Connect with us

Kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങേണ്ടിവന്നത് സര്‍ക്കാറിന്റെ വീഴ്ചയെന്ന് എസ് എസ് എഫ്

ആകെ അപേക്ഷകരായ വിദ്യാര്‍ഥികളുടെ എണ്ണവും ഗവണ്‍മെന്റ് എയ്ഡഡ് സീറ്റുകളുടെ എണ്ണവും തമ്മിലെ അന്തരം സര്‍ക്കാറിന് നേരത്തെ അറിവുള്ളതാണ് എന്നിരിക്കെ സമരങ്ങളും പ്രക്ഷോഭങ്ങളും കഴിഞ്ഞ് പ്രതികരിക്കുന്ന രീതിയാണ് സര്‍ക്കാര്‍ ഇത്തവണയും തുടര്‍ന്നത്. രും വര്‍ഷങ്ങളില്‍ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും എസ് എസ് എഫ്

Published

|

Last Updated

മലപ്പുറം | കേരളത്തിലെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്ന ഘട്ടത്തിലും സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടായതിന് കാരണം സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് നിയാസ് കുറ്റപ്പെടുത്തി. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവസാന ഘട്ടത്തില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കും എന്ന് പ്രഖ്യാപിക്കുകയും രണ്ടംഗ ഉദ്യോഗസ്ഥ സമിതിയെ നിയമിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ആകെ അപേക്ഷകരായ വിദ്യാര്‍ഥികളുടെ എണ്ണവും ഗവണ്‍മെന്റ് എയ്ഡഡ് സീറ്റുകളുടെ എണ്ണവും തമ്മിലെ അന്തരം സര്‍ക്കാറിന് നേരത്തെ അറിവുള്ളതാണ് എന്നിരിക്കെ സമരങ്ങളും പ്രക്ഷോഭങ്ങളും കഴിഞ്ഞ് പ്രതികരിക്കുന്ന രീതിയാണ് സര്‍ക്കാര്‍ ഇത്തവണയും തുടര്‍ന്നത്.
വിഷയം പരിഹരിക്കുന്നതിന് വേണ്ടി വിവിധ ഘട്ടങ്ങളില്‍ രൂപീകരിക്കപ്പെട്ട കമ്മീഷനുകള്‍ പറയുന്നത് പ്രകാരം 40 വിദ്യാര്‍ത്ഥികളാണ് ഒരു ബാച്ചില്‍ ഉണ്ടാകേണ്ടത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം 35 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഒരു ക്ലാസ് മുറിയില്‍ ഉണ്ടാകേണ്ടത്. ലബ്ബ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇത് 40 ആണ്. വിവിധ നിയമങ്ങള്‍ പ്രകാരവും ഈ നിലയിലാണ് വിദ്യാര്‍ത്ഥി അനുപാതം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. സിബിഎസ് ഇ യുടെയും എന്‍ ഇ പി യുടെയും നിര്‍ദ്ദേശവും 40 സീറ്റ് എന്നതാണ്. കേരളത്തിലെ ഹയര്‍സെക്കന്‍ഡറി നിയമവും നിഷ്‌കര്‍ഷിക്കുന്നത് ഇതേ അനുവാദം തന്നെ.

എന്നിരിക്കയാണ് മലപ്പുറം ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ 70 വിദ്യാര്‍ത്ഥികള്‍ ഒരു ക്ലാസ് മുറിയില്‍ കുത്തി നിറക്കപ്പെട്ടത് എന്നത് ഗൗരവത്തോടെ കാണണം. വിഷയം പഠിക്കാന്‍ ഇത്തവണ സര്‍ക്കാര്‍തല ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളിലെ പോലെ കണ്ണില്‍ പൊടിയിടുന്നതിനു വേണ്ടിയാകരുത് നടപടി. കാദര്‍ കമ്മീഷന്‍ ആവശ്യപ്പെട്ട എട്ട് മുതല്‍ 12 വരെ ക്ലാസുകള്‍ സെക്കന്‍ഡറി തലമാക്കുക എന്ന നിര്‍ദ്ദേശം ഇതുവരെ നടപ്പിലായിട്ടില്ല. കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല. ഈ സാഹചര്യമാകരുത് രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടിനും ഉണ്ടാകേണ്ടത്.

വിദ്യാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഈ വര്‍ഷം അഡ്മിഷന്‍ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നീതിയുക്തമായ സീറ്റ് ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം. വരും വര്‍ഷങ്ങളില്‍ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലാ സെക്രട്ടറിമാരായ സ്വാദിഖ് നിസാമി, കെ പി മുഹമ്മദ് അനസ്, ടി എം ശുഹൈബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.