Connect with us

National

പ്രധാനമന്ത്രി നാളെ യുഎഇയിലേക്ക്; അബൂദബിയിൽ നിർമിച്ച ക്ഷേത്രം ഉദ്ഘാടനം ചെയ്യും

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും

Published

|

Last Updated

യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും (ഫയൽ ചിത്രം)

ന്യൂഡൽഹി | രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യു എ ഇയിൽ എത്തും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരു നേതാക്കളും രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള വഴികൾ ചർച്ച ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്യും.

യുഎഇ വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ദുബായിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടി 2024ൽ അദ്ദേഹം വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.

അബൂദബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ത (BAPS) മന്ദിറിന്റെ ഉദ്ഘാടനം മോദി നിർവഹിക്കും. അബുദാബിയിലെ സായിദ് സ്‌പോർട്‌സ് സിറ്റിയിൽ നടക്കുന്ന പരിപാടിയിൽ യുഎഇയിലെ ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

2015ന് ശേഷം പ്രധാനമന്ത്രി മോദിയുടെ ഏഴാമത്തെയും കഴിഞ്ഞ എട്ട് മാസത്തിനിടെ മൂന്നാമത്തെയും യുഎഇ സന്ദർശനമാണിത്.