Connect with us

International

പ്രധാനമന്ത്രി മോദി സിംഗപ്പൂർ പ്രധാനമന്ത്രി വോംഗുമായി കൂടിക്കാഴ്ച നടത്തി; സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിന് ധാരണ

ചർച്ചകൾക്ക് ശേഷം ഇരുനേതാക്കളും നാല് ധാരണാപത്രങ്ങൾ കൈമാറി

Published

|

Last Updated

സിംഗപ്പൂർ | സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക് ഉയർത്തുവാൻ ഇരുവരും തമ്മിൽ ധാരണയായി. വോംഗിൻ്റെ ക്ഷണപ്രകാരമാണ് മോദി രണ്ട് ദിവസത്തെ സന്ദർശനത്തിന് സിംഗപ്പൂരിലെത്തിയത്. വോംഗുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി സിംഗപ്പൂർ പാർലമെൻ്റ് ഹൗസിൽ മോദിക്ക് ചുവന്ന പരവതാനി വിരിച്ച് സ്വീകരണം നൽകി. അവിടെയുള്ള സന്ദർശക പുസ്തകത്തിലും പ്രധാനമന്ത്രി ഒപ്പിട്ടു.

ബന്ധങ്ങളിൽ ഒരു പുതിയ അധ്യായം എഴുതപ്പെട്ടുവെന്നും നരേന്ദ്ര മോദി – വോംഗ് കൂടിക്കാഴ്ചയിൽ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം സ്ഥാപിക്കപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ കൂടിക്കാഴ്ചയ്ക്ക് ശേഷം എക്‌സിൽ കുറിച്ചു. നൂതന ഉൽപ്പാദനം, കണക്റ്റിവിറ്റി, ഡിജിറ്റലൈസേഷൻ, ഹെൽത്ത് കെയർ & മെഡിസിൻ, നൈപുണ്യ വികസനം, സുസ്ഥിരത എന്നീ മേഖലകൾ ഉൾക്കൊള്ളുന്ന ഉഭയകക്ഷി ബന്ധത്തിൻ്റെ വിവിധ വശങ്ങൾ അവർ വിപുലമായി അവലോകനം ചെയ്തതായും അദ്ദേഹം പറഞ്ഞു.

വോംഗ് പ്രധാനമന്ത്രിയായി അധികാരമേറ്റ് മാസങ്ങൾക്ക് ശേഷമാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ച. ചർച്ചകൾക്ക് ശേഷം ഇരുനേതാക്കളും നാല് ധാരണാപത്രങ്ങൾ കൈമാറി. തുടർന്ന് രാഷ്ട്രപതി തർമൻ ഷൺമുഖരത്നത്തെയും പ്രധാനമന്ത്രി മോദി സന്ദർശിക്കും. മുതിർന്ന മന്ത്രി ലീ സിയാൻ ലൂംഗിനെയും എമിരിറ്റസ് സീനിയർ മന്ത്രി ഗോ ചോക് ടോംഗിനെയും അദ്ദേഹം സന്ദർശിക്കും. ലീ മോദിക്ക് ഉച്ചഭക്ഷണം നൽകും. സിംഗപ്പൂരിലെ വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും. സെമി കണ്ടക്ടർ നിർമാണ കേന്ദ്രം മോദിയും വോംഗും സന്ദർശിക്കും.

ബ്രൂണെ സന്ദർശനത്തിന് ശേഷം മോദി ബുധനാഴ്ചയാണ് സിംഗപ്പൂരിലേക്ക് പോയത്. ഇവിടെയെത്തിയ അദ്ദേഹത്തിന് ഇന്ത്യൻ സമൂഹം ഊഷ്മളമായ സ്വീകരണം നൽകി.

Latest