Connect with us

Kerala

മുഖ്യമന്ത്രി ലീഗിന് മേല്‍ ഫ്രസ്ട്രേഷന്‍ തീര്‍ക്കുകയാണെന്ന് പി എം എ സലാം

അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോടെന്ന രീതിയിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ ലീഗിനെ വിമര്‍ശിക്കുന്നതെന്നും പി എം എ സലാം

Published

|

Last Updated

മലപ്പുറം | മുഖ്യമന്ത്രി ലീഗിന് മേല്‍ ഫ്രസ്ട്രേഷന്‍ തീര്‍ക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം. ലീഗിന്റെ മുഖത്തിന്റെ കാര്യം അന്വേഷിക്കും മുമ്പ് പാര്‍ട്ടിക്കകത്തും സംസ്ഥാനത്തിനകത്തും പൊതുസമൂഹത്തിലുമുള്ള മുഖ്യമന്ത്രിയുടെ മുഖത്തിന്റെ അവസ്ഥ എന്താണെന്ന് അദ്ദേഹം പരിശോധിച്ചാല്‍ ഗുണം ചെയ്യുമെന്നും പിഎംഎ സലാം പറഞ്ഞു.

ഭരിക്കാനറിയാത്തവര്‍ക്ക് ഭരണം കിട്ടിയതിന്റെ ആഘാതമാണ് ജനങ്ങള്‍ നല്‍കിയത്. അതിന് ലീഗിന്റെ മേല്‍ കയറിയിട്ട് കാര്യമില്ല. അതി ദയനീയമായ പരാജയം മുഖ്യന്ത്രിയുടെയും സിപിഐഎമ്മിന്റെയും മുഖം വികൃതമാക്കി. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോടെന്ന രീതിയിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ ലീഗിനെ വിമര്‍ശിക്കുന്നതെന്നും പി എം എ സലാം മലപ്പുറത്ത് പറഞ്ഞു.

ഇത്തരമൊരു അവസ്ഥയിലെത്തിയതിന് മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടും സഹതാപമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥികളെയെങ്കിലും നിര്‍ത്തണമായിരുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് ചന്ദ്രിക ദിനപത്രം മുഖപ്രസംഗമെഴുതി.
‘മുണ്ടുടുത്ത മോദി’യാണ് മുഖ്യമന്ത്രിയെന്നാണ് ചന്ദ്രിക എഡിറ്റോറിയലിലിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. വീണ്ടും തോറ്റാല്‍ പാര്‍ട്ടിയെ കാണാന്‍ മ്യൂസിയത്തില്‍ പോകേണ്ടിവരുമെന്നും മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു.

ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലീഗിന്റെ മുഖം എസ്ഡിപിഐയുടേയും ജമാ അത്തെ ഇസ്ലാമിയുടേതുമായി മാറിയിരിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. കോഴിക്കോട് കടപ്പുറത്ത് നടന്ന എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ലീഗ് വിമര്‍ശനം.

 

Latest