International
കുട്ടികള്‍ക്കിടയില്‍ ന്യുമോണിയക്ക് സമാനമായ രോഗവ്യാപനം; വ്യക്തമാക്കി ചൈന
ചൈനയില്‍ അസാധാരണമായയോ പുതിയതോ ആയ അണുബാധയുടെ സാന്നിധ്യമില്ലെന്ന് വ്യക്തമാക്കിയതായി ലോകാരോഗ്യസംഘടനയും പ്രസ്താവന പുറത്തിറക്കി.

ബെയ്ജിങ്| ന്യുമോണിയയുമായി സാമ്യമുള്ള അജ്ഞാതരോഗം ചൈനയിലെ കുട്ടികള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്ന വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ സ്ഥിരീകരണവുമായി ചൈന രംഗത്ത്. പുതിയ രോഗവ്യാപനത്തിനു പിന്നില്‍ അസാധാരണമായ സാഹചര്യമോ പുതിയ രോഗകാരികളോ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചൈന.
രോഗം സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാന്‍ ചൈനയോട് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൈന വിശദീകരണവുമായെത്തിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കയതിനു പിന്നാലെയാണ് ശ്വാസകോശരോഗങ്ങളുടെ കാര്യത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കൂടാതെ കുട്ടികളെ ബാധിക്കുന്ന മൈകോപ്ലാസ്മ ന്യുമോണിയ എന്ന സാധാരണ ബാക്ടീരിയല്‍ അണുബാധയുടെ വ്യാപനവും കാരണമാണെന്നും മേയ് മുതല്‍ അതുകണ്ടുവരുന്നുണ്ടെന്നും ചൈന വ്യക്തമാക്കുന്നു.
ചില ഘട്ടങ്ങളില്‍ ഈ ബാക്ടീരിയ ഗുരുതരമായ ശ്വാസകോശ അണുബാധയ്ക്ക് ഇടയാക്കുകയും ചെയ്യാം. ഇന്‍ഫ്‌ലുവന്‍സ രോഗങ്ങളും ആര്‍.എസ്.വി.(ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന
respiratory syncytial virsu)യും ഒക്ടോബര്‍ മുതല്‍ പടരുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ചൈനയിലെ സര്‍ക്കാര്‍ മാധ്യമമായ സിന്‍ഹുവാ വാര്‍ത്താ ഏജന്‍സിയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. രോഗനിര്‍ണയത്തിന്റെ കാര്യവും കുട്ടികളുടെ ആരോഗ്യസംരക്ഷണവും നിരീക്ഷിച്ചു വരികയാണെന്നും ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനിലെ അധികൃതരും വ്യക്തമാക്കി.
ഇതിനുപിന്നാലെ ചൈനയില്‍ അസാധാരണമായയോ പുതിയതോ ആയ അണുബാധയുടെ സാന്നിധ്യമില്ലെന്ന് വ്യക്തമാക്കിയതായി ലോകാരോഗ്യസംഘടനയും പ്രസ്താവന പുറത്തിറക്കി. ലോകാരോഗ്യസംഘടന നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരുന്നുണ്ടെന്നും ചൈനയിലെ ആരോഗ്യപ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. രോഗം കൂടുതല്‍ പടരുന്നത് തടയാന്‍ അവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്.