Kerala
ബത്തേരിയിലിറങ്ങിയ പിഎം 2 കാട്ടാനയെ ഇന്ന് മയക്കുവെടിവച്ച് പിടികൂടും; ദൗത്യത്തിനൊരുങ്ങി ആര്‍ ആര്‍ ടി സംഘം
ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ആര്‍ ആര്‍ ടി സംഘത്തിനാണ് ആനയെ പിടികൂടാനുള്ള ചുമതല.
സുല്‍ത്താന്‍ ബത്തേരി | വയനാട് സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാനയെ ഇന്ന് മയക്കുവെടിവച്ച് പിടികൂടും. ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ആര്‍ ആര്‍ ടി സംഘത്തിനാണ് ആനയെ പിടികൂടാനുള്ള ചുമതല. മുത്തങ്ങ ആന പരിശീലന കേന്ദ്രത്തില്‍ നിന്നെത്തിച്ച രണ്ട് കുങ്കിയാനകളും സംഘത്തിലുണ്ട്.
ജനവാസ മേഖലയോട് ചേര്‍ന്ന വനത്തില്‍ നിലയുറപ്പിച്ച പിഎം 2 എന്ന കാട്ടാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടിവച്ച് പിടികൂടിയ ശേഷം ആനയെ മുത്തങ്ങ ആനപ്പന്തിയിലെ കൂട്ടിലടച്ച് മെരുക്കാനാണ് പദ്ധതി. ആനയെ വനത്തിനകത്തേക്ക് തുരത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മയക്കുവെടിവച്ച് പിടികൂടാന്‍ തിരുമാനിച്ചത്.
നാട്ടിലിറങ്ങിയ കാട്ടാനയെ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് കാണിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ആനയെ അടിയന്തരമായി മയക്കുവെടിവച്ച് പിടികൂടാന്‍ വനം വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നടപടി സ്വീകരിച്ചില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് വൈകിയതില്‍ ഇന്നലെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.