National
പ്രധാനമന്ത്രിയുടെ വീഡിയോ ഡീപ്പ് ഫേക്കല്ല; വീഡിയോയിലുള്ളത് അപരന്‍
വീഡിയോയിലുള്ളത് പ്രധാനമന്ത്രിയുടെ രൂപ സാദൃശ്യമുള്ള വ്യാപാരി വികാസ് മഹാന്തേ
ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദി ഗര്‍ബ നൃത്തം ചെയ്യുന്ന വീഡിയോ ഡീപ്പ് ഫേക്കല്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ വീഡിയോയിലുള്ളത് പ്രധാനമന്ത്രിയുടെ രൂപ സാദൃശ്യമുള്ള വ്യാപാരി വികാസ് മഹാന്തേയാണ്. അടുത്തിടെ സിനിമാ താരത്തിന്റെ ഡീപ് ഫേക്ക് വീഡിയോ പുറത്ത് വന്നതിനുപിന്നാലെ ഇത്തരം സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി താന്‍ ഗര്‍ബ നൃത്തം ചെയ്യുന്ന വീഡിയോ കണ്ടുവെന്ന് പരാമര്‍ശിച്ചത്.
അടുത്തിടെ വൈറലായ ഗര്‍ബ നൃത്തത്തിലുള്ളത് പ്രധാനമന്ത്രിയല്ല താനാണെന്ന് വികാസ് മഹാന്തേ എന്ന ബിസിനസുകാരനാണ് പ്രതികരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള സാദൃശ്യം ഒരു തരത്തിലും ദുരുപയോഗത്തിന് ലക്ഷ്യമിട്ടുള്ളതായിരുന്നില്ലെന്നും വികാസ് പറയുന്നു. അഭിനേതാവും ബിസിനസുകാരനുമായ വികാസിന് ഇത്തരം പരിപാടികളില്‍ അതിഥിയായി ക്ഷണിക്കാറുണ്ട്. അത്തരമൊരു പരിപാടിക്കിടെ നടന്ന നൃത്ത വീഡിയോയാണ് പ്രധാനമന്ത്രിയുടേതെന്ന പേരില്‍ വൈറലായതെന്നും വികാസ് മഹാന്തേ വിശദമാക്കി. ഇന്‍സ്റ്റഗ്രാമിലാണ് വികാസ് ഇക്കാര്യം വിശദമാക്കിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപി ആസ്ഥാനത്ത് സംസാരിക്കുന്നതിനിടയിലാണ് ഡീപ് ഫേക് വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചത്. ഡീപ് ഫേക് വീഡിയോകള്‍ വലിയ ആശങ്ക സൃഷ്ടിക്കുകയാണെന്നും അത്തരം വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാന്‍ ചാറ്റ് ജിപിടി സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി വിശദമാക്കിയിരുന്നു. മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.