up election
ഉത്തർ പ്രദേശിൽ സാന്നിധ്യം സജീവമാക്കി പ്രധാനമന്ത്രി
നാളെ യു പിയിലെത്തുന്ന പ്രധാനമന്ത്രി നിരവധി പരിപാടികളിൽ പങ്കെടുക്കും
ലക്‌നോ | അടുത്ത വർഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർ പ്രദേശിൽ സാന്നിധ്യം സജീവമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ യു പിയിലെത്തുന്ന പ്രധാനമന്ത്രി നിരവധി പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10.30ന് സിദ്ധാര്‍ഥ് നഗറിൽ സംസ്ഥാനത്തെ ഒന്പത് മെഡിക്കൽ കോളജുകൾ ഉദ്ഘാടനം ചെയ്യും.
സിദ്ധാര്‍ഥ് നഗര്‍, ഇറ്റാഹ്, ഹർദോയ്, പ്രതാപ്ഗഢ്, ഫത്തേപൂർ, ഡിയോറിയ, ഗാസിപൂർ, മിർസാപൂർ, ജൗൻപൂർ എന്നീ ജില്ലകളിലെ മെഡിക്കൽ കോളജുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉച്ചക്ക് 1.15ന് വാരാണസിയിൽ ആത്മനിർഭർ സ്വസ്ത് ഭാരത് യോജന (പി എം എസ് ബി വൈ)ക്ക് തുടക്കം കുറിക്കും. വാരാണസിക്കായി 5,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും മോദി നിർവഹിക്കും.
രാജ്യത്തുടനീളം ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വലിയ പദ്ധതികളിലൊന്നാണ് പി എം എസ് ബി വൈ. ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമെ ആയിരിക്കും ഇത്. പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലെ നിർണായക വിടവുകൾ നികത്തുക എന്നതാണ് പി എം എ എസ് ബി വൈയുടെ ലക്ഷ്യം. പ്രത്യേകിച്ച് നഗര, ഗ്രാമ പ്രദേശങ്ങളിലെ ക്രിട്ടിക്കൽ കെയർ സൗകര്യങ്ങളിലും പ്രാഥമിക പരിചരണത്തിലും.