Connect with us

Kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: പാലക്കാടും കണ്ണൂരും കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം

കണ്ണൂരില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Published

|

Last Updated

പാലക്കാട് | മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാടും കണ്ണൂരും കെഎസ്‌യു സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധക്കാരെ പോലീസ് കയ്യേറ്റം ചെയ്തെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കണ്ണൂരില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കണ്ണൂരില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വാഹനം  തടയാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു.

അധിക ബാച്ചുകള്‍ അനുവദിച്ച് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഒഴിവാക്കണമെന്ന് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിച്ചപ്പോള്‍ വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അലോട്ട്‌മെന്റ് ഫലം വരുമ്പോഴും നിരവധി വിദ്യാര്‍ഥികളാണ് സീറ്റ് ലഭിക്കാതെ പുറത്തു നില്‍ക്കുന്നത്.
ഇതില്‍ പ്രതിഷേധിച്ചായിരുന്നു പാലക്കാടും കണ്ണൂരും കെഎസ്‌യു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

മലബാറില്‍ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് ഹയര്‍സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.

Latest