീറ്റ് ലഭിക്കാതെ പുറത്തായതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് കെ എസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ആര്‍ഡിഡി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി സൂരജ് ഉള്‍പ്പെടെ ഏഴ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സനൂജ് കുരുവട്ടൂര്‍, സംസ്ഥാന സമിതി അംഗം അര്‍ജുന്‍ പൂനത്ത് ജില്ലാ വൈസ് പ്രസിഡന്റ്മാരായ എം പി റാഗിന്‍, പി എം ഷഹബാസ് ഭാരവാഹികളായ രാഹുല്‍ ചാലില്‍, തനുദേവ് കൂടാംമ്പോയില്‍ എന്നീ പ്രവര്‍ത്തകരെയാണ് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു മാറ്റിയത്.

മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായശേഷം ഇന്നലെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും പതിനായിര കണക്കിന് വിദ്യാര്‍ത്ഥികളാണ് മലബാറില്‍ സീറ്റില്ലാതെ പുറത്ത് നില്‍ക്കുന്നത്. മുഴുവന്‍ വിഷയത്തില്‍ എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥകള്‍ ഉള്‍പ്പെടെ സീറ്റില്ലാതെ പുറത്താണ്. ഈ സാഹചര്യത്തിലും നടപടിയെടുക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെ ഒളിച്ചുകളിക്കെതിരെ കഴിഞ്ഞ രണ്ടാഴ്ചയായി കെഎസ് യു സമരരംഗത്താണ്.

പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം കോഴിക്കോട്ട് കെ എസ് യുവും എം എസ് എഫും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു.സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ തിങ്കളാഴ്ച പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങുമ്പോള്‍ 3,22,147 കുട്ടികള്‍ക്കാണ് മാത്രമാണ് പ്രവേശനം കിട്ടിയത്. പ്ലസ് വണ്‍ പഠനത്തിന് ആവശ്യമായ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാവൂര്‍ റോഡ് രാജാജി ജംഗ്ഷന്‍ ഉപരോധിച്ചു. മലബാര്‍ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായി, പുതിയ ബാച്ചുകളും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുമാണ് പരിഹാരം എന്ന മുദ്രാവാക്യവുമായാണ് സമരം നടത്തിയത്. റോഡ് ഉപരോധിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍ തുടങ്ങിയ ഇരുപതോളം ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കളെയും, പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മൂന്ന് അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ കോഴിക്കോട് ജില്ലയിലെ 16750 കുട്ടികള്‍ക്ക് പ്ലസ് വണ്ണിന് പഠിക്കാന്‍ സീറ്റില്ലയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. സമ്പൂര്‍ണ്ണ എ പ്ലസ് കാരും പുറത്താണ്. എസ് എഫ് ഐയും സമരമുഖത്താണുള്ളത്. മലബാര്‍ ജില്ലികളിലെ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് എസ് എഫ് ഐയും ആവശ്യപ്പെടുന്നു.

 

Latest