Connect with us

KM SHAJI

പ്ലസ് ടു കോഴക്കേസ്: പിടികൂടിയ പണം തിരഞ്ഞെടുപ്പ് ഫണ്ടെന്ന് കെ എം ഷാജി കോടതിയിൽ

ഇത്രയും തുക പിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിയുണ്ടോയെന്ന് കോടതി

Published

|

Last Updated

കോഴിക്കോട് | പ്ലസ് ടു കോഴക്കേസിൽ അഴീക്കോട്ടെ വീട്ടിൽ നിന്ന് വിജിലൻസ് പിടികൂടിയ 47.35 ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി സമർപ്പിച്ച ഹരജിയിൽ വിധി പറയുന്നത് ഈ മാസം നാലിലേക്ക് മാറ്റി. ഹരജിയിൽ കഴിഞ്ഞ ദിവസം വിശദമായി വാദം കേട്ടു. തിരഞ്ഞെടുപ്പ് ഫണ്ടിന് വേണ്ടി ബൂത്ത് കമ്മിറ്റികളിൽ നിന്ന് പിരിച്ചെടുത്ത തുകയാണെന്നായിരുന്നു ഷാജിയുടെ പക്ഷം.

കൂട്ടത്തിൽ ഇരുപതിനായിരം രൂപയുടെ റസീപ്റ്റും ഷാജി ഹാജരാക്കിയിട്ടുണ്ട്. എന്നാൽ, ഇത്രയും തുക പിരിച്ചെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോയെന്ന് കോടതി ആരാഞ്ഞു. പതിനായിരം രൂപയിൽ കൂടുതലുള്ള തുക ചെക്ക് / ഡി ഡി മുഖേന സമർപ്പിക്കണമെന്നാണ് ചട്ടമെന്ന് കഴിഞ്ഞ ദിവസം വിജിലൻസ് സ്‌പെഷ്യൽ സെൽ എതിർ സത്യവാങ്മൂലം നൽകിയിരുന്നു.

വലിയ തുകയുടെ ഇടപാടുകൾ ബേങ്ക് വഴിയല്ലാതെ കെ എം ഷാജി നടത്തിയെന്നും പണം തിരികെ നൽകരുതെന്നും വിജിലൻസ് വ്യക്തമാക്കി. അദ്ദേഹം ഹാജരാക്കിയ റസീപ്റ്റുകൾ വ്യാജമാണെന്നും പിടിച്ചെടുത്ത പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത് സമ്പാദന കേസിനെ വലിയ രീതിയിൽ ബാധിക്കുമെന്നുമാണ് വിജിലൻസ് നിലപാട്.

2013ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിന് പ്ലസ് ടു അനുവദിക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ഷാജിക്കെതിരെയുള്ള പരാതി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി പി എം നേതാവാണ് പരാതി നൽകിയത്. തുടർന്ന് കഴിഞ്ഞ വർഷമാണ് ഷാജിയുടെ അഴീക്കോട്ടേയും കോഴിക്കോട്ടേയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്.