Connect with us

Articles

ഇത്ര ദുര്‍ബലനാകണോ പി എം!

മോദിയുമായുള്ള സൗഹൃദമോ ബി ജെ പിയുമായുള്ള പ്രത്യയശാസ്ത്ര സമാനതയോ ചൈനയുമായുള്ള ശത്രുതയോ ഒന്നും തീരുവയിലടക്കം കര്‍ക്കശ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ ട്രംപിന് തടസ്സമാകുന്നില്ല. ഇന്ത്യക്കാരെ ഭീകരരെപ്പോലെ സൈനിക വിമാനത്തില്‍ നടതള്ളാനും ട്രംപിന് ഒരു മടിയുമില്ല. അദ്ദേഹത്തിനറിയാം ഇന്ത്യന്‍ ഭരണാധികാരികള്‍ മുട്ടുനിവര്‍ത്തി നില്‍ക്കില്ലെന്ന്.

Published

|

Last Updated

തമിഴ് മാഗസിന്‍ ‘വികടന്‍’ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ കേന്ദ്ര സര്‍ക്കാറിനെയും ബി ജെ പിയെയും വിളറി പിടിപ്പിച്ചത് വെറുതെയല്ല. അതിശക്തമായ വിമര്‍ശമാണ് അങ്ങേയറ്റം ലളിതമായ ആ കലാസൃഷ്ടിയിലൂടെ സാധ്യമായത്. ഡൊണാള്‍ഡ് ട്രംപിനൊപ്പം മോദിയിരിക്കുന്നു. വിടര്‍ന്ന ചിരിയോടെ ട്രംപ്. കൈകളിലും കാലുകളിലും ചങ്ങലയുമായി പേടിച്ചരണ്ട് മോദി. ഇത്രയുമാണ് കാര്‍ട്ടൂണിലുള്ളത്. ഈയിടെ പ്രധാനമന്ത്രി നടത്തിയ യു എസ് സന്ദര്‍ശനത്തെ വിശദീകരിക്കാന്‍ ഈ കാര്‍ട്ടൂണിനൊപ്പം ഒരു വരി പോലും ആവശ്യമില്ല. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി തിരിച്ചയക്കുന്ന ഇന്ത്യക്കാരെ കൈവിലങ്ങും കാല്‍ച്ചങ്ങലയുമിട്ട് ഭീകരരെപ്പോലെ കൊണ്ടുവന്നതില്‍ ചെറു പ്രതിഷേധം പോലും യു എസില്‍ ചെന്ന മോദി ഉയര്‍ത്തിയില്ല. പകരം ട്രംപിന്റെ ആട്ടിയോടിക്കല്‍ പദ്ധതിക്ക് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇന്ത്യ താരിഫ് താഴ്ത്താന്‍ തയ്യാറാകുന്നില്ലെന്ന് ശകാരിച്ചപ്പോള്‍ അതും കേട്ടിരുന്നു ഇന്ത്യന്‍ ഭരണാധികാരി. താങ്കള്‍ മഹാനാണെന്നും കര്‍ക്കശക്കാരനും നയചാതുരനുമായ നെഗോഷ്യേറ്ററാണെന്നും അപദാനം ചൊരിഞ്ഞപ്പോള്‍ അതില്‍ തരളിതനായിപ്പോകുകയെന്ന പതിവ് പ്രധാനമന്ത്രി അവിടെയും തെറ്റിച്ചില്ല.

ഈ പരാജയം മറയ്ക്കാന്‍ മോദി ഭക്തര്‍ എടുത്തിടുന്ന ദൃശ്യം യു എസ് പ്രസിഡന്റ് മോദിക്ക് ഇരിക്കാന്‍ കസേര നീക്കിക്കൊടുത്തുവെന്നതാണ്. ഉഭയകക്ഷി ചര്‍ച്ചകളിലും വിരുന്നിലും സംയുക്ത വാര്‍ത്താ സമ്മേളനത്തിലുമായി മോദിക്കൊപ്പം ട്രംപ് അഞ്ച് മണിക്കൂര്‍ ചെലവഴിച്ചുവെന്നതും മഹത്തായ കാര്യമായി അവതരിപ്പിക്കുന്നു. ട്രംപ് ഒരു കച്ചവടക്കാരനാണ്. ലാഭകരമായ കച്ചവടത്തിനായി അദ്ദേഹം കസേര വലിച്ചിട്ടു കൊടുക്കും. എത്ര മണിക്കൂര്‍ വേണമെങ്കിലും ചെലവഴിക്കും. ട്രംപിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ വലിയ കമ്പോളം മാത്രമാണ്. ആയുധം തൊട്ട് എ ഐ വരെ കച്ചവട സാധ്യത എമ്പാടുമുള്ള കമ്പോളം. ഈ ജനതയെന്ന മൂലധനം കാണിച്ചാണ് നരേന്ദ്ര മോദി വിദേശത്ത് സമ്മോഹനമായ ഇരിപ്പിടങ്ങള്‍ നേടുന്നത്. കച്ചവടം ലാഭകരമാകുന്നതു വരെ മാത്രമേ ആ ഇരിപ്പിടങ്ങളില്‍ അദ്ദേഹത്തെ ഇരുത്തൂ. മോദിയുമായുള്ള സൗഹൃദമോ ബി ജെ പിയുമായുള്ള പ്രത്യയശാസ്ത്ര സമാനതയോ ചൈനയുമായുള്ള ശത്രുതയോ ഒന്നും തീരുവയിലടക്കം കര്‍ക്കശ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ ട്രംപിന് തടസ്സമാകുന്നില്ല. ഇന്ത്യക്കാരെ ഭീകരരെപ്പോലെ സൈനിക വിമാനത്തില്‍ നടതള്ളാനും ട്രംപിന് ഒരു മടിയുമില്ല. അദ്ദേഹത്തിനറിയാം ഇന്ത്യന്‍ ഭരണാധികാരികള്‍ മുട്ടുനിവര്‍ത്തി നില്‍ക്കില്ലെന്ന്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് വ്‌ലാദിമീര്‍ പുടിനോട് പറയാന്‍ മോദിക്ക് സാധിച്ചിരുന്നു. എന്നാല്‍ ട്രംപിന് മുന്നിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ നാവില്‍ ചങ്ങല വന്നു.

മെക്സിക്കോക്കും കൊളംബിയക്കും ബ്രസീലിനും സാധിച്ചത് എന്തുകൊണ്ടാണ് ആഴത്തില്‍ വേരൂന്നിയ സൗഹൃദമുണ്ടെന്ന് അവകാശപ്പെടുന്ന ഇന്ത്യക്ക് സാധിക്കാത്തത് എന്ന ചോദ്യമാണ് അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രിയോട് രാജ്യത്തിന് ചോദിക്കാനുള്ളത്. കുടിയേറ്റവിരുദ്ധത പ്രത്യയശാസ്ത്രമായി സൂക്ഷിച്ചവരാണ് ലോകത്താകെയുള്ള തീവ്ര വലതുപക്ഷവാദികള്‍. ആ ആശയഗതിയുടെ ഇപ്പോഴത്തെ ചക്രവര്‍ത്തിയാണ് ട്രംപെങ്കില്‍ അദ്ദേഹത്തിന്റെ മന്ത്രിയാണ് മോദി. അമേരിക്കയടക്കമുള്ള സര്‍വ ദേശരാഷ്ട്രങ്ങളെയും രൂപപ്പെടുത്തിയത് കുടിയേറ്റമാണെന്ന സത്യം ഇവര്‍ മനഃപൂര്‍വം മറക്കുന്നു. കുടിയേറ്റത്തിന് വിധേയമാകാത്ത ഒരിടവും ഭൂമുഖത്തില്ല. ചിലര്‍ ജോലി തേടിപ്പോകും. ചിലര്‍ അഭയാര്‍ഥികളായി. ചിലര്‍ പഠിക്കാന്‍. അവരില്‍ ചിലര്‍ക്ക് രേഖകളുണ്ടാകില്ല. മനുഷ്യക്കടത്തുകാരുടെ മോഹന വാഗ്ദാനങ്ങള്‍ കേട്ട് ഇറങ്ങിപ്പുറപ്പെട്ടുവരുമുണ്ടാകും. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നത് പുതിയ കാര്യമൊന്നുമല്ല. അറബ് രാജ്യങ്ങളും പാശ്ചാത്യ രാജ്യങ്ങളുമെല്ലാം ഇത് ചെയ്യുന്നുണ്ട്. എന്നാല്‍ അതിനൊക്കെ മനുഷ്യത്വപരമായ ചില രീതികളുണ്ട്. ഗുജറാത്തില്‍ നിന്നും പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ബിഹാറില്‍ നിന്നുമൊക്കെയുള്ള നിരായുധരും നിസ്വരുമായ മനുഷ്യരെ കൈയിലും കാലിലും ചങ്ങലയിട്ട് കൊടും ഭീകരരെപ്പോലെ, ഇരിക്കാന്‍ സീറ്റ് പോലുമില്ലാത്ത സൈനിക വിമാനത്തില്‍ തിരിച്ചയക്കേണ്ട കാര്യമെന്താണ്? സിവിലിയന്‍ വിമാനത്തിലോ അതത് രാഷ്ട്രങ്ങള്‍ അയക്കുന്ന വിമാനത്തിലോ അയച്ചാല്‍ എന്താണ് കുഴപ്പം. മനുഷ്യരുടെ അന്തസ്സിടിച്ച് ഗുണ്ടായിസം കാണിച്ച് നടത്തുന്ന മേധാവിത്വ പ്രഖ്യാപനത്തിന് കൂട്ടുനില്‍ക്കുകയാണ് മോദി ചെയ്യുന്നത്. വാഷിംഗ്ടണിലെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വെച്ച നിര്‍ദേശം, മനുഷ്യക്കടത്ത് തടയാന്‍ യു എസിന് ഉത്തരവാദിത്വമുണ്ടെന്ന് മാത്രമാണ്.

ക്രൂരമായ അപമാനം സഹിച്ച് അമൃത്സറില്‍ വിമാനമിറങ്ങിയ മന്‍ദീപ് എന്ന് ചെറുപ്പക്കാരന്റെ വാക്കുകള്‍ കുചേലയാത്ര കഴിഞ്ഞെത്തിയ പ്രധാനമന്ത്രി മനസ്സിരുത്തി വായിക്കണം. ഇന്ത്യന്‍ പൗരത്വത്തിന്റെ വിലയിടിയുന്നത് എങ്ങനെയെന്ന് അദ്ദേഹത്തിനപ്പോള്‍ മനസ്സിലാകും: ‘ഒരു മാറ്റവുമില്ല. കൈവിലങ്ങ് അണിയിച്ചിരുന്നു. കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നു. വിലങ്ങണിയിക്കുമ്പോള്‍ എനിക്ക് കടുത്ത അപമാനം തോന്നി. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ ഉത്തരവ് പാലിക്കുക മാത്രമാണെന്ന് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരിച്ചയക്കപ്പെടുന്നവരുടെ സുരക്ഷക്ക് തന്നെയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ വാദം. നിരാശരും പ്രകോപിതരുമായ കുടിയേറ്റക്കാര്‍ അക്രമാസക്തരായേക്കാമെന്ന അധിക്ഷേപവും അവര്‍ നടത്തുന്നു’. മോദി- ട്രംപ് ചര്‍ച്ച കൊണ്ടാടുന്ന സര്‍വര്‍ക്കുമുള്ള മറുപടിയാണ് മന്‍ദീപിന്റെ ഈ വാക്കുകള്‍.

ഇത്തവണത്തെ മോദി- ട്രംപ് കൂടിക്കാഴ്ചയുടെ തുടക്കം തന്നെ തുല്യതയുടെ അടിത്തറയിലായിരുന്നില്ല. ട്രംപ് അധികാരമേറ്റപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് മോദിക്ക് പ്രത്യേക ക്ഷണമുണ്ടായിരുന്നില്ല. കൂടിക്കാഴ്ചക്ക് സമയം തേടിയപ്പോള്‍, ചില കാര്യങ്ങള്‍ ചെയ്ത് തീര്‍ത്തിട്ട് വരൂ എന്നതായിരുന്നു ട്രംപിന്റെ മറുപടി. ആണവ റിയാക്ടര്‍ നിര്‍മാതാക്കളെ ആണവ ദുരന്ത ബാധ്യതാ നിയമത്തില്‍ (സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജസ് ആക്ട്)നിന്ന് ഒഴിവാക്കുമെന്ന സന്ദേശം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റിലൂടെ നല്‍കിയത് ഈ മുന്നുപാധിയുടെ ഭാഗമായിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യാതെ പോയ നയം മാറ്റമായിരുന്നു അത്. വിദേശ, സ്വകാര്യ ആണവ കമ്പനികളെ സഹായിക്കാനുള്ള നീക്കം. ഇന്ത്യയെ ചുങ്ക രാജാവെന്ന് പേരെടുത്ത് ട്രംപ് അധിക്ഷേപിച്ചത് ഈ സന്ദര്‍ശനത്തിന് മുമ്പായിരുന്നു. ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തിയാല്‍ യു എസ് നോക്കി നില്‍ക്കില്ലെന്ന ഭീഷണിയും മുഴക്കി ട്രംപ്. മോദി വന്ന് പോയിട്ടാകാം ഭീഷണിയെന്ന് ട്രംപിന് തോന്നിയതേയില്ല. എന്ത് അധിക്ഷേപിച്ചാലും അദ്ദേഹം വരുമെന്ന് ട്രംപിനറിയാമല്ലോ.

കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലും തികച്ചും ഏകപക്ഷീയമായാണ് ട്രംപ് സംസാരിച്ചത്. ഇന്ത്യ ഇറക്കുമതി തീരുവ കുറച്ചേ തീരൂവെന്ന് മോദിയെ അടുത്തു നിര്‍ത്തി ട്രംപ് പ്രഖ്യാപിച്ചു. എന്നുവെച്ചാല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് എളുപ്പത്തില്‍ ഇന്ത്യന്‍ കമ്പോളത്തിലേക്ക് കടന്നു വരാനാകും. മേക് ഇന്‍ ഇന്ത്യയെന്നൊക്കെ വാചകമടിക്കുമ്പോഴാണ് പുറത്ത് നിന്നുള്ള ഈ ഡംപിംഗ് നടക്കാന്‍ പോകുന്നത്. ഇത് ആഭ്യന്തര ഉത്പാദകരെ പിന്നോട്ടടിപ്പിക്കും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കാകട്ടെ അമേരിക്കയിലേക്ക് ചെല്ലാന്‍ നിയന്ത്രണങ്ങള്‍ വരികയും ചെയ്യും. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം യാഥാര്‍ഥ്യമാണെന്നും അതില്‍ ഇടപെടാന്‍ ഒരുക്കമാണെന്നും ട്രംപ് പ്രഖ്യാപിച്ചതും മോദി ഒരക്ഷരം ഉരിയാടാതെ കേട്ടു നിന്നു. ഉഭയകക്ഷി പ്രശ്നമാണ് എല്ലാ അതിര്‍ത്തി തര്‍ക്കങ്ങളുമെന്നും പുറത്ത് നിന്നുള്ളവര്‍ ഇടപെടേണ്ടതില്ലെന്നുമുള്ള ദീര്‍ഘകാല നയമാണ് വാഷിംഗ്ടണില്‍ പൊളിഞ്ഞത്.

റഷ്യയുമായുള്ള എണ്ണ ഇടപാടില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. എഫ് 35 വിമാനങ്ങള്‍ ഇന്ത്യക്ക് വില്‍ക്കുന്നതടക്കം വമ്പന്‍ പ്രതിരോധ ഇടപാടിനും ഈ കൂടിക്കാഴ്ച വഴിയൊരുക്കി. എല്ലാം ‘ഗ്രേറ്റ് പ്രണ്ടി’ന് ഗുണം ചെയ്യുന്ന ഇടപാടുകള്‍. യു എസുമായുള്ള ഇന്ത്യന്‍ വ്യാപാര മൂല്യം 2030ഓടെ 500 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്തുമെന്നാണ് മോദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. 2024ലെ കണക്ക് പ്രകാരം ഇത് 129.2 ബില്യണ്‍ മാത്രമാണ്. ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ 45.7 ബില്യണ്‍ ഡോളറിന്റെ കമ്മിയുണ്ടെന്ന് ട്രംപ് എടുത്തു പറഞ്ഞിട്ടുണ്ട്. ഈ കമ്മി കുറയ്ക്കാന്‍ ട്രംപ് കരുക്കള്‍ നീക്കും. ഇന്ത്യയുടെ വ്യാപാര മോഹങ്ങള്‍ വെറും മോഹമായി ഒടുങ്ങുകയും ട്രംപിന്റെ നീക്കങ്ങള്‍ പ്രയോഗത്തില്‍ വരികയും ചെയ്യും. ഡോളറിന് പകരം പൊതു കറന്‍സി എന്ന ആശയം മുന്നോട്ടുവെച്ചതിന് ബ്രിക്സ് കൂട്ടായ്മയെ രൂക്ഷമായ ഭാഷയില്‍ ശകാരിച്ചയാളാണ് ട്രംപ്. ബ്രിക്സിലെ സജീവ അംഗമായ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ ശക്തമായ പ്രതികരണം നടത്താന്‍ സാധിച്ചില്ല.

നാട്ടില്‍ പത്രക്കാര്‍ക്ക് മുമ്പില്‍ ചോദ്യങ്ങള്‍ നേരിട്ട് ശീലമില്ല പ്രധാനമന്ത്രിക്ക്. നേരത്തേ തയ്യാറാക്കിയ പൈങ്കിളി ചോദ്യങ്ങള്‍ ചോദിച്ച് സുഖിപ്പിക്കുന്ന അഭിമുഖക്കാരെ മാത്രമേ അദ്ദേഹം കണ്ടിട്ടുള്ളൂ. പക്ഷേ, വൈറ്റ് ഹൗസില്‍ സ്ഥിതി അങ്ങനെയല്ല. ചാട്ടുളി ചോദ്യങ്ങള്‍ക്ക് മുന്നില്‍ പുളയാനായിരുന്നു മോദിയുടെ ഗതി. മോദിയുടെ ഉറ്റസുഹൃത്ത് ഗൗതം അദാനിയെക്കുറിച്ചുള്ള ഒറ്റച്ചോദ്യം മതിയായിരുന്നു ‘ശക്തനായ പ്രധാനമന്ത്രി’യെ വിയര്‍പ്പില്‍ കുളിപ്പിക്കാന്‍. സോളാര്‍ പാനല്‍ വെക്കുന്നതിനുള്ള കരാര്‍ നേടാനായി അദാനിയുടെ കമ്പനി 25 കോടി ഡോളര്‍ കൈക്കൂലി നല്‍കിയതായി കണ്ടെത്തിയതിന് അമേരിക്കയിലെ ജസ്റ്റിസ് ആന്‍ഡ് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് കമ്മീഷന്‍ കേസെടുത്തിരുന്നു. ഇക്കാര്യം ചര്‍ച്ചയില്‍ വിഷയമായോ എന്നായിരുന്നു ചോദ്യം. ചോദ്യത്തോടുള്ള അമര്‍ഷം മുഖത്ത് നിന്ന് മായ്ക്കാന്‍ മോദി പാടുപെട്ടു. വ്യക്തികളുടെ കാര്യങ്ങളല്ല ഞങ്ങള്‍ സംസാരിച്ചതെന്ന ദുര്‍ബലമായ മറുപടിയാണ് മോദി നല്‍കിയത്. അദാനിക്കെതിരായ യു എസ് നിയമ നടപടിയില്‍ വെള്ളം ചേര്‍ക്കാന്‍ മോദിയുടെ വിശ്വസ്ത ഇടനിലക്കാര്‍ ട്രംപ് ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട് എന്ന് അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു വാര്‍ത്താ ലേഖകന്റെ ചോദ്യം.

‘ബ്രോമാന്‍സ്’ എന്നാണ് ചില മാധ്യമങ്ങള്‍ ട്രംപ്- മോദി ബന്ധത്തെ വിശേഷിപ്പിക്കുന്നത്. ശരിയായിരിക്കാം. ഈ നേതാക്കള്‍ തമ്മില്‍ പ്രണയാതുരമായ ബന്ധം തന്നെയുണ്ടാകാം. ‘മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (മാഗാ)’ എന്ന് ട്രംപ് മുദ്രാവാക്യം വിളിക്കുമ്പോള്‍ ‘മേക് ഇന്ത്യാ ഗ്രേറ്റ് എഗെയ്ന്‍ (മിഗാ)’ എന്ന് മോദി പാരഡി പാടുന്നു. രണ്ടും ചേര്‍ന്നാല്‍ അതൊരു ‘മെഗാ’ ചരിത്രമാകുമെന്നും പറയുന്നു. നഴ്സറി നിലവാരത്തിലുള്ള ഈ അക്ഷരക്കളിയില്‍ നിന്ന് ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് എന്ത് ഗുണമാണ് കിട്ടാന്‍ പോകുന്നത്. ഗതികേടു കൊണ്ട് അമേരിക്കയില്‍ പോകേണ്ടി വന്ന ഞങ്ങളുടെ സഹപൗരന്‍മാര്‍ക്ക് മാന്യമായ തിരിച്ചുവരവെങ്കിലും സാധ്യമാകുമോ?

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest