Connect with us

Editorial

പ്ലസ് വണ്‍ സീറ്റ് ക്ഷാമം, സര്‍ക്കാര്‍ ഒഴിഞ്ഞു മാറരുത്

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നതാണ് പ്ലസ് വണ്‍ സീറ്റ് ക്ഷാമം. നിലവിലുള്ള ബാച്ചുകളില്‍ സീറ്റ് വര്‍ധിപ്പിക്കുക വഴി തിങ്ങി നിറഞ്ഞ ക്ലാസ്സ് മുറികളില്‍ വിദ്യാര്‍ഥികളെ പഠിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത് ശരിയായ പരിഹാരമല്ല. വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതുണ്ട്.

Published

|

Last Updated

രണ്ടാം ഘട്ട അലോട്ട്മെന്റ് കഴിയുന്നതോടെ പ്ലസ് വണിന് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും പ്രവേശനം ലഭിച്ചിരിക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തിങ്കളാഴ്ച നിയമസഭയില്‍ അവകാശപ്പെട്ടിരുന്നത്. ഒന്നാം അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ 1,92,859 സീറ്റുകള്‍ ബാക്കിയുണ്ട്. എന്നാല്‍ 1,59,840 അപേക്ഷകരേയുള്ളൂ. രണ്ടാം അലോട്ട്‌മെന്റിനു ശേഷം 33,119 സീറ്റുകള്‍ മിച്ചം വരുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ബുധനാഴ്ച രണ്ടാം ഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ പ്രവേശനം ലഭിക്കാതെ 1.95 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പുറത്തു നില്‍ക്കുകയാണ്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരുമുണ്ട് ഈ ഗണത്തില്‍ ധാരാളം. മൊത്തം 4,65,219 പേരാണ് പ്ലസ് വണിന് അപേക്ഷിച്ചവര്‍. രണ്ട് അലോട്ട്‌മെന്റ് തീര്‍ന്നപ്പോള്‍ പ്രവേശനം ലഭിച്ചത് 2,70,188 പേര്‍ക്ക്. മെറിറ്റ് സീറ്റില്‍ ഇനി ബാക്കിയുള്ളത് 655 സീറ്റ് മാത്രവും. എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലെ കമ്മ്യൂണിറ്റി മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഫീസ് നല്‍കി പഠിക്കേണ്ട സീറ്റുകളും മാത്രമാണ് അവശേഷിക്കുന്നത്. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് കമ്മ്യൂണിറ്റി ക്വാട്ടകളില്‍ ആനുപാതിക സീറ്റ് വര്‍ധന പരിഗണിച്ചാലും 68,200ഓളം സീറ്റുകളാണ് വര്‍ധിക്കുക. എങ്കില്‍ തന്നെയും 1.27 ലക്ഷം കുട്ടികള്‍ പുറത്താകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എസ് എസ് എല്‍ സി വിജയിച്ചവരുടെയും മുഴുവന്‍ എ പ്ലസ് നേടിയവരുടെയും എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായതാണ് സീറ്റ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം.

വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രയാസപ്പെടാതെ പ്രവേശനം നേടുന്നതിനാണ് ഏകജാലക സംവിധാനം കൊണ്ടുവന്നത്. അതുകൊണ്ടും പ്രശ്‌നം പരിഹരിക്കപ്പെടാത്ത സ്ഥിതിയാണ്. നന്നായി പഠിച്ചു പരീക്ഷയെഴുതി മികച്ച രീതിയില്‍ പാസ്സായിട്ടും താത്പര്യമുള്ള വിഷയം പഠിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് ഇത്തവണ. എസ് എസ് എല്‍ സി പരീക്ഷയിലെ ഗ്രേഡിനു പുറമെ പത്താം ക്ലാസ്സ് പഠിച്ച അതേ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് പരിഗണനയുണ്ട്. അതേ തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിലോ താലൂക്കിലോ അഡ്മിഷന്‍ തേടുന്നവര്‍ക്കുമുണ്ട് മുന്‍ഗണന. മിക്ക വിദ്യാര്‍ഥികള്‍ക്കും ഇത്തവണ അത്തരം പരിഗണനകളൊന്നും ലഭിക്കുകയില്ല. മലബാര്‍ ജില്ലകളില്‍ വിശിഷ്യാ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് സീറ്റ് ക്ഷാമം ഏറ്റവും കൂടുതല്‍.

രണ്ടാം അലോട്ട്‌മെന്റ് അവസാനിച്ചതോടെ നിയമസഭയില്‍ നേരത്തേ നടത്തിയ അവകാശവാദത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു മന്ത്രിക്ക്. പ്ലസ് വണ്‍ പ്രവേശനത്തിനു അപേക്ഷിച്ച എല്ലാവര്‍ക്കും സീറ്റ് കിട്ടില്ലെന്ന് ഇന്നലെ പത്രസമ്മേളനത്തില്‍ അദ്ദേഹം തുറന്നു സമ്മതിച്ചു. പോളി ടെക്‌നിക്കിലും വോക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയിലും ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും ബാക്കിയുള്ളവര്‍ അവിടെ പഠിച്ചോട്ടെയെന്നുമാണ് മന്ത്രിയുടെ നിലപാട്. സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റില്‍ ആളില്ലെങ്കില്‍ പൊതു സീറ്റായി പരിഗണിക്കുമ്പോള്‍ കുറെ കൂടി സീറ്റ് കിട്ടുമെന്നും അദ്ദേഹം പറയുന്നു. മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശനത്തിന് വന്‍തുക ഫീസ് നല്‍കേണ്ടിവരും. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഇത് പ്രയാസകരമാണ്. സീറ്റ് ക്ഷാമത്തിന്റെ കാര്യം പറയുമ്പോള്‍, ഉയര്‍ന്ന ഫീസ് കൊടുത്ത് മാനേജ്‌മെന്റ് ക്വാട്ടയില്‍ പഠിച്ചോട്ടെ എന്നു പറഞ്ഞ് കൈയൊഴിയുകയല്ല മന്ത്രി ചെയ്യേണ്ടത്. പൊതു വിദ്യാഭ്യാസത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ഈ സമീപനം.

നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷത്തു നിന്ന് ശൈലജ ടീച്ചറും പ്ലസ് വണ്‍ സീറ്റിന്റെ ക്ഷാമം ചൂണ്ടിക്കാട്ടുകയും പരിഹരിക്കുന്നതിന് ചില മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പ്ലസ് വണ്‍ സീറ്റുകള്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ഒറ്റ യൂനിറ്റായി കണക്കാക്കാതെ ജില്ലാ-സബ്ജില്ലാ അടിസ്ഥാനത്തില്‍ കണക്കാക്കി അപര്യാപ്തത പരിഹരിക്കണമെന്നായിരുന്നു ശൈലജ ടീച്ചറുടെ നിര്‍ദേശം. സീറ്റുകള്‍ റീ അറേഞ്ച് ചെയ്യണമെന്ന ആവശ്യം കാലങ്ങളായി ഉന്നയിക്കുന്നതാണെന്നും ഇനിയെങ്കിലും ശാസ്ത്രീയമായി പഠിച്ച് ആവശ്യമുള്ളിടത്ത് സീറ്റ് നല്‍കണമെന്നും ഇക്കാര്യത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് പാലക്കാട് എം എല്‍ എ ഷാഫി പറമ്പിലും ആവശ്യപ്പെട്ടു. പ്രവേശനത്തിന്റെ തോതല്ല, ആകെയുള്ള അപേക്ഷകരുടെ എണ്ണമാണ് പരിഗണിക്കേണ്ടത്. മൊത്തം കണക്കുകള്‍ എടുത്താല്‍ നീതികേടിന്റെ ആഴം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനാകും. പ്ലസ് വണ്‍ പ്രവേശനത്തിന് പുതിയ ബാച്ചുകള്‍ അനുവദിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്റെ സാമ്പത്തിക സാഹചര്യം വെച്ച് പ്ലസ് വണ്‍ സീറ്റുകളില്‍ അധിക ബാച്ച് അനുവദിക്കാനാകില്ലെന്നു പറഞ്ഞ് ഇത്തരം നിര്‍ദേശങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ് വിദ്യാഭ്യാസ മന്ത്രി.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നതാണ് പ്ലസ് വണ്‍ സീറ്റ് ക്ഷാമം. ഓരോ വര്‍ഷവും സീറ്റുകള്‍ വര്‍ധിപ്പിച്ചാണ് ഇത് പരിഹരിക്കുന്നത്. ഇത്തവണയും വിദ്യാര്‍ഥികളുടെ എണ്ണത്തിന് അനുസൃതമായി എല്ലാ സ്ട്രീമുകളിലും 20 ശതമാനം അധിക സീറ്റ് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ബാച്ചുകളില്‍ സീറ്റ് വര്‍ധിപ്പിക്കുക വഴി തിങ്ങി നിറഞ്ഞ ക്ലാസ്സ് മുറികളില്‍ വിദ്യാര്‍ഥികളെ പഠിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത് ശരിയായ പരിഹാരമല്ല. പ്ലസ് വണ്‍ പ്രവേശനത്തിനായി വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നതും സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം വേണമെന്നതും വര്‍ഷങ്ങളായുള്ള ആവശ്യമാണ്. അധിക ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരുകൂട്ടം അപ്പീലുകള്‍ പരിഗണിക്കവെ 2015 ആഗസ്റ്റില്‍ ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്, പ്രാദേശികമായ വിദ്യാഭ്യാസ ആവശ്യം പരിഗണിച്ച് അധിക ബാച്ച് അനുവദിക്കുന്നതിന് സുസ്ഥിരവും സുതാര്യവുമായ നയം ആവിഷ്‌കരിക്കണമെന്നായിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ആര്‍ക്കും ഹയര്‍ സെക്കന്‍ഡറി പഠനാവസരം നിഷേധിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് സര്‍ക്കാറിന്റെ നിര്‍ബന്ധ ബാധ്യതയായതിനാല്‍ ഇക്കാര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ഒഴിഞ്ഞു മാറുന്നത് ശരിയല്ല. വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതുണ്ട്.

Latest