Kerala
പ്ലസ് വണ്‍ സീറ്റ്: പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാച്ച്, പ്രശ്‌നം പഠിക്കാന്‍ രണ്ടംഗ സമിതി
മലപ്പുറത്ത് പുതിയ താത്ക്കാലിക ബാച്ച് അനുവദിക്കും. ജൂലൈ 31നകം പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കും. ക്ലാസ്സ് നഷ്ടമാകുന്ന വിദ്യാര്‍ഥികള്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് നല്‍കും.
തിരുവനന്തപുരം | മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കും. 15 വിദ്യാര്‍ഥി സംഘടനകളുമായുള്ള ചര്‍ച്ചക്കു ശേഷം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ബാച്ച് അനുവദിക്കുക. താലൂക്ക് അടിസ്ഥാനത്തില്‍ അലോട്ട്‌മെന്റ് നടത്തുന്ന കാര്യം പരിശോധിക്കും.
സീറ്റ് പ്രതിസന്ധി പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിക്കും. ഇവരുടെ റിപോര്‍ട്ട് പ്രകാരം നടപടിയെടുക്കും. മലപ്പുറത്ത് 7,478 സീറ്റുകളുടെയും കാസര്‍കോട്ട് 252 സീറ്റുകളുടെയും പാലക്കാട്ട് 1,757 സീറ്റുകളുടെയും കുറവുണ്ട്. മലപ്പുറത്ത് പുതിയ താത്ക്കാലിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
മലപ്പുറത്ത് ഏഴ് താലൂക്കില്‍ സയന്‍സ് സീറ്റ് അധികവും കൊമേഴ്‌സ്, ഹ്യൂമാനീറ്റിസ് സീറ്റുകള്‍ കുറവുമാണ്. അധിക ബാച്ച് തീരുമാനിക്കാന്‍ നിയോഗിച്ച സമിതി ജൂലൈ അഞ്ചിനുള്ളില്‍ റിപോര്‍ട്ട് നല്‍കും. അതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുക.
സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം വീണ്ടും അപേക്ഷ സമര്‍പ്പിക്കും. ജൂലൈ 31നകം പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ക്ലാസ്സ് നഷ്ടമാകുന്ന വിദ്യാര്‍ഥികള്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് നല്‍കും. പ്ലസ് വണിന് നിരവധി വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിഷയത്തില്‍ കെ എസ് യു, എം എസ് എഫ്, എ ബി വി പി തുടങ്ങിയ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ക്കു പുറമെ എസ് എഫ് ഐയും സമരത്തിലാണ്.