National
ജാതി സെന്‍സസ് നടത്താന്‍ പ്രധാനമന്ത്രി തയ്യാറല്ല; രാഹുല്‍ ഗാന്ധി
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബിഹാറില്‍ നടന്നതിന് സമാനമായ ജാതി സെന്‍സസ് നടത്തുമെന്ന് രാഹുള്‍ ഗാന്ധി
റായ്പൂര്‍| ഒ.ബി.സി വിഭാഗത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ജാതി സെന്‍സസ് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറല്ലെന്ന് രാഹുല്‍ ഗാന്ധി. ആദിവാസി എന്നതിന് പകരം വനവാസി എന്ന വാക്ക് ഉപയോഗിക്കുന്നതിന് രാഹുല്‍ ബി.ജെ.പിയെ വിമര്‍ശിച്ചു. ഛത്തീസ്ഗഡിലെ അംബികാപൂര്‍ മണ്ഡലത്തിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രി സ്വയം ഒ.ബി.സി നേതാവാണെന്നാണ് പറയുന്നത്. എന്നാല്‍ സര്‍ക്കാറിന്റെ സാമ്പത്തിക സാമൂഹിക ആനുകൂല്യങ്ങള്‍ ഒ.ബി.സിക്ക് ലഭ്യമാകുന്ന ജാതി സെന്‍സസ് നടത്തുന്നതില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബിഹാറില്‍ നടന്നതിന് സമാനമായ ജാതി സെന്‍സസ് നടത്തുമെന്ന് രാഹുള്‍ ഗാന്ധി വാഗ്ദാനം ചെയ്തു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയാല്‍ ദേശീയ തലത്തിലും ജാതി സെന്‍സസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.