Connect with us

Kerala

പ്ലസ്ടു കോഴക്കേസ്: കെ എം ഷാജിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹരജി രണ്ടാഴ്ചത്തേക്ക് നീട്ടി സുപ്രീംകോടതി

കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം നീട്ടി ചോദിച്ച് കെ എം ഷാജി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി| പ്ലസ്ടു കോഴക്കേസില്‍ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ എഫ്‌ഐ ആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി സുപ്രീംകോടതി. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം നീട്ടി ചോദിച്ച് കെ എം ഷാജി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. രണ്ടാഴ്ച്ചത്തേക്ക് കേസ് നീട്ടിവെക്കണമെന്നാണ് ആവശ്യം. കെ.എം. ഷാജിയുടെ ഈ അപേക്ഷ കണക്കിലെടുത്താണ് ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് സുപ്രീംകോടതി നീട്ടിവെച്ചത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ നേരത്തെ കെ എം ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശം. വിജിലന്‍സ് കേസ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെ തുടര്‍ന്നെടുത്ത ഇ ഡി കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ചാണ് പ്ലസ്ടു കോഴക്കേസില്‍ കെ എം. ഷാജിക്കെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയത്.

കേസെടുത്ത് സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടികളും റദ്ദാക്കിയിരുന്നു. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീട് കേസിന്റെ ഭാഗമായി ഇ.ഡി കണ്ടുകെട്ടിയിരുന്നു. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കെ എം ഷാജിക്കെതിരേ ഇഡി കേസെടുത്തിരുന്നത്.

സി പി എം പ്രാദേശിക നേതാവാണ് 2017 യില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. വിജിലന്‍സ് എസ് പി കഴമ്പിലെന്ന് കണ്ട് പരാതി തള്ളിയിരുന്നു. എന്നാല്‍ വീണ്ടും പ്രോസീക്യൂഷന്‍ നിയമോപദേശത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി.ഈ കാര്യം ചൂണ്ടിക്കാണ്ടിയാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.

 

 

Latest