Kerala
പി എന്‍ ബി തട്ടിപ്പ്; പ്രതി എം പി റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി
ബേങ്കിലെ ചില ഉദ്യോഗസ്ഥരും കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും ഒത്തുകളിച്ചാണ് പണം തിരിമറി നടത്തിയതെന്ന് റിജില്‍
കോഴിക്കോട് | കോഴിക്കോട് കോര്‍പ്പറേഷന് പഞ്ചാബ് നാഷണല്‍ ബേങ്കിലുള്ള അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ കേസില്‍ പ്രതി എം പി റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. കേസില്‍ അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച്, റിജില്‍ അവസാനം ജോലി ചെയ്ത പി എന്‍ ബി എരഞ്ഞിപ്പാലം ശാഖയിലും പരിശോധന നടത്തിയിരുന്നു.
റിജില്‍ പി എന്‍ ബിയുടെ ലിങ്ക് റോഡ് ബ്രാഞ്ച് മാനേജരായിരിക്കെ തുടങ്ങിയ തട്ടിപ്പ് സ്ഥലംമാറ്റം ലഭിച്ച് എരഞ്ഞിപ്പാലം ശാഖാ മാനേജരായ ശേഷവും നടത്തിയതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ബേങ്കിലെ ചില ഉദ്യോഗസ്ഥരും കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും ഒത്തുകളിച്ചാണ് പണം തിരിമറി നടത്തിയതെന്ന് റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു.
ആകെ 21.6 കോടി രൂപയുടെ തിരിമറി നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 12.68 കോടി രൂപയാണ് കോര്‍പറേഷനും ഒമ്പത് സ്വകാര്യ വ്യക്തികള്‍ക്കുമായി നഷ്ടമായത്. കോര്‍പറേഷന് 2.53 കോടി രൂപ ബേങ്ക് തിരികെ നല്‍കി. ബാക്കി തുക ഉടന്‍ മടക്കി നല്‍കുമെന്നും ബേങ്ക് അധികൃതര്‍ കോര്‍പറേഷനെ അറിയിച്ചിട്ടുണ്ട്.