PLUS ONE SEAT
പ്ലസ്‌വണ്‍ സീറ്റ്: പ്രായോഗിക പരിഹാരമില്ലാതെ വിദ്യാഭ്യാസ വകുപ്പ്
സപ്ലിമെന്ററി അലോട്ട്‌മെന്റ് മാത്രം ശേഷിക്കെ നിരവധി വിദ്യാര്‍ഥികളാണ് ഇപ്പോഴും പുറത്തുനില്‍ക്കുന്നത്.
തിരുവനന്തപുരം | സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള പ്രധാന അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഉത്കണ്ഠ പരിഹരിക്കുന്നതിന് പ്രായോഗിക പരിഹാര മാര്‍ഗങ്ങളൊന്നും നിര്‍ദേശിക്കാതെ വിദ്യാഭ്യാസ വകുപ്പ്. വടക്കന്‍ ജില്ലകളിലുള്‍പ്പെടെ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ ഇഷ്ട വിഷയങ്ങളും സ്‌കൂളുകളും ലഭിക്കാതെ പുറത്തു നില്‍ക്കുമ്പോഴും കണക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്ന ഈ മാസം 23 വരെ കാത്തിരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
സപ്ലിമെന്ററി അലോട്ട്‌മെന്റ് മാത്രം ശേഷിക്കെ നിരവധി വിദ്യാര്‍ഥികളാണ് ഇപ്പോഴും പുറത്തുനില്‍ക്കുന്നത്. ഇവര്‍ക്ക് എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് സീറ്റുകളും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളിലുമാണ് ഇനി പ്രതീക്ഷ. പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ 33,81 പേര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കാതെ വരികയുള്ളൂവെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഒമ്പത് ജില്ലകളില്‍ നിലവില്‍ അപേക്ഷകരെക്കാള്‍ വളരെ കുറവാണ് പ്ലസ്‌വണ്‍ സീറ്റുകളുടെ എണ്ണം. ഈ വര്‍ഷം പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ആകെ എണ്ണം 4,65,219 ആണെങ്കിലും ഇതില്‍ 39,489 പേര്‍ ഇതര ജില്ലകളില്‍ കൂടി അപേക്ഷിച്ചവരാണെന്നതിനാല്‍ യഥാര്‍ഥ അപേക്ഷകരുടെ എണ്ണം 4,25,730 മാത്രമായി ചുരുങ്ങും. അതേസമയം ആദ്യ അലോട്ട്‌മെന്റില്‍ 2,0,1489 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചുവെങ്കിലും ലിസ്റ്റില്‍ ഉള്‍പ്പെട്ട 17,065 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിരുന്നില്ല. രണ്ടാം അലോട്ട്മെന്റില്‍ 68,048 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്.
നിലവില്‍ രണ്ട് അലോട്ട്‌മെന്റിലും അവസരം ലഭിച്ചവരെല്ലാവരും പ്രവേശനം നേടിയാലും 2,69,537 പേര്‍ക്ക് മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി വിജയ ശതമാനം പരിഗണിക്കാതെ കഴിഞ്ഞ അഞ്ച്് വര്‍ഷത്തെ പ്ലസ്‌വണ്‍ പ്രവേശന നിരക്ക് കണക്കാക്കി ഇത്തവണത്തെ പ്രവേശന നടപടികള്‍ മുന്നോട്ട് കൊണ്ടുപോയ സര്‍ക്കാര്‍ നടപടിയാണ് സീറ്റ് ക്ഷാമത്തിലേക്ക് നയിച്ചതെന്നാണ് ആക്ഷേപം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരിയെടുത്താല്‍ 3,85,530 പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം നേടിയത്. ഇതനുസരിച്ച് 91,796 പേരാണ് ഈ വര്‍ഷം പ്രവേശനത്തിന് ബാക്കിയുള്ളത്. എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് സീറ്റുകളിലേക്കും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളിലേക്കും പ്രവേശനം ഇന്നലെ ആരംഭിച്ചിട്ടുണ്ട്.
കമ്മ്യൂണിറ്റി മാനേജ്‌മെന്റ് വിഭാഗത്തില്‍ 71,000ത്തോളം സീറ്റുകളാണുള്ളത്. ഇതും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളും ചേര്‍ന്നാല്‍ 3,91,921 സീറ്റുകളില്‍ പ്രവേശനം നടത്താം. ബാക്കിയുള്ള 33,909 വിദ്യാര്‍ഥികള്‍ പകരം മാര്‍ഗങ്ങള്‍ തേടേണ്ടി വരും. എന്നാല്‍ വി എച്ച് എസ് ഇ, പോളി ടെക്‌നിക്, ഐ ടി ഐ എന്നിവിടങ്ങളിലായി ഒരു ലക്ഷത്തില്‍ താഴെ സീറ്റുകളുണ്ട്.
അതേ സമയം, വടക്കന്‍ ജില്ലകളില്‍ സീറ്റ് ക്ഷാമം അതിരൂക്ഷമായി തന്നെ തുടരുകയാണ്. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി ഒമ്പത് ജില്ലകളിലാണ് അപേക്ഷകരെക്കാള്‍ കുറവ് സീറ്റുകളുള്ളത്.
പ്ലസ്‌വണ്‍ പ്രവേശനത്തില്‍ മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കുട്ടികള്‍ പുറത്താകുക. എസ് എസ് എല്‍ സി വിജയിച്ച 75,257 വിദ്യാര്‍ഥികളുള്ള ജില്ലയില്‍ 50,340 സീറ്റുകള്‍ മാത്രമാണുള്ളത്.
1,99,276 സീറ്റുകളുള്ള മലബാര്‍ ജില്ലകളില്‍ ഈയിടെ വര്‍ധിപ്പിച്ച 20 ശതമാനം കൂട്ടിയാലും നാൽപ്പതിനായിരത്തോളമേ അധികമായി ലഭിക്കൂ. ഇതുപ്രകാരം അര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പുറത്താകും. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരുടെ സംഖ്യ ഇത്തവണ റെക്കോര്‍ഡ് ഭേദിച്ചിരുന്നു. 1,21,318 പേരാണ് എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷം എ പ്ലസ് നേടിയത് 41,906 പേരായിരുന്നു.